ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ ഉജ്ജയിനിലെ മഹാകാലേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകനായ സീതാന്‍ഷു കൊടക് എന്നിവരോടൊപ്പമാണ് ഗംഭീര്‍ ക്ഷേത്രത്തിലെത്തിയത്. ഇരുവരും ഭസ്മ ആരതിയില്‍ പങ്കെടുത്തു.
രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് തോറ്റതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 11ന് സമനിലയിലാണ്. ഇന്‍ഡോറില്‍ ഞായറാഴ്ച നടക്കുന്ന മൂന്നാം ഏകദിനം തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഗംഭീറിന്റെ പരിശീലക സ്ഥാനത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും തുടര്‍ന്ന് നടന്ന ഏകദിന, ടി20 പരമ്പരകള്‍ സ്വന്തമാക്കി ഇന്ത്യ ശക്തമായി തിരിച്ചെത്തിയിരുന്നു. അതിന് പിന്നാലെയാണ് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര ആരംഭിച്ചത്.
ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ അടക്കമുള്ള പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ന്യൂസിലന്‍ഡ് പരമ്പര കളിക്കുന്നത്. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീം അവസാന മത്സരം തോറ്റ് പരമ്പര കൈവിട്ടാല്‍ അത് ഗംഭീറിന് വലിയ തിരിച്ചടിയായേക്കും. ഏകദിന പരമ്പരയ്ക്ക് പിന്നാലെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്. ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനായില്ലെങ്കില്‍ ഗംഭീറിന്റെ പരിശീലക സ്ഥാനത്തിന് ഭീഷണി ഉയരുമെന്ന വിലയിരുത്തലുകളും ശക്തമാണ്.