Connect with us

Views

ലോകത്തിന് ആശങ്ക പരത്തി ട്രംപിന്റെ നയം മാറ്റം

Published

on

കെ. മൊയ്തീന്‍കോയ

മേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നയം മാറ്റം ലോക സമൂഹത്തില്‍ കടുത്ത ആശങ്ക ജനിപ്പിക്കുകയാണ്. ഏറ്റവും ഒടുവില്‍ അഫ്ഗാനിസ്താനില്‍ കടുത്ത ഭീകരരായ ഐ.എസിനെ സഹായിക്കുന്ന സമീപനമാണ് അമേരിക്ക സ്വീകരിക്കുന്നതെന്നുള്ള മുന്‍ പ്രസിഡണ്ട് ഹമീദ് കര്‍സായിയുടെ ആരോപണം നടുക്കത്തോടെയാണ് ലോകം ശ്രവിച്ചത്. അമേരിക്കയുടെ സഹയാത്രികനായി അറിയപ്പെടുന്ന കര്‍സായിയാണ് ഉദാഹരണ സഹിതം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. അതേസമയം സിറിയന്‍ നയത്തിലും നിലപാട് മാറ്റം പ്രകടമാണ്. പ്രസിഡണ്ട് ബശാറുല്‍ അസദ് ഭരണകൂടത്തിന് എതിരെ പൊരുതുന്ന പ്രതിപക്ഷ സഖ്യസേനയെ സഹായിക്കുന്ന നിലപാടില്‍ നിന്ന് പിറകോട്ട് പോകാനാണ് ട്രംപ് ശ്രമിക്കുന്നത്.

പതിനാറ് വര്‍ഷമായി അഫ്ഗാനിസ്താനില്‍ ഭരണം നിയന്ത്രിക്കുന്ന അമേരിക്ക താലിബാന്‍-അല്‍ഖാഇദ ഭീകരര്‍ക്കെതിരെ നടത്തുന്ന യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെയാണ് കൊടും ഭീകരര്‍ എന്നറിയപ്പെടുന്ന ഐ.എസ് ഗ്രൂപ്പുമായി സഹകരിക്കുന്നുവെന്ന വെളിപ്പെടുത്തല്‍. കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ ഐ.എസ് കേന്ദ്രങ്ങളെ ഒഴിവാക്കിയെന്നും അടുത്ത ദിവസം ഐ.എസ് കേന്ദ്രങ്ങള്‍ മാറ്റിയെന്നും കര്‍സായി ആരോപിക്കുന്നത് നിസ്സാരമല്ല. അഫ്ഗാനില്‍ പ്രവര്‍ത്തിക്കാന്‍ ഐ.എസിനെ അനുവദിക്കുന്നതും വളര്‍ച്ചക്ക് സൗകര്യം ചെയ്യുന്നതും അമേരിക്കയാണെന്നും കര്‍സായി സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുടര്‍ന്ന് പറയുന്നത് തെളിവുകള്‍ നിരത്തിയാണ്. ഈ രഹസ്യ ധാരണക്കെതിരെ രംഗത്ത് വന്ന കര്‍സായി, തന്റെ ഭരണകാലത്ത് അമേരിക്കന്‍-അഫ്ഗാന്‍ സൈന്യങ്ങള്‍ നടത്തിയ മനുഷ്യാവകാശ ലംഘനത്തിന് എതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നത് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടുണ്ട്. താലിബാനും അല്‍ഖാഇദക്കുമെതിരെ ഐ.എസിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് അമേരിക്ക സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നിലെ തന്ത്രം മറ്റൊന്നാവില്ല.

ഭീകരര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് തമ്മിലടിപ്പിക്കുന്ന തന്ത്രത്തിന്റെ ഭാഗമായിട്ടാവണം, ഈ നിലപാട് എന്നാണ് അഫ്ഗാന്‍ രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. 2001-ല്‍ അധിനിവേശത്തിന് ശേഷം അഫ്ഗാന്‍ തകര്‍ന്ന് കഴിഞ്ഞു. ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ഏറ്റവും വലിയ ആണവേതര ബോംബ് വരെ അഫ്ഗാനില്‍ അമേരിക്ക ഉപയോഗിച്ചു. ആണവായുധം കഴിഞ്ഞാല്‍ സംഹാരശേഷി കൂടുതലുള്ള ജി.ബി.യു-43 ബോംബ് ആണ് ‘ബോംബുകളുടെ മാതാവ്’ എന്നറിയപ്പെടുന്നത്. ഇത്തരം സംഹാരായുധം അഫ്ഗാനില്‍ ഉപയോഗിക്കുന്നതിനെയും കര്‍സായി എതിര്‍ക്കുന്നുണ്ട്. നിഷ്ഠൂരമായ പുതിയ ആയുധം ഉപയോഗിച്ച് അഫ്ഗാനെ പരീക്ഷണ ഭൂമിയാക്കരുതെന്നാണ് കര്‍സായി ആവശ്യപ്പെടുന്നത്.

