വിശാഖപട്ടണം: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം വനിതാ ടി20 മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന് അയച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ഓപ്പണർ വിഷ്മി ഗുണരത്നയെ തുടക്കത്തിൽ തന്നെ നഷ്ടമായി. ക്യാപ്റ്റൻ ചാമരി അതപത്തുവിനെ (24 പന്തിൽ 31) സ്നേഹ റാണ മടക്കി. ഹാസിനി പെരേരയും ഹർഷിത സമരവിക്രമയും ചേർന്ന് സ്കോർ മുന്നോട്ടുനീക്കാൻ ശ്രമിച്ചെങ്കിലും ഹാസിനിയെ നല്ലപുറെഡ്ഡി ശ്രീചരണി പുറത്താക്കി ആ കൂട്ടുകെട്ട് പൊളിച്ചു. 32 പന്തിൽ നിന്ന് 33 റൺസെടുത്ത ഹർഷിത സമരവിക്രമയാണ് ശ്രീലങ്കൻ നിരയിലെ ടോപ് സ്കോറർ. ഹർഷിതയെ പിന്നീട് അമൻജോത് കൗർ റൺഔട്ടാക്കി.
ശ്രീലങ്ക 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 128 റൺസിലാണ് ഒതുങ്ങിയത്. ഇന്ത്യക്കായി നല്ലപുറെഡ്ഡി ശ്രീചരണി മൂന്ന് വിക്കറ്റും, വൈഷ്ണവി ശർമയും ക്രാന്തി ഗൗഡും രണ്ട് വിക്കറ്റ് വീതവും നേടി. സ്നേഹ റാണയും അമൻജോത് കൗറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
129 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അനായാസമായാണ് ലക്ഷ്യം മറികടന്നത്. സൂപ്പർ താരം സ്മൃതി മന്ദാനക്ക് രണ്ടാം മത്സരത്തിലും തിളങ്ങാനായില്ല; 11 പന്തിൽ 14 റൺസെടുത്ത താരത്തെ കവിഷാ ദിൽഹരി പുറത്താക്കി. എന്നാൽ ഷെഫാലി വെർമയുടെ തകർപ്പൻ ബാറ്റിംഗ് ഇന്ത്യയുടെ ജയം ഉറപ്പാക്കി. 34 പന്തിൽ നിന്ന് 69 റൺസെടുത്ത ഷെഫാലി അർധസെഞ്ച്വറി നേടി പുറത്താകാതെ നിന്നു.
ജെമീമ റോഡ്രിഗസ് 15 പന്തിൽ 26 റൺസും, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 12 ബോളിൽ 10 റൺസും നേടി. 49 ബോൾ ശേഷിക്കെയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.
പരമ്പരയിലെ അടുത്ത മത്സരം ഡിസംബർ 26ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.