Connect with us

kerala

ലോറിയിലെ തടികെട്ടിയ കയര്‍ കണ്ടെത്തി; അര്‍ജുനായി അവസാനവട്ട തിരച്ചില്‍; ഡ്രഡ്ജര്‍ എത്തിക്കാന്‍ ശ്രമം

നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ തന്റെ ലോറിയുടേത് അല്ലെന്ന് മനാഫ് പറഞ്ഞു.

Published

on

ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്‍ ഒാടിച്ച ലോറിയില്‍ തടി കെട്ടിയ കയര്‍ കണ്ടെത്തി. നേവി നടത്തിയ തിരച്ചിലിലാണ് കയര്‍ കണ്ടെത്തിയത്. കയര്‍ തന്റെ ലോറിയിലേതാണെന്ന് ഉടമ മനാഫും സ്ഥിരീകരിച്ചു. എന്നാല്‍ നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ തന്റെ ലോറിയുടേത് അല്ലെന്ന് മനാഫ് പറഞ്ഞു. അത് ഒലിച്ചുപോയ ടാങ്കറിന്റെതാകാമെന്നാണ് മനാഫ് പറയുന്നത്. തിരച്ചിലില്‍ കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ചിത്രങ്ങള്‍ നേവി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

കാണാതായ അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ താത്കാലികമായി ഇന്നവസാനിപ്പിക്കും. പത്തിലേറെ തവണ ഈശ്വര്‍ മാല്‍പേ പുഴയിലിറങ്ങി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേവി സംഘവും പുഴയില്‍ ഇറങ്ങി പരിശോധന തുടരുകയാണ്. അടിത്തട്ടിലെ മണ്ണ് തിരച്ചിലില്‍ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. തിരച്ചിലില്‍ ഇതുവരെ ശുഭ സൂചനങ്ങള്‍ ഒന്നുമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നാളെ തിരച്ചില്‍ ഉണ്ടാവില്ല. തിരച്ചില്‍ മറ്റന്നാള്‍ പുനരാരംഭിക്കും.

പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയില്‍ മുങ്ങിയുള്ള തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സൈല്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട തിരച്ചില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമാകുന്നുവെന്നും ഈശ്വര്‍ മാല്‍പേ പ്രതികരിച്ചു. അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയുടെ അടിത്തട്ടില്‍ പരിശോധന നടത്താനാകില്ലെന്നും ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയെന്നും എംഎല്‍എ പറഞ്ഞു. പുഴയിലെ മണ്ണ് നീക്കാതെയുള്ള തിരച്ചില്‍ പ്രായോഗികമല്ലെന്നും മണ്ണും മരങ്ങളും നീക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് പറഞ്ഞു.

അതേസമയം, തിരച്ചിലില്‍ ലോറിയുടേതെന്ന് കരുതുന്ന കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രാവിലെ 8.50 നു തുടങ്ങിയ തിരിച്ചിലില്‍ സ്‌ക്രൂ പിന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അത് അര്‍ജുന്‍ ഓടിച്ച ലോറിയുടേതായിരുന്നില്ല.

ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കട ഉടമ അടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്. അര്‍ജുന് പുറമെ കര്‍ണാടക സ്വദേശികളായ ജഗന്നാഥ്, ലോകേഷ് എന്നിവരെയും കാണാതായിട്ടുണ്ട്.

kerala

നിവിന്‍ പോളിക്കെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു

പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തുന്നുണ്ട്

Published

on

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നു. ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യുവതിയേയും ഭർത്താവിനേയും അന്വേഷണ സംഘം വിളിച്ചുവരുത്തിയത്. പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തുന്നുണ്ട്.

ദുബായിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്ന ദിവസം നിവിൻ കേരളത്തിലുണ്ടായിരുന്നെന്ന് വാദത്തെപ്പറ്റി പൊലീസ് അന്വേഷിക്കട്ടേയെന്ന് യുവതി പറഞ്ഞു. ദുബായിൽ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.

പീഡനം നടന്നുവെന്ന് യുവതി പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും വിനീത് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കൊച്ചിയില്‍ വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു തങ്ങളെന്നും വിനീത് പറഞ്ഞു. കൂടെയുണ്ടായിരുന്നതിന് തെളിവായി ചിത്രീകരണ ദിവസത്തെ ഫോട്ടോകളും വിനീത് ശ്രീനിവാസന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നു.

