editorial
കണ്ണാടി തല്ലിയുടച്ചിട്ടെന്ത് കാര്യം
കൈയ്യിലുണ്ടായിരുന്ന പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പറേഷനുമെല്ലാം സുനാമി പോലെ ഒലിച്ചു പോയി.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ മുട്ടില്‍ തീപിടിച്ചത് സി.പി.എമ്മിനും ഇടതു മുന്നണിക്കുമാണ്. കൈയ്യിലുണ്ടായിരുന്ന പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പറേഷനുമെല്ലാം സുനാമി പോലെ ഒലിച്ചു പോയി. തിരഞ്ഞെടുപ്പില്‍ തോല്‍വിയൊക്കെ സാധാരണയാണെങ്കിലും ‘എന്നാലും ഇങ്ങനുണ്ടൊരു തോല്‍വി’ എന്ന സന്ദേശം സിനിമയില്‍ ജയറാം, സഖാവ് കോട്ടപ്പള്ളിയോട് ചോദിക്കുന്ന ചോദ്യമാണ് സി.പി.എമ്മുകാരെ ഏറെ അസ്വസ്ഥരാക്കുന്നത്. സി.പി.എമ്മിനെയും ഇടത് മുന്നണിയേയും തോല്‍പിക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. പക്ഷേ തോറ്റെന്ന് ബോധ്യപ്പെടുത്താന്‍ വലിയ പണിയാണ്.
ഏതാണ്ട് ഹിമാലയം കയറാന്‍ ഇതിലും എളുപ്പമായിരിക്കും. എന്നാലും ക്യാപ്സൂള്‍ ഫാക്ടറി സഖാക്കള്‍ തോറ്റില്ലെന്ന് സമര്‍ത്ഥിക്കാന്‍ ന്യായീകരണം ചമച്ചു കൊണ്ടേ ഇരിക്കും. ഇത്തവണ എന്തായാലും ബി.ജെ.പിക്ക് യു.ഡി.എഫ് സഹായമെന്ന പതിവ് ക്യാപ്സൂള്‍ ഫലിച്ചില്ല. കാരണം സിംപിളായിരുന്നു. മേയറുട്ടി എന്ന് ഓമനപ്പേരൊക്കെ നല്‍കി അഞ്ചു കൊല്ലം ഭരിച്ച് കടലാ സ് സംഘടനയെ കൊണ്ട് അവാര്‍ഡൊക്കെ വാങ്ങി ഗംഭീരമെന്ന് പാര്‍ട്ടി വിലയിരുത്തിയ തിരുവനന്തപുരം കോര്‍പറേഷന്‍ സി.പി.എമ്മില്‍ നിന്നും ബി.ജെ.പി റാഞ്ചി. യു.ഡി.എഫിനും ബി.ജെ.പിക്കും സീറ്റ് കൂടിയപ്പോള്‍ ദോണ്ട കിടക്കുന്നു സഖാക്കളുടെ സീറ്റുകളെല്ലാം കാലി. ക്യാപ്സൂള്‍ സഖാക്കള്‍ തരാതരം വ്യാജന്‍ യമണ്ട സിദ്ധാന്തങ്ങള്‍ അടിച്ചിറക്കുന്ന തിരിക്കിലാണിപ്പോള്‍. ഏണസ്റ്റോ ചെഗുവേരയുടേയും ഫിദല്‍ കാസ്‌ട്രോയുടേയുമൊക്കെ പേരില്‍ അവര്‍ പോലും അറിയാത്ത വചനങ്ങളും ഉദ്ദരണികളുമൊക്കെ ഫിറ്റ് ചെയ്ത് അണ്ടിമുക്ക് സഖാക്കള്‍ മുതല്‍ താത്വികാചാര്യന്‍മാര്‍ വരെ സായൂജ്യമണിയുകയാണ്.
ഏണ സറ്റ് ഹെമിങ് വേയുടെ ഓള്‍ഡ് മാന്‍ ആന്‍ഡ്‌സി എന്ന ബുക്കിലെ കൊല്ലാം തോല്‍പിക്കാനാവില്ലെന്ന ഉദ്ദരണി പണ്ടേ സഖാക്കള്‍ ചെഗുവേരയുടെ ബോര്‍ഡിനൊപ്പം ഫിറ്റ് ചെയ്താണ് ഉപയോഗിക്കുന്നത്. പല സഖാക്കളുടേയും ധാരണ ഇത് ചെഗുവേര പറഞ്ഞതാണെന്നാണ്. സഖാക്കളല്ലെ ബു ദ്ധി 15 കൊല്ലം പിറകിലായതിനാല്‍ വൈകി സൂര്യനുദിക്കു മായിരിക്കും. ഈയിടെ ഫിദല്‍ കാസ്‌ട്രോയും ചെഗുവേര യും തമ്മിലുള്ള സംഭാഷണമാണ് തോറ്റാല്‍ ആദ്യ ക്യാപ് സൂളായി വരുന്നത്. നമ്മള്‍ തോറ്റുപോയാല്‍ എന്ത് ചെയ്യും ഫിദല്‍ കാസ്‌ട്രോയോട് ചെഗുവേര ചോദിച്ചു. പോരാട്ടം തുടരും. അപ്പോള്‍ ജയിച്ചാലോ പോരാട്ടം തുടരും. ഇതാണ് ഇപ്പോള്‍ പ്രമുഖ അന്തങ്ങളുടെ മുഖ്യ ക്യാപ്സൂള്‍. അന്തം സ് പക്ഷേ ഒട്ടിച്ചുനടക്കുന്ന ഈ ഡയലോഗിന്റെ ഉറവിടം ഏതാണെന്ന് ചോദിച്ചാല്‍ എവിടെ നിന്നും കിട്ടില്ല. കാരണം ആന്‍ഡേഴ്സണെപ്പോലുള്ളവര്‍ സമഗ്രമായ ചെഗുവേര ജീവചരിത്രവും എഴുതിയിട്ടും അതിലൊന്നും കണ്ടെത്താത്ത എന്നാല്‍ കേരളത്തിലെ അന്തംസ് മാത്രം കണ്ടെത്തിയ ഡയലോഗ് ആണിത്. ചെഗു, ഫിദല്‍ പണ്ഡിതരായ പ്രമുഖ അന്തംസിനോട് ഇതിന്റെ സോഴ്സ് ചോദിച്ചാല്‍ കോട്ടപ്പള്ളിയു ം കുമരപിള്ളസാറുമൊക്കെ ആവര്‍ത്തിക്കും താത്വികാചാര്യന്‍മാരെ ചോദ്യം ചെയ്യരുത്, പാര്‍ട്ടി ക്ലാസില്‍ സ്ഥിരമായി വരാത്തതിന്റെ പ്രശ്നമാണ് എന്നിങ്ങനെ.
കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്തുന്നതാരാണെന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമേയുള്ളൂ. അത് സി.പി.എമ്മുകാര്‍ തന്നെയാണ്. സി.പി.എമ്മിന് ശക്തിയുണ്ടായിരുന്ന പ്രദേശങ്ങളിലെല്ലാം പിന്നീട് ബി.ജെ.പി വളര്‍ന്നത് സഖാക്കളുടെ കൂട്ടുപിടിച്ചാണ്. നാളെ ബി.ജെ.പിയാകാന്‍ തിരക്കുകൂട്ടുന്ന വരാണ് ഇന്നത്തെ സഖാക്കള്‍. ബംഗാളും ത്രിപുരയുമൊക്കെ ഇതിന്റെ മുന്‍ഗാമികളാണ്. അണികള്‍ ഒന്നടങ്കം ബി. ജെ.പിയിലേക്ക് ഒലിച്ചുപോകാതിരിക്കാനായി ഇപ്പോള്‍ അഭിനവ സ്റ്റാലിനായ കേരള മുഖ്യന്‍ ഇംഗ്ലീഷ് മരുന്ന് കഴിക്കും പോലെ ഒന്നു വീതം മൂന്ന് നേരം വര്‍ഗീയ വിഷം തുപ്പുന്ന വെള്ളാപ്പള്ളിയെ കൊണ്ടുനടക്കുകയാണ്.
അധികാരം നിലനിര്‍ത്താനായി വര്‍ഗീയത ആകാമെന്നാണ് പുതിയ ലൈന്‍. കേന്ദ്രത്തിനും കേരള സര്‍ക്കാറിനുമിടയിലെ പാലമായി ബ്രിട്ടാസ് മാറിയതു പോലെ ബി.ജെ.പിക്കും സി.പി.എ മ്മിനും ഇടയിലെ പ്രമുഖ പാലമാണ് വെള്ളാപള്ളി. കൊണ്ടാലും കൊണ്ടാലും പഠിക്കാത്തതു കൊണ്ടല്ല മുഖ്യന്‍ ഇപ്പോഴും വിഷം ചീറ്റുന്ന വെള്ളാപള്ളിയെ കൊണ്ടു നടക്കുന്നത്. ഇതാണ് ഇ.ഡിയും കേരള സര്‍ക്കാറും തമ്മിലെ ബന്ധത്തിന്റെ ഉദാഹരണം. ഇനിയിപ്പോള്‍ തോറ്റസ്ഥിതിക്ക് ആരുടെ എങ്കിലും തലയില്‍ പഴി കേറ്റണം. ആദ്യം നാടന്‍ പ്ര യോഗവുമായി എം.എം മണി എത്തി. സര്‍ക്കാറിന്‍ന്റെ ആനുകൂല്യം പറ്റി വോട്ടര്‍മാര്‍ പണിപറ്റിച്ചത്രേ!. കേട്ടാല്‍ തോന്നും എ.കെ.ജി സെന്ററിലെ ഫണ്ട് കൊണ്ടാണ് നാട്ടാര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതെന്ന്. മുഖം വികൃതമായതിന് കണ്ണാടി കുത്തിപ്പൊട്ടിച്ചിട്ട് എന്ത് കാര്യം.
