ന്യൂഡല്‍ഹി: വാര്‍ത്തകളെക്കാളുപരി വിവാദങ്ങളിലൂടെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നയാളാണ് ടൈംസ് നൗ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. പാനലിസ്റ്റുകളോട് തട്ടിക്കയറിയും ദേശ്യപ്പെട്ടും നാടകീയത വരുത്തുന്ന അര്‍ണബ് സ്റ്റൈല്‍ ചര്‍ച്ച പലതവണ മാധ്യമ പ്രവര്‍ത്തകരുടെയടക്കം കടുത്ത വിമര്‍ശങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് കലാകാരന്‍മാരെ ഇന്ത്യയില്‍ നിന്ന് വിലക്കണമെന്നായിരുന്നു കഴിഞ്ഞ വാരം ന്യൂസ് അവറില്‍ അര്‍ണബിന്റെ ആവശ്യം. എന്നാല്‍, അര്‍ണബിന്റെ നിലപാടിനോട് വിയോജിച്ച് ചാനല്‍ ഉടമ വിനീത് ജെയ്ന്‍ തന്നെ രംഗത്തെത്തിയത് ഗോസ്വാമിക്ക് നാണക്കേടായി.

ടൈംസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറായ വിനീത് ജെയ്ന്‍ പാക് കലാകാരന്‍മാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. പാക് ജനതയോടല്ല, തീവ്രവാദികളോടാണ് നമ്മുടെ പോരാട്ടമെന്ന് വിനീത് ജെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു. ‘പാക് കലാകാരന്‍മാരെ പിന്തുണക്കുന്നതിലൂടെ നാം പുരോഗമന, സഹിഷ്ണുത രാജ്യമാണെന്ന് ലോകത്തിന് മുന്നില്‍ തെളിയിയിക്കാനാവുമെന്നും ജെയ്ന്‍ തുടര്‍ന്നു.

നേരത്തെ തന്നെ പാക് കലാകാരന്‍മാരെ വിലക്കണമെന്ന കാമ്പയിനോട് ജെയ്ന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ നാം തീവ്രവാദികള്‍ക്കെതിരാണ്, എന്നാല്‍ പാക് ജനതക്കെതിരെയല്ല എന്ന് തെളിയിക്കാനായി. ഇത് ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് നല്ല ഗുണം ചെയ്യും. പാക് കലാകാരന്‍മാരെ തീവ്രവാദികളായി കാണരുതെന്നും ജെയ്ന്‍ പറഞ്ഞു.