ഗുജറാത്തില്‍ അമ്മയ്‌ക്കൊപ്പം നടന്നുപോവുകയായിരുന്ന ബാലനെ പുലി കടിച്ചുകൊന്നു. ഇന്ന് രാവിലെയാണ് സംഭവം. ഗുജറാത്തിലെ അംറേലി ജില്ലിയിലെ ഗോപാല്‍ഗ്രാം ഗ്രാമത്തില്‍ കര്‍ഷകത്തൊഴിലാളിയുടെ മകനായ അഞ്ച് വയസുകാരന്‍ സാഹില്‍ കതാരയാണ് മരിച്ചത്. ആക്രമണത്തിന് പിന്നാലെ പുലിയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്ഥലത്ത് വനംവകുപ്പ് സംഘം പരിശോധന നടത്തുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്ത് മൂന്ന് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാവിലെ ഒമ്പതോടെ, മാതാവിന്റെ കൂടെ പോവുകയായിരുന്നു കുട്ടി. സാഹില്‍ പിന്നിലായതോടെ അടുത്തുള്ള പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന പുലി ചാടിപ്പിടിക്കുകയും വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നെന്ന് ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സെര്‍വേറ്റര്‍ പ്രതാപ് ചന്ദു പറഞ്ഞു.
ഏറെ നേരം നീണ്ട തിരച്ചിലിനൊടുവില്‍ ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച് ബോധരഹിതനായി കിടക്കുന്ന കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.