പഴയത് പോലെ ഒന്നും ഏശാതായപ്പോഴാണ് സ്വര്‍ണം കട്ട സഖാക്കളെ കുറിച്ചുള്ള പാട്ട് കേട്ടത്. എഴുതിയതും പാടിയതുമൊക്കെ മുസ്ലിംകള്‍. യുറേക്കാ….. കിട്ടിപ്പോയെന്നും പറഞ്ഞ് പിന്നെ വെച്ചടി കയറ്റമായിരുന്നു പാട്ടിന് പിന്നിലെ എല്ലാവര്‍ക്കുമെതിരെ കേസ്. ആരാ കേസെടുക്കാന്‍ നിര്‍ദേശിച്ചത് ആവിഷ്‌കാര സ്വാതന്ത്ര്യം എന്നും പറഞ്ഞ് ഏത് തോന്നിവാസത്തിനും ലൈസന്‍സ് കൊടുക്കുന്ന സി.പി.എ മ്മുകാര്‍. പക്ഷേ വെളുക്കാന്‍ തേച്ചത് പാണ്ടായി നാട്ടാര് മൊത്തം ‘പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ… സ്വര്‍ണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ…’ എന്നങ്ങ് ഏറ്റു പാടി. ഒരു പാട്ടിനെ പോലും പേടിക്കുന്ന സഖാക്കളുടെ അവസ്ഥ കണ്ട് ഈശ്വരാ ദുഷ്ടന്‍മാര്‍ക്ക് പോലും ഈ ഗതി വരുത്തരുതേ എന്ന് യു.ഡി.എഫുകാര്‍ വരെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതോടെ ഇതിഹാസം തീര്‍ത്ത രാജ…യു ടേണ്‍ രാജ രംഗത്തു വന്നു. മറ്റൊരു ക്യാപ്സൂള്‍ കണ്ടെത്തുന്നത് വരെ തല്‍ക്കാലം നടപടിയൊന്നും വേണ്ടെന്നാണ് നിര്‍ദേശം.
എന്നാലും ഇങ്ങനുണ്ടോ ഒരു തോല്‍വി. ഇതിലും വലിയ തോല്‍വി വരാനിരിക്കുന്നതിനാല്‍ ഇനിയിപ്പോള്‍ ഓട്ടച്ചങ്കന്‍ മുതല്‍ ഛോട്ടാ ക്യാപ്സുള്‍ സഖാക്കള്‍ വരെ ന്യൂനപക്ഷ സംഘടനകളുടെ എല്ലാ സ്റ്റേജുകളിലും കയറും. അശ്ലീല പരസ്യങ്ങള്‍ നല്‍കും. ഇതിനായി അന്വേഷണം നേരിടുന്ന വരും അല്ലാത്തവരുമായ മൈലാഞ്ചി കുഞ്ചന്‍മാര്‍ സ്റ്റേജുകളുമായി എത്തും. പക്ഷേ ഒന്നുണ്ട്. വോട്ടര്‍മാരെ മരം കുലുക്കി തള്ളി ഇടാനാവില്ലല്ലോ.
editorial
വി.സി നിയമനത്തിലും ഭായി ഭായി
കൊട്ടും കുരവയുമായി ഇരുകൂട്ടരും ഉറഞ്ഞുതുള്ളിയതെല്ലാം, അഭംഗുരം തുടര്‍ന്നുവരുന്ന അന്തര്‍നാടകത്തിന്റെ ഭാഗമായിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍ പിണറായി സര്‍ക്കാര്‍ ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നോര്‍ത്ത് നിരന്തരം ഞെട്ടേണ്ടിവരുന്നതിന്റെ ജാള്യതയിലാണ് ഓരോ മലയാളിയും ഇന്നുള്ളത്.
ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന് അന്ത്യംകുറിച്ച് വി.സി നിയമനത്തില്‍ ഇരുകൂട്ടരും ഭായി ഭായി ആകുമ്പോള്‍ സി.പി.എം ബി.ജെ.പി അന്തര്‍നാടകത്തിന്റെ മറ്റൊരു എപ്പിസോഡിന്കൂടി സാക്ഷിയാകേണ്ടിവന്നതിന്റെ അന്താളിപ്പിലാണ് കേരള ജനത. കൊട്ടും കുരവയുമായി ഇരുകൂട്ടരും ഉറഞ്ഞുതുള്ളിയതെല്ലാം, അഭംഗുരം തുടര്‍ന്നുവരുന്ന അന്തര്‍നാടകത്തിന്റെ ഭാഗമായിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍ പിണറായി സര്‍ക്കാര്‍ ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നോര്‍ത്ത് നിരന്തരം ഞെട്ടേണ്ടിവരുന്നതിന്റെ ജാള്യതയിലാണ് ഓരോ മലയാളിയും ഇന്നുള്ളത്.
