പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര്‍ക്കു വാജിവാഹനം കൈമാറിയത് ദേവസ്വം ബോര്‍ഡ് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് റിപ്പോര്‍ട്ട്. 2012ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ പുറത്തിറക്കിയ ഉത്തരവാണ് ഇതോടെ ലംഘിക്കപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.
പുതിയ വസ്തുക്കള്‍ സ്ഥാപിക്കുമ്പോള്‍ പഴയവ പൊതു സ്വത്തായി സൂക്ഷിക്കണമെന്നും, ക്ഷേത്രങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ സ്വകാര്യമായി കൈവശപ്പെടുത്താന്‍ ആരും അവകാശവാനല്ലെന്നും 2012ലെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡ് 2017ല്‍ വാജിവാഹനം തന്ത്രിക്ക് കൈമാറിയത്. ഇതോടെ അന്നത്തെ ഭരണസമിതിയും അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് സൂചന.
പൂജയുടെ ഭാഗമായി ഏതെങ്കിലും സാധനങ്ങള്‍ മാറ്റേണ്ട സാഹചര്യം ഉണ്ടായാലും അവ ദേവസ്വത്തിന്റെ സ്വത്തായി തുടരണമെന്നതാണ് ഉത്തരവിലെ നിര്‍ദേശം. ഇത് ശബരിമലയ്ക്ക് മാത്രമല്ല, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണ്. 2012ല്‍ ഈ ഉത്തരവ് എല്ലാ ദേവസ്വം ഓഫിസുകളിലേക്കും സര്‍ക്കുലറായി അയച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന ദേവസ്വം ബോര്‍ഡ് നിലപാട് തന്ത്രി സമാജം തള്ളി. തന്ത്രി സമുച്ചയത്തിലെ വ്യവസ്ഥകള്‍ പ്രകാരം വാജിവാഹനം തന്ത്രിയുടെ അവകാശമാണെന്നും, തന്ത്രി കണ്ഠര് രാജീവര്‍ക്കു വാജിവാഹനം നല്‍കിയത് ദേവസ്വം ബോര്‍ഡാണെന്നും തന്ത്രി സമാജം വ്യക്തമാക്കി. മോഷണം പോയെന്ന പരാതിയില്ലെന്നും, ഇത് തന്ത്രി സമൂഹത്തെ അപമാനിക്കാനുള്ള ശ്രമമാണെന്നും യോഗക്ഷേമ സഭ പ്രസിഡന്റ് അഡ്വ. പി.എന്‍.ഡി. നമ്പൂതിരി ആരോപിച്ചു.
ദേവസ്വം ബോര്‍ഡിന് ആചാരപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്നും, തന്ത്രിമാരെ ശബരിമലയില്‍ നിന്ന് മാറ്റാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും തന്ത്രി സംഘടനകള്‍ ആരോപിക്കുന്നു.