News

കൊല്ലം കായിക വിദ്യാര്‍ത്ഥിനികളുടെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് ഒളിമ്പ്യന്‍ അനില്‍ കുമാര്‍

By webdesk17

January 16, 2026

കൊല്ലം: കൊല്ലത്തെ സായി സ്‌പോര്‍ട്സ് ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഒളിമ്പ്യന്‍ അനില്‍ കുമാര്‍. കുട്ടികള്‍ വെറുതെ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് സമീപിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും, അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും അനില്‍ കുമാര്‍ വ്യക്തമാക്കി. സായി സ്‌പോര്‍ട്സ് സ്‌കൂളിലെ സെന്‍ട്രല്‍ ഇന്‍ചാര്‍ജ് കുട്ടികളോട് മോശമായി പെരുമാറുന്നുവെന്നും, സെന്‍ട്രല്‍ ഇന്‍ചാര്‍ജിന്റെയും കേരള റീജിയണ്‍ ഇന്‍ചാര്‍ജിന്റെയും നടപടികളാണ് താന്‍ സായിയിലെ ജോലി വിട്ടതിനു കാരണമെന്നും അദ്ദേഹം ആരോപിച്ചു.

സ്റ്റാഫിനെതിരേ കൂടുതല്‍ പരാതികള്‍ നിലവിലുണ്ടെന്നും മുന്‍പ് ഒരു സ്റ്റാഫ് അംഗം ആത്മഹത്യ ചെയ്തതും പീഡനം മൂലമാണെന്ന ആരോപണവും അനില്‍ കുമാര്‍ ഉന്നയിച്ചു. കുട്ടികള്‍ക്ക് രൂക്ഷമായ അധിക്ഷേപം നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ സാന്ദ്രയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വൈഷ്ണവിയും സായി സ്‌പോര്‍ട്സ് ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ച വിദ്യാര്‍ത്ഥിനികള്‍. രാവിലെ അഞ്ചുമണിയോടെ പരിശീലനത്തിന് പോകാനായി വാര്‍ഡനും മറ്റു വിദ്യാര്‍ത്ഥികളും മുറിയില്‍ തട്ടി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്നപ്പോഴാണ് മുറിക്കുള്ളിലെ ഫാനുകളില്‍ തൂങ്ങി മരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.