തിരുവനന്തപുരം: കോവളത്തെ വോട്ടിംഗ് യന്ത്രത്തകരാര്‍ സംബന്ധിച്ച് ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തകരാര്‍ കണ്ടെത്തുന്നതു വരെയുള്ള വോട്ടുകളുടെ കാര്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. മഴപെയ്തതിനാല്‍ ചില തകരാറുകള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് സുഗമമായാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചില സ്ഥലങ്ങളില്‍ മഴ പെയ്ത് ഈര്‍പ്പം കയറിയതിനാല്‍ ചെറിയ തകരാറുകള്‍ പ്രതീക്ഷിച്ചിരുന്നു. നല്ല പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടിങ് നല്ല നിലയില്‍ പുരോഗമിക്കുന്നു എന്നാണ ഇത് കാണിക്കുന്നത്. തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഗൗരവമായ വിഷയമാണ്. അങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രാഥമികമായ റിപ്പോര്‍ട്ടില്‍ യാതൊരു കുഴപ്പവുമില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.

കോവളത്തേയും ചേര്‍ത്തലയിലേയും ബൂത്തുകളിലാണ് കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ താമരക്ക് പോവുന്നതായി പരാതി ഉയര്‍ന്നത്. ഇരു ബൂത്തുകളിലും പ്രതിഷേധത്തെ തുടര്‍ന്ന് മെഷീനുകള്‍ മാറ്റി വോട്ടിങ് തുടരുകയാണ്.