kerala

EMI മുടങ്ങിയതിനെത്തുടര്‍ന്ന് യുവാവിന് ക്രൂരമര്‍ദനം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

By webdesk18

December 27, 2025

കോഴിക്കോട്: ഫോണിന്റെ EMI തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കോഴിക്കോട് താമരശ്ശേരിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാന്‍ (41) ആണ് ആക്രമണത്തിനിരയായത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു താമരശ്ശേരി ചുങ്കം ജംഗ്ഷനില്‍ ബാലുശ്ശേരി റോഡിലെ ആളൊഴിഞ്ഞ പ്രദേശത്ത് സംഭവം നടന്നത്.

കൊടുവള്ളിയിലെ മൊബൈല്‍ ഷോപ്പ് വഴി ടിവിഎസ് ഫൈനാന്‍സിലൂടെയാണ് 36,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ അബ്ദുറഹ്മാന്‍ വാങ്ങിയത്. ഇതിന്റെ മൂന്നാമത്തെ EMI മുടങ്ങിയതിനെ തുടര്‍ന്നാണ് ഭീഷണിയും ആക്രമണവും ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. മറ്റൊരാളുടെ പേരില്‍ ഫോണ്‍ ചെയ്ത് അബ്ദുറഹ്മാനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ സംഘം, അവിടെ എത്തിച്ച ശേഷം ഭീഷണിപ്പെടുത്തുകയും, പ്രതികള്‍ സഞ്ചരിച്ച താര്‍ ജീപ്പിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിക്കുകയും ചെയ്തു.

പ്രതികളുടെ പിടിയില്‍ നിന്ന് കുതറിമാറിയതോടെ അബ്ദുറഹ്മാനെ ദേഹമാസകലം മര്‍ദിച്ചതായാണ് പരാതി. സംഭവത്തില്‍ താമരശ്ശേരി പൊലീസ് മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ ഗൂഢാലോചനയും അനധികൃതമായി പിരിവ് നടത്താനുള്ള ശ്രമവും ഉണ്ടായിട്ടുേണ്ടാ എന്നത് ഉള്‍പ്പെടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.