തങ്ങളുടെ സ്വന്തക്കാരെ വി.സി പദവിയില്‍ നിയമിക്കുന്നതിനുവേണ്ടി ഇരുകൂട്ടരുടെയും ഭാഗത്തുനിന്നുണ്ടായത് നാണംകെട്ട ചെയ്തികളായിരുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയെ കുരുതിക്കളമാക്കി, വിദ്യാര്‍ത്ഥികളുടെ ഭാവി ഈ രീതിയില്‍ പന്താടിയത് എന്തിനുവേണ്ടിയായിരു ന്നുവെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമൊക്കെ എന്തുത്തരമാണ് നല്‍കാനുള്ളതെന്നറിയാന്‍ സംസ്ഥാനത്തെ ഓരോ പൗരനും താല്‍പര്യമുണ്ട്. എന്നാല്‍ തന്‍പ്രമാണിത്തവും ധിക്കാരവും ജനങ്ങളെ കബളിപ്പിക്കലുമായിരുന്നുവെന്നല്ലാതെ മറ്റൊരു മറുപടിയും ബന്ധപ്പെ ട്ടവര്‍ക്കില്ലെന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിക്കാന്‍ മുഖ്യമന്ത്രി സമ്മതം അറിയിച്ചപ്പോള്‍ ഡിജിറ്റല്‍ സര്‍വകലാശാല വി.സിയായി സജി ഗോപിനാഥിനെ ഗവര്‍ണറും അംഗീകരിക്കുകയായിരുന്നു. നിയമനം സംബന്ധിച്ച് ലോക്ഭവന്‍ താമസം വിനാ തന്നെ വിജ്ഞാപനവും പുറത്തിറക്കുകയുമുണ്ടായി. തീരുമാനം പരമോന്നത നീതിപീഠത്തെയും അറിയിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നിന് ഗവര്‍ണറെ ക്ഷണിക്കാന്‍ ലോക്ഭവനില്‍ എത്തിയ മുഖ്യമന്ത്രി, ഗവര്‍ണറുമായുള്ള കൂടികാഴ്ചയിലാണ് വി.സി നിയമനത്തില്‍ ധാരണയിലെത്തിയത്. മൂന്ന് വര്‍ഷമായി ഡോ. സിസ തോമസുമായി പോരടിച്ച സര്‍ക്കാര്‍, സിസയുടെ നിയമനത്തില്‍ ഗവര്‍ണറുടെ നിലപാട് അംഗീകരിക്കുകയാണുണ്ടായത്. പകരം ഡിജിറ്റല്‍ സര്‍വകലാശാല വി.സിയായി മുഖ്യമന്ത്രിക്ക് താല്‍പര്യമുള്ള ഡോ. സജി ഗോപിനാഥിനെയും നിയമിച്ചു.
ഇതോടെയാണ് വി.സി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാറും ഗവര്‍ണറും തുടര്‍ന്നുവന്ന നാടകംകളിക്ക് തല്‍ക്കാലത്തേക്ക് തിരശ്ശീല വീണത്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ സര്‍ക്കാറും ഗവര്‍ണറും ധാരണയില്‍ എത്തിയില്ലെങ്കില്‍ സ്വന്തം നിലയില്‍ വി.സിയെ തീരുമാനിക്കുമെന്ന് സുപ്രീം കോടതി താക്കീതു ചെയ്തിരുന്നു. ഇതിനിടെ തന്നെയാണ് കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിന്റെ കാര്യത്തിലും ഒത്തുതീര്‍പ്പുണ്ടായിരിക്കുന്നത്. ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് അനില്‍കുമാറിനെ ശാസ്താംകോട്ട ഡി.ബി കോളജിലേക്ക് പ്രിന്‍സിപ്പലായി തിരികെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി അവസാന നിമിഷം റദ്ദാക്കിയാണ് രജിസ്ട്രാര്‍ വിവാദത്തില്‍ പെട്ടിരുന്നത്.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചത് സര്‍വകലാശാലയുടെ നിബന്ധനകള്‍ക്ക് വിരുദ്ധമാണെന്ന് കാട്ടിയാണ് രജിസ്ട്രാര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചത്. വിഷയത്തില്‍ വി.സി മോഹന്‍ കുന്നുമ്മലിനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും സിന്‍ഡിക്കറ്റിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി രജിസ്ട്രാര്‍ ഗവര്‍ണറോട് അനാദരവ് കാട്ടുകയായിരുന്നുവെന്ന് വി.സി റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വി.സി സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്.
സസ്‌പെന്‍ഷന്‍ നടപടിക്കുപിന്നാലെ ഇടതു വിദ്യാര്‍ത്ഥി സംഘടനകളും സര്‍വകലാശാല സിന്റിക്കേറ്റുമെല്ലാം ചേര്‍ന്ന് യൂണിവേഴ്‌സിറ്റി അങ്കണം കലാപകലുശിതമാക്കിയ നാളുകള്‍ക്കായിരുന്നു തലസ്ഥാന നഗരി സാക്ഷ്യംവഹിച്ചത്. വിദ്യാര്‍ത്ഥികളുടെ പഠനവും പരീക്ഷയും മാത്രമല്ല, സാധാരണ ജനങ്ങളുടെ സൈ്വര്യജീവിതത്തിന്റെ കടക്കല്‍പോലും കത്തിവെച്ചുകൊണ്ടുള്ള ഇടതു സംഘടനകളുടെ ആ നരനായാട്ട് എന്തിനുവേണ്ടിയായിരുന്നുവെന്ന് വ്യക്തമാക്കാന്‍ ഈ ഘട്ടത്തിലെങ്കിലും അവര്‍ തയാറാകേണ്ടതുണ്ട്. ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള ഈ അന്തര്‍നാടകത്തെക്കുറിച്ച് തങ്ങള്‍ക്കറിവുണ്ടായിരുന്നോ, അതോ കഥയറിയാതെ ആട്ടംകാണുകയായിരുന്നോ എന്ന തെങ്കിലും തുറന്നുപറയാനുള്ള ആര്‍ജ്ജവമെങ്കിലും അവര്‍ കാണിക്കേണ്ടിയിരിക്കുന്നു. സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കി തന്നെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് അനില്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഈ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കാ നിരിക്കെയാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ, വി.സി നിയമന വിവാദത്തില്‍ സര്‍ക്കാറും ഗവര്‍ണറും പരസ്പരം ചര്‍ച്ച ചെയ്ത് ധാരണയില്‍ എത്തിയില്ലെങ്കില്‍ സ്വന്തം നിലയില്‍ നിയമനം നടത്തുമെന്ന് സുപ്രീം കോടതി താക്കീതു ചെയ്തിരുന്നു. കോടതി ഇടപെടല്‍ ഇരുകൂട്ടരും തമ്മിലുള്ള കള്ളക്കളി വെളിച്ചത്താവാനിടയാകുമെന്ന ഘട്ടത്തിലാണ് നാണംകെട്ട ഈ ഒത്തുതീര്‍ പ്പുണ്ടായിരിക്കുന്നത്. അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തി മുഖ്യമന്ത്രിയും കേന്ദ്രസര്‍ക്കാറും തമ്മില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒത്തുതീര്‍പ്പിനു പിന്നാലെയാണ് അതേ മാര്‍ഗത്തിലുള്ള ഗവര്‍ണര്‍ മുഖ്യമന്ത്രി ഒത്തുതീര്‍പ്പുമുണ്ടായിരിക്കുന്നത്.
