തക്കാളിപ്പനി പ്രധാനമായും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ ബാധിക്കുന്ന വൈറല്‍ അസുഖമാണ്. തക്കാളിപ്പനി ബാധിച്ചാല്‍ കൈകളിലും കാലുകളിലും വായിലും തക്കാളിക്ക് സമാനമായ ചുവന്ന, വേദനാജനകമായ കുമിളകള്‍ ഉണ്ടാകുന്നു. പനി, നിര്‍ജ്ജലീകരണം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളും കാണിക്കാം. ഇത് വളരെ എളുപ്പത്തില്‍ പടരുന്നതാണ്. ശുചിത്വം പാലിക്കുക, ജലാംശം നിലനിര്‍ത്തുക, രോഗം പടരാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.
മിക്കവാറും കേസുകളില്‍ കോക്‌സാക്കി വൈറസ് എന്ന വൈറസാണ് ഇതിന് കാരണമാകുന്നത്. ഇത് സാധാരണയായി കണ്ടുവരുന്ന കൈ-കാല്‍-വായ് രോഗത്തിന്റെ വകഭേദമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതൊരു പകര്‍ച്ചവ്യാധിയാണ്. രോഗബാധിതരായ കുട്ടികളുടെ സ്പര്‍ശനത്തിലൂടെയോ, അവര്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയിലൂടെയോ വൈറസ് മറ്റുള്ളവരിലേക്ക് പടരാം.
ഡെങ്കിപ്പനിയോ ചിക്കുന്‍ഗുനിയയോ ബാധിച്ച കുട്ടികളില്‍ അതിന്റെ ആഫ്റ്റര്‍ ഇഫക്ട് ആയി ഇത്തരം ചുവന്ന കുരുക്കള്‍ വരാന്‍ സാധ്യതയുണ്ട്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ പ്രതിരോധശേഷി കുറവായതിനാലാണ് വൈറസ് ബാധ അവരെ പെട്ടെന്ന് ബാധിക്കുന്നത്. തക്കാളിപ്പനിക്ക് പ്രത്യേക മരുന്നുകളില്ല, ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയാണ് നല്‍കുന്നത്. അതിനാല്‍ പനി കണ്ടാലുടന്‍ സ്വയം ചികിത്സ ഒഴിവാക്കി ഒരു ഡോക്ടറുടെ നിര്‍ദേശം തേടേണ്ടതാണ്.
പ്രധാന ലക്ഷണങ്ങള്‍ ചുവന്ന കുമിളകള്‍: തക്കാളി പോലെയുള്ള തിണര്‍പ്പും കുമിളകളും ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്നു.
പനി: ഉയര്‍ന്ന പനി ഉണ്ടാകാം
നിര്‍ജ്ജലീകരണം: ശരീരത്തില്‍ ജലാംശം കുറയുന്നു
ക്ഷീണം: കടുത്ത ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടുന്നു
കൈകാല്‍ വേദന: കൈകളിലും കാലുകളിലും വേദനയും തടിപ്പും ഉണ്ടാകാം
മറ്റ് ലക്ഷണങ്ങള്‍: വയറുവേദന, ഛര്‍ദ്ദി, ചുമ, ജലദോഷം എന്നിവയും കാണിക്കാം
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഐസൊലേഷന്‍: കുട്ടിക്ക് രോഗമുണ്ടെന്ന് കണ്ടാല്‍ മറ്റു കുട്ടികളുമായി ഇടപഴകാന്‍ അനുവദിക്കരുത്. ഒരാഴ്ചയെങ്കിലും വിശ്രമം നല്‍കണം.
ശുചിത്വം: കുട്ടിയുടെ വസ്ത്രങ്ങളും പാത്രങ്ങളും വെവ്വേറെ സൂക്ഷിക്കുക. കുമിളകളില്‍ ചൊറിയാന്‍ അനുവദിക്കരുത്.
ധാരാളം വെള്ളം കുടിക്കുക: ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം നല്‍കുക.
കുളിപ്പിക്കുമ്പോള്‍: ഇളം ചൂടുവെള്ളത്തില്‍ കുളിപ്പിക്കുന്നത് ചര്‍മത്തിലെ അസ്വസ്ഥതകള്‍ കുറക്കാന്‍ സഹായിക്കും.