ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ പശുവിന്റെ പേരില്‍ മുസ്‌ലിം യുവാവിനെ ഹിന്ദുത്വ വാദികള്‍ തല്ലിക്കൊന്നു. അസ്തിയക്കാരനായ ഷെയ്ഖ് മകന്ദര്‍ മുഹമ്മദ് (35) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ ഇയാളെക്കൊണ്ട് നിര്‍ബന്ധിതമായി ‘ജയ് ശ്രീറാം’ വിളിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ബുധനാഴ്ചയായിരുന്നു സംഭവം. കന്നുകാലികളെ കൊണ്ടുപോവുകയായിരുന്ന പിക്കപ്പ് വാനിലെ സഹായിയായിരുന്നു മകന്ദര്‍ മുഹമ്മദ്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് ക്രൂരമായി മര്‍ദ്ദനമേറ്റ മകന്ദറിന്റെ വായയില്‍ നിന്നും മുഖത്തുനിന്നും രക്തം വാര്‍ന്നൊലിക്കുന്നത് വീഡിയോയില്‍ കാണാം.
മര്‍ദ്ദനത്തിനിടയില്‍ അക്രമി സംഘം ഇയാളോട് ‘ജയ് ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെടുകയും, മകന്ദര്‍ അത് വിളിച്ചിട്ടും വീണ്ടും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ പിക്കപ്പ് വാന്‍ ഡ്രൈവര്‍ നിലവില്‍ ചികിത്സയിലാണ്. മകന്ദര്‍ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.