editorial
വജ്രത്തിളക്കത്തിൽ ഹരിത രാഷ്ട്രീയം
ദേശാന്തരങ്ങളില്ലാതെ മലയാള മണ്ണിൽ ഹരിതവർണം പടർന്നു പന്തലിക്കുമ്പോൾ, പൂർവ സൂരികളുടെ സ്വപ്ന ങ്ങൾക്ക് കാലം ചിറക് മുളപ്പിക്കുന്ന കാഴ്ച്ചക്കാണ് ജനാധിപത്യകേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിയുടെ സ്വപ്ന സമാനമായ മുന്നേറ്റത്തിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് കാഴ്ച്ചവെച്ചത് വജ്രശോഭയുള്ള പ്രകടനം. ദേശാന്തരങ്ങളില്ലാതെ മലയാള മണ്ണിൽ ഹരിതവർണം പടർന്നു പന്തലിക്കുമ്പോൾ, പൂർവ സൂരികളുടെ സ്വപ്ന ങ്ങൾക്ക് കാലം ചിറക് മുളപ്പിക്കുന്ന കാഴ്ച്ചക്കാണ് ജനാധിപത്യകേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ത്രിതല പഞ്ചായത്തിൻ്റെ മുഴുവൻ ഘടകങ്ങളിലും, മുഴുവൻ ഇടങ്ങളിലും ഇത്തവണ മുസ്‌ലിംലീഗ് നടത്തിയ മുന്നേറ്റം ചരിത്രത്തിൽ തുല്യതയില്ലാത്ത വിധമാണ്.
വിജയിച്ച തിനൊപ്പം ഘടക കക്ഷികളെ വിജയിപ്പിച്ചതുകൂടി പരിഗണിക്കുമ്പോൾ നേട്ടത്തിൻ്റെ തിളക്കം അക്കങ്ങളിൽ ഒതു ക്കിനിർത്താനാകാത്തത്രയും വൈപുല്യം നിറഞ്ഞതായി മാറുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിനുവേണ്ടി പാർട്ടി നടത്തിയ മുന്നൊരുക്കവും പോരാട്ടവീര്യവും പരിശോധി ക്കുമ്പോൾ തന്നെ, ഈ നേട്ടത്തിനു പിന്നിൽ അലാവുദ്ദീന്റെ അൽഭുതവിളക്കല്ല, കഠിനാദ്ധ്വാനത്തിന്റെ വിയർപ്പാണെന്ന് കൃത്യമായ ബോധ്യപ്പെടാവുന്നതേയുള്ളൂ. ഉന്നത നേതൃത്വംമുതൽ താഴെത്തട്ടുവരെ എണ്ണയിട്ട യെന്ത്രംപോലെയുള്ള പ്രവർത്തനത്തിന് ദിനരാത്രങ്ങളുടെ നൈമിഷി കതയല്ല, വർഷങ്ങളുടെ പഴക്കംതന്നെയുണ്ട്. അത്യുത്തര കേരളത്തിലെ സപ്‌തഭാഷാ സംഗമഭൂമികയായ കാസർകോട് മുതൽ അനന്തപത്മനാഭൻ്റെ മണ്ണായ അനന്തപുരി വരെ പച്ചപ്പതാക ഉയരെ ഉയരെ പാറിപ്പറക്കുമ്പോൾ അതിൽ നിന്ന് പരന്നൊഴുകുന്നത് സമൃദ്ധിയുടെയം വികസ നത്തിന്റെയും മാത്രമല്ല, സ്നേഹത്തിൻ്റെയും സൗഹൃദ ത്തിന്റെയും സുഗന്ധം കൂടിയാണ്.
