കോഴിക്കോട്: ചെരുപ്പ് മാറിയിട്ടെന്ന കാരണത്താല്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ ആദിവാസി വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മര്‍ദ്ദനമേറ്റതായി പരാതി. കൂടരഞ്ഞി സെന്റ് സെബാസ്റ്റിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ആക്രമണം നേരിട്ടത്. ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നു.
മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ സഹോദരന്റെ സുഹൃത്താണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെ വിദ്യാര്‍ത്ഥി സഹോദരനെ കാണാനായി വീട്ടിലെത്തിയ സമയത്തായിരുന്നു സംഭവം. ആ സമയത്ത് ചെരുപ്പ് മാറിയിട്ടെന്നാരോപിച്ചാണ് ആക്രമണം ഉണ്ടായത്. മര്‍ദ്ദനത്തില്‍ കുട്ടിക്ക് നെഞ്ചിലും മുഖത്തും പരുക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ അമ്മ തിരുവമ്പാടി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.