News

വളവില്‍ ബസിനെ മറികടക്കാന്‍ ശ്രമിച്ചു; എതിരെ വന്ന ബസിടിച്ച് യുവാവിന് ദാരുണാന്ത്യം

By Manya

January 27, 2026

ബെംഗളൂരു: വളവില്‍ വെച്ച് ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസിടിച്ച് യുവാവിന് ദാരുണാന്ത്യം. സൗക്കൂര്‍ സ്വദേശി വിജയ് (26) ആണ് അപകടത്തില്‍ മരിച്ചത്. കര്‍ണാടകയിലെ കുന്ദാപുരയിലാണ് സംഭവം. തല്ലൂര്‍-നേരലക്കട്ടെ റോഡിലെ അപകടസാധ്യത കൂടുതലുള്ള വളവിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.

സൗക്കൂറിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന വിജയ് അമിതവേഗതയില്‍ മുന്നിലുണ്ടായിരുന്ന ഒരു ബസിനെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് എതിരെ വന്ന മറ്റൊരു ബസുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ വിജയ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.