വാർഡുകളുടെ എണ്ണത്തിൽ 2832 സീറ്റുമായി കോൺഗ്ര സിനും സി.പി.എമ്മിനും തൊട്ടുപിറകിലായി നിലയുറപ്പിച്ച മുസ്ലിംലീഗ് പക്ഷേ മത്സരിച്ച സീറ്റുകളുടെ എണ്ണവും വിജയിച്ച സാരഥികളുടെ കണക്കും പരിശോധിക്കുമ്പോൾ കേരളത്തിലെ ഒന്നാമത്തെ പാർട്ടിയാണെന്ന് നിസംശയം പറയാൻ സാധിക്കും. ജനവിധിയിൽ ഏറ്റവും സങ്കീർണത നിറഞ്ഞത് തദ്ദേശ തിരഞ്ഞെടുപ്പാണ്. വിവിധ തലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് എന്നതിനോടൊപ്പം വിവിധ മേഖലകളും ചർച്ചാവിഷയമാണ് എന്നതാണ് ആസ ങ്കീർണതയുടെ ആധാരം. അതിൽ പൊതുവായ രാഷ്ട്രീ യമുണ്ട്, കക്ഷി രാഷ്ട്രീയമുണ്ട്, പ്രാദേശിക വികസനങ്ങ ളുണ്ട്, ജനസമ്മിതിയുണ്ട്, വ്യക്തിബന്ധങ്ങളുണ്ട്. അങ്ങി നെയുള്ള ഒരു തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഉപരിപ്ലവമായ പ്രചരണ പ്രവർത്തനങ്ങളേക്കാളുപരി രാഷ്ട്രീയ പാർട്ടികളുടെ ആത്യന്തികമായ പ്രവർത്തനങ്ങളും അനു വർത്തിച്ചുപോരുന്ന നിലപാടുകളുമാണ് പ്രധാനം.
എന്നാൽ പ്രവർത്തനങ്ങളിലും നിലപാടുകളിലും മുസ്‌ലിം ലീഗ് പുലർത്തുന്ന സ്‌ഫടിക സമാനമായ തിളക്കമാണ് ഈ പ്രസ്ഥാനത്തെ വീറുറ്റതും വിസ്‌മയകരവുമാക്കിത്തീർ ക്കുന്നത്. കക്ഷി രാഷ്ട്രീയം ചർച്ചചെയ്യപ്പെടുന്ന ജില്ലാ പ ഞ്ചായത്തിലും ജനസമ്മിതിയും വ്യക്തിബന്ധങ്ങളുമെല്ലാം മുഖ്യമായ ഗ്രാമപഞ്ചായത്തുലുമുൾപ്പെടെ പാദാദി കേശമുള്ള ഈ മുന്നേറ്റത്തിന്റെ പ്രഖ്യാപനം മുസ്ലിംലീ ഗ് ജനങ്ങൾ ആഗ്രഹിക്കുന്ന ജനങ്ങളുടെ പ്രസ്താനമാണെന്നതാണ്. ജീവകാരുണ്യ, ആതുര സേവന രംഗങ്ങളിൽ മുസ്ലിംലീഗ് തീർത്തത് ഇന്ത്യൻ രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത മാതൃകയാണ്.
ആലംബഹീനർക്ക് അ ത്താണിയൊരുക്കുന്നതിലോ, വേദനിക്കുന്നവൻ്റെ കണ്ണി രൊപ്പാന്നതിലോ, രോഗികൾക്ക് സാന്ത്വനമൊരുക്കുന്നതിലോ മുസ്ലിംലീഗിന് ലാഭ നഷ്‌ടങ്ങളുടെ കണക്കുപുസ്തകമില്ല. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടത്തിലും കട മ്പകളോ കണക്കുകൂട്ടലുകളോ ലീഗിന് തടസ്സമല്ല. സർവോ പരി നാടിന്റെ സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കു ന്നതിലും സ്ഥാനങ്ങളോ സൗകര്യങ്ങളോ പാർട്ടിയുടെ പരിഗണനാ വിഷയമല്ല.
വികസന രംഗത്തെ കാഴ്ച്ചയും കാഴ്ച്ചപ്പാടും ലീഗ് ബോധ്യപ്പെടുത്തുന്നത് അസഹ്യമായ ശബ്‌ദഘോഷണങ്ങളി ലൂടെയല്ല, അനുഭവങ്ങളുടെ പിൻബലത്തിലാണ്. പ്രസ്ഥാ നം പ്രതിനിധീകരിക്കുന്ന ഇടങ്ങൾതന്നെയാണ് അതിന്റെ നിദർശനം. ചരിത്രപരമായ കാരണങ്ങളാൽ പിന്നോക്ക ത്തിന്റെ കാവടിയേന്തേണ്ടിവന്ന ഒരു ജനതയും ദേശവും കൈവരിച്ച സ്വപ്‌നസമാനമായ പരിവർത്തനത്തിന് പിന്നിൽ ന്യൂനപക്ഷ രാഷട്രീയമല്ലാതെ മറ്റെന്താണെന്ന ചോദ്യം അന്തരീക്ഷത്തിൽ അലയടിച്ചുകൊണ്ടേയിരിക്കുകയാണ്. ജനസമ്മിതിയുടെ കാര്യത്തിലാവട്ടേ ലീഗിന്റെത് വിപ്ലവകരമായ തീരുമാനമാണ്. യുവത്വത്തിന്റെ സാധ്യതക ളെയും ഊർജ്ജസ്വലതയേയും ഇത്രമേൽ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ മറ്റേതെങ്കിലും പാർട്ടികൾക്ക് സാധിച്ചിട്ടുണ്ടോ.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ലീ ഗെടുത്ത തീരുമാനത്തിൻ്റെ വഴിയിൽ ഈ തിരഞ്ഞെടുപ്പ് കാലത്ത് മറ്റുള്ളവർ കാലെടുത്ത് വെക്കുമ്പോഴേക്കും മു സ്ലിംലീഗ് അതേപാദയിൽ ബഹുദൂരം പിന്നിട്ടുകഴിഞ്ഞി രുന്നു. അനുഭവസമ്പത്തിനൊപ്പം യുവത്വത്തിന്റെയും സ മജ്ജസമായ ഈ സമ്മേളനം കൗതുകകരവും എന്നാൽ വിപ്ലവകരവുമായിരുന്നുവെന്ന് കൂടി ഈ ഉജ്വല വിജയം അടിവരയിടുകയാണ്. പുതിയ കാലത്തിൻ്റെ രാഷ്ട്രീയ ത്തെ തിരിച്ചറിഞ്ഞുള്ള ഈ മുന്നേറ്റത്തിൻ്റെ പ്രതിഫലനം കേരളരാഷ്ട്രട്രീയത്തിൽ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും നാൾക്കുനാൾ അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കും.