പിന്നാലെയാണ് തനിക്കെതിരായ വ്യാജ പീഡന പരാതിയില്‍ അന്വേഷണം വേണമെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളി പരാതി നല്‍കിയത്. ഡിജിപിക്കും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനുമാണ് നിവിന്‍ പരാതി നല്‍കിയത്.

Continue Reading

kerala

ആർഎസ്എസ് നേതാവ് റാം മാധവിനെയും അജിത് കുമാർ കണ്ടു; കൂടിക്കാഴ്ച കോവളത്തെ ഹോട്ടലിൽ വച്ച്

2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച

Published

on

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച റിപ്പോര്‍ട്ട്. രണ്ട് തവണ കൂടിക്കാഴ്ച നടന്നുവെന്നും തിരുവനന്തപുരത്തെ കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് റിപ്പോര്‍ട്ട്. തിരുവന്തപുരത്ത് നടന്ന ആര്‍എസ്എസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിരം.

2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തൃശൂരിൽവച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ അജിത് കുമാർ സന്ദർശിച്ചതിന് ഇടനിലക്കാരനായി പ്രവർത്തിച്ചതും കൈമനം ജയകുമാറാണ്. ദത്താത്രേയയുമായി കൂടിക്കാഴ്ച നടത്തിയത് എഡിജിപിയും ബിജെപി നേതൃത്വവും സമ്മതിച്ചതിനു പിന്നാലെയാണ് റാം മാധവുമായുള്ള കൂടിക്കാഴ്ച വിവരവും പുറത്തുവരുന്നത്.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളില്‍ തൃശ്ശൂരും ഗുരുവായൂരിലുമായി അജിത്ത് കുമാര്‍ സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റാം മാധവുമായി എഡിജിപി സ്ഥാനത്തുള്ള എംആര്‍ അജിത് കുമാര്‍ എന്തിനാണ് പലതവണ കൂടിക്കാഴ്ച നടത്തിയതെന്ന ചോദ്യമാണ് ഉയരുന്നത്.

Continue Reading

kerala

മാമി തിരോധാനക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

പ്രത്യേക അന്വേഷണം സംഘം ഒരു വർഷം അന്വേഷിച്ചിട്ടും യാതൊരു തുമ്പും കണ്ടെത്താൻ സാധിക്കാത്ത കേസാണ് ഒടുവിൽ ക്രൈംബ്രാഞ്ചിന് വിട്ടത്

Published

on

കോഴിക്കോട്∙ റിയൽ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന പൊലീസ് മേധാവി ഇതു സംബന്ധിച്ച് ഉത്തരവിറക്കി. തിരോധാനക്കേസ് അന്വേഷണ സംഘത്തലവനായ മലപ്പുറം എസ്പി എസ്.ശശിധരൻ, കേസ് സിബിഐക്ക് കൈമാറാമെന്ന് കഴിഞ്ഞ ദിവസം ഡിജിപിക്ക് ശുപാർശ നൽകിയിരുന്നു.

ക്രൈംബ്രാഞ്ച് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് മകൾ പറഞ്ഞു. സിബിഐ അന്വേഷണമാണ് കുടുംബം ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നീതി കിട്ടുമെന്നാണ് പ്രതീക്ഷ. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ഇടപെടലുകൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും നീതി കിട്ടിയില്ലെങ്കിൽ വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും മകൾ പറഞ്ഞു.

പ്രത്യേക അന്വേഷണം സംഘം ഒരു വർഷം അന്വേഷിച്ചിട്ടും യാതൊരു തുമ്പും കണ്ടെത്താൻ സാധിക്കാത്ത കേസാണ് ഒടുവിൽ ക്രൈംബ്രാഞ്ചിന് വിട്ടത്. പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം നടത്താനുള്ള നിർദേശമാണ് ക്രൈംബ്രാഞ്ച് എഡിജിപിക്ക് നൽകിയിരിക്കുന്നത്. മാമിയുടെ തിരോധാനം സിബിഐ അല്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു.

Continue Reading

Trending