ലക്‌നോ: ഉത്തരാഖണ്ഡിലെയും ഉത്തര്‍പ്രദേശ് രണ്ടാം ഘട്ടത്തിലേക്കുമുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഉത്തരാഖണ്ഡില്‍ 69 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പ്. വിജയ് ബഹുഗുണയുടെ നേതൃത്വത്തില്‍ നടത്തിയ അട്ടിമറി ജയത്തെ അതിജീവിച്ച മുഖ്യമന്ത്രി ഹരീഷ് റാവത്താണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ ഭിന്നിപ്പ് തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണ് മോദിയും അമിത്ഷായും നേരിട്ട് പ്രചാരണത്തിനിറങ്ങിയത്.

up-voting-story_647_021117063954_021417062357
കനത്ത ശൈത്യം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ മന്ദഗതിയിലാണ് വോട്ടെടുപ്പ്. ഏതാനും ചില കേന്ദ്രങ്ങളില്‍ വോട്ടിങ് മെഷീന്‍ തകരാറിലായതിനെത്തുടര്‍ന്ന് വോട്ടിങ് തടസ്സപ്പെട്ടിരുന്നെങ്കിലും പിന്നീട് പുനരാരംഭിച്ചു. യു.പി രണ്ടാംഘട്ടത്തില്‍ 720 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 1.04 കോടി സ്ത്രീകളുള്‍പ്പെടെ 2.28 കോടി ജനങ്ങളാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ അസം ഖാന്‍, മകന്‍ അബ്ദുല്ല അസം, കോണ്‍ഗ്രസ് മുന്‍ എം.പി സഫര്‍ അലി നഖ്‌വിയുടെ മകന്‍ സെയ്ഫ് അലി നഖ്‌വി, മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ, ബിജെപി നിയമസഭാ കക്ഷി നേതാവ് സുരേഷ്‌കുമാര്‍ ഖന്ന, മന്ത്രി മെഹബൂബ് അലി തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖര്‍.