കേരള പഞ്ചായത്തീരാജ് നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് ഐക്യ ജനാധിപത്യ മുന്നണി ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കരസ്ഥമാക്കിയത്. ആറില്‍ നാലു കോര്‍പറേഷനുകളും മുനിസിപ്പാലിറ്റികളില്‍ 54 എണ്ണവും ജില്ലാ പഞ്ചായത്തുകളില്‍ ഏഴെണ്ണവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 80 എണ്ണവും ഗ്രാമ പഞ്ചായത്തുകളില്‍ 500 എണ്ണവും കൈപ്പിടിയിലൊതുക്കിയപ്പോള്‍ 2020 നെ അപേക്ഷിച്ച് ഇരട്ടിയോളം വരുന്ന നേട്ടമാണിത്. കഴിഞ്ഞ തവണ കണ്ണൂര്‍ കോര്‍പറേഷന്‍ മാത്രമായിരുന്നിടത്താണ് ഇത്തവണ കൊല്ലവും കൊച്ചിയും തൃശൂരും കൂടി യു.ഡി.എഫ് എടുത്തത്. നേരത്തെ എറണാകുളം, മലപ്പുറം, വയനാട് ജില്ലാ പഞ്ചായത്തുകള്‍ മാത്രമാണ് യു.ഡി.എഫിന് ഒപ്പമുണ്ടായിരുന്നത്. അതില്‍ വയനാടിന് നറുക്കെടുപ്പിലൂടെ ഭാഗ്യത്തിന്റെ അകമ്പടികുടിയുണ്ടായിരുന്നെങ്കില്‍ ഇത്തവണ കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നിവകൂടി യു.ഡി.എഫ് ചേര്‍ത്തുവെച്ചിരിക്കുകയാണ്. എന്നാല്‍ എല്‍.ഡി.എഫ് 11 ല്‍ നിന്ന് ഏഴിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 2020ല്‍ 152 ല്‍ 111 ബ്ലോക്ക് പഞ്ചായത്തുകളും വിജയിച്ച എല്‍.ഡി.എഫ് ഇത്തവണ അത് 48 ല്‍ ഒതുങ്ങിയിരിക്കുകയാണ്. ഗ്രാമ പഞ്ചായത്തുകളിലാകട്ടേ, 517 ല്‍ നിന്നാണ് 341 ലേക്കായിരുന്നു അവരുടെ വീഴ്ച്ച.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മുഴങ്ങിയിരിക്കുന്നത് ഭരണമാറ്റത്തിന്റെ കാഹളമാണെന്നതാണ് കള്ളംപറയാത്ത ഈ കണക്കുകള്‍ വിളിച്ചുപറയുന്നത്. ഒമ്പതര വര്‍ഷക്കാലത്തെ ഇടതു ഭരണത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പും മടുപ്പും ഈ ജനവിധിയില്‍ കൃത്യമായി വായിച്ചെടുക്കാവുന്നതാണ്. അധികാര തുടര്‍ച്ചയുടെ അഹങ്കാരത്തില്‍ ധാര്‍ഷ്യവും ധിക്കാരവും കൈമുതലാക്കി ഒരു ഭരണകൂടം മുന്നോട്ടുഗമിക്കുമ്പോള്‍ ഈ സര്‍ക്കാറിനുണ്ടായിരുന്ന ആത്മവിശ്വാസം തിരഞ്ഞെടുപ്പ് കാലത്തെ ഏതാനും പ്രഖ്യാപനങ്ങളിലൂടെ ജനവിധി അട്ടിമറിക്കാമെന്നായിരുന്നു. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കെടുകാര്യസ്ഥതയുടെയുമെല്ലാം മകുടോദഹരണങ്ങളായി മാറിയിരുന്ന ഒന്നാം പിണറായി സര്‍ക്കാര്‍ ഈ ചെപ്പടിവിദ്യ ഫലപ്രദമായി നടപ്പാക്കിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പും ക്ഷേമ പെന്‍ഷന്‍ വര്‍ധന ഉള്‍പ്പെടെയുള്ള ചില ഗിമ്മിക്കുകളുമായി രംഗത്തെത്തിയിരുന്നത്. പാവപ്പെട്ടവന്റെ അവകാശമായ ക്ഷേമ പെന്‍ഷന്‍പോലുള്ള ആനുകുല്യങ്ങളില്‍ ഈ സര്‍ക്കാറിന്റെ ഉദ്ദേശ്യമെന്താണെന്നതിന്റെ നിദര്‍ശനമാണ് മുന്‍മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണി ഇ ന്നലെ നടത്തിയ പ്രസ്താവന, ‘ക്ഷേമ പെന്‍ഷന്‍ വാങ്ങി ശാപ്പാടടിച്ച് നമ്മക്കിട്ട് വെച്ചു’ എന്നായിരുന്നു മണിയുടെ പ്രസ്താവന. എന്നാല്‍ കുബുദ്ധികളുടെ ഉള്ളിലിരിപ്പ് നേരത്തെ തിരിച്ചറിഞ്ഞ ജനം ആ കെണിയില്‍ വീണില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
വികസനത്തിന്റെയും സേവനത്തിന്റെയും പേരിലുള്ള ഈ സര്‍ക്കാറിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരത്തിന്റെ വാറോലകള്‍ ചുരുട്ടിമടക്കി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ ജനം അവരുടെ ദുഷ്ചെയ്തികള്‍ കൃത്യമായി ഓര്‍ത്തെടുത്തതിന്റെ പരിണിതഫലംകൂടിയുണ്ട് ഈ വിധിയെഴുത്തില്‍. പഞ്ചായത്തീരാജ് സംവിധാനത്തിന്റെ അന്തസത്ത ചോര്‍ത്തിക്കളഞ്ഞ് ത്രിതല പഞ്ചായത്തുകളെ നോക്കുകുത്തിയാക്കി മാറ്റുകയും പ്രാദേശിക വികസനപ്രവര്‍ത്തനങ്ങളെ തീര്‍ത്തും ഇല്ലാതാക്കിക്കളഞ്ഞതിന്റെയും ദുരിതം അവര്‍ക്ക് മറക്കാന്‍ കഴിയുമായിരുന്നില്ല. ശബരിമല ശാസ്താവിന്റെ സ്വര്‍ണ മോഷണത്തിലെ പ്രതികളായ പാര്‍ട്ടി നേതാക്കള്‍ ജയിലറകളില്‍ കഴിയുമ്പോള്‍ അവരെ ന്യായീകരിച്ച് രംഗത്തെത്തുന്നതും, അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നതും ജനങ്ങള്‍ക്ക് കാണാതിരിക്കാനാകുമായിരുന്നില്ല. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വലിയ വായില്‍ സംസാരിക്കുമ്പോള്‍ തന്നെ സ്ത്രീപീഡനക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരെയും ആരോപണവിധേയരായവരേയും നിയമസഭയിലും തന്റെ ഓഫീസിലുമൊക്കെയായി ചേര്‍ത്തുപിടിക്കുന്ന ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ കരുതല്‍ സത്രീ സമൂഹത്തിന് ശ്രദ്ധിക്കാതിരിക്കാനുമാകുമായിരുന്നില്ല. സര്‍വോപരി തന്റെയും കുടുംബത്തിന്റെയും പേരിലുള്ള അന്വേഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി പി.എം ശ്രീ ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ നാടിന്റെ സംസ്‌കാരത്തെയും പൈത്യകത്തെയും ഒറ്റുകൊടുക്കുന്നത് നോക്കിനില്‍ക്കാനും മലയാളികള്‍ക്ക് കഴിയുമായിരുന്നില്ല. അടക്കിപ്പിടിച്ച ആ ആത്മരോഷമാണ് യു.ഡി.എഫ് തരംഗമായി ഇന്നലെ സംസ്ഥാനത്ത് പ്രകടമായത്. ഇടതുപക്ഷത്തിന്റെ കുപ്പുകുത്തലിനൊപ്പം ബി.ജെ.പിയുടെ പ്രകടനവും ഈ വിധിയെഴുത്തില്‍ വിലയിരുത്തപ്പെടേണ്ടതാണ്.സി.പി.എം മെലിയുമ്പോള്‍ ബി.ജെ.പി തടിക്കുന്നുവെന്നത് സി.ജെ.പി അന്തര്‍ധാരയുടെ കൃത്യമായ തെളിവാണ്. തിരിച്ചടി മുന്നില്‍ കണ്ട് കോണ്‍ഗ്രസ് വിരുദ്ധതയെന്ന പൊതുതത്വത്തിന്റെ പിന്‍ബലത്തില്‍ രൂപപ്പെടുത്തിയ ഈ അച്ചുതണ്ടിനെ പക്ഷേ, കേരള ജനത തൂത്തെറിഞ്ഞത് യു.ഡി.എഫിന് വന്‍വിജയം നല്‍കിക്കൊണ്ടായിരുന്നുവെന്നതാണ് വാസ്തവം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെയും വി.ഡി സതീശന്റെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തില്‍ ഐക്യമുന്നണിയുടെ അടുത്ത ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പാണ്.
-
kerala3 days agoഎറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം: സിഐക്കെതിരെ ഗുരുതര ആരോപണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
-
kerala3 days agoപാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ചു
-
Auto3 days agoകാർവാർ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽക്കാക്ക; അന്വേഷണം ആരംഭിച്ചു
-
kerala3 days agoകേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു
-
india2 days agoനിഖാബ് വിവാദം: നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
-
india2 days agoധൈര്യമുണ്ടോ മഹാത്മ ഗാന്ധിയെ നോട്ടില്‍ നിന്ന് ഒഴിവാക്കാന്‍; ബിജെപിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍
-
kerala2 days agoകൊല്ലത്ത് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അസ്ഥികുടം കണ്ടെത്തി
-
kerala2 days agoഇതാണോ പിണറായി സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?, ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന്?; രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്