അഫ്ഗാനില്‍ സമ്പൂര്‍ണമായി എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ കുടുതല്‍ സൈനികരെ വിന്യസിക്കാന്‍ ട്രംപ് ഭരണകൂടം പരിഗണിച്ച് വരികയാണ്. 13,500 സൈനികര്‍ ഇപ്പോഴുണ്ട്. 3500 കൂടി എത്തിക്കാനാണ് ശ്രമം. 2001-ല്‍ 1.30 ലക്ഷം സൈനികരാണുണ്ടായിരുന്നത്. ഒബാമ ഭരണകൂടത്തിന്റെ അവസാന നാളുകളില്‍ ഇപ്പോഴത്തെ സ്ഥിതിയിലേക്ക് കുറച്ച് കൊണ്ടുവന്നതാണ്. 16 വര്‍ഷം പിന്നിടുമ്പോഴും അഫ്ഗാനിന്റെ 40 ശതമാനം ഭൂമിയില്‍ താലിബാന്‍ തന്നെ ആധിപത്യം പുലര്‍ത്തുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നതാണ്.

അഫ്ഗാനില്‍ ഐ.എസിനെ സഹായിക്കുന്ന സമീപനത്തിലേക്ക് അമേരിക്ക നയം മാറ്റുമ്പോള്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ കീഴ്‌മേല്‍ മറിയും. അമേരിക്കന്‍ സഹായത്തോടെ അഫ്ഗാന്‍ പ്രസിഡണ്ടായ ഹമീദ് കര്‍സായി വിരുദ്ധ ചേരിയിലേക്ക് നീങ്ങുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് പുതിയ നീക്കം. പ്രസിഡണ്ട് അശ്‌റഫ് ഗനിയുമായും ചീഫ് എക്‌സിക്യൂട്ടീവ് ഡോ. അബ്ദുല്ല അബ്ദുല്ലയോടും കടുത്ത വിയോജിപ്പ് പുലര്‍ത്തുന്ന ഹമീദ് കര്‍സായി രാഷ്ട്രാന്തരീയ വേദികളില്‍ അറിയപ്പെടുന്ന അഫ്ഗാന്‍ നേതാവാണ്. കര്‍സായിയുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കപ്പെടും. ഐ.എസുമായുള്ള ട്രംപ് ഭരണകൂടത്തിന്റെ രഹസ്യ ധാരണക്കെതിരെ കൂടുതല്‍ പേര്‍ രംഗത്ത് വരാനും സാധ്യതയുണ്ട്.

അതേസമയം സിറിയയില്‍ ആറ് വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ പ്രസിഡണ്ട് ബശാറുല്‍ അസദിന് എതിരെ രംഗത്ത് വന്ന അമേരിക്ക പ്രതിപക്ഷ സഖ്യസേനയെ സൈനികമായി സഹായിച്ച് വരികയാണ്. ഏഷ്യ-പസഫിക് ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ എത്തിയ ട്രംപ്, ബശാറുല്‍ അസദിനെ സഹായിക്കുന്ന റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡ്മിര്‍ പുട്ടിനുമായി നടത്തിയ ചര്‍ച്ചയിലാണ് നയം മാറ്റുന്ന സൂചന നല്‍കുന്നത്. അമേരിക്കയുടെയും റഷ്യയുടെയും ശക്തമായ വ്യോമാക്രമണം സിറിയയെ തകര്‍ത്ത് കൊണ്ടിരിക്കുകയാണ്. ‘സൈനിക പരിഹാരമല്ല, രാഷ്ട്രീയ പരിഹാരം അനിവാര്യ’മെന്ന് ട്രംപും പുട്ടിനും സംയുക്ത പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇരു രാഷ്ട്രങ്ങളുടെയും നയംമാറ്റം സ്വാഗതം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഭരണഘടന പരിഷ്‌കരിച്ച് യു.എന്‍ നിയന്ത്രണത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് ബശാറുല്‍ അസദ് അനുകൂലമാണെന്ന് പുട്ടിന്‍ വിവരിക്കുന്നുണ്ട്. ആറ് ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ട യുദ്ധത്തെ തുടര്‍ന്ന് ജനസംഖ്യയില്‍ പകുതിയോളം അഭയാര്‍ത്ഥികളായി അന്യ നാടുകളില്‍ കഴിയുന്നു. ആഭ്യന്തര യുദ്ധത്തിനിടെ രാജ്യത്തിന്റെ വലിയൊരു ഭാഗം കയ്യടക്കിയ ഐ.എസിനെ നേരിടാന്‍ എല്ലാവര്‍ക്കും യോജിക്കേണ്ടിയും വന്നു. ഐ.എസിന്റെ നിയന്ത്രണത്തിലുള്ള 95 ശതമാനം പ്രദേശവും തിരിച്ച് പിടിക്കാന്‍ ഇതുവഴി കഴിഞ്ഞിട്ടുണ്ട്. പ്രതിപക്ഷ സഖ്യത്തിന് (സുന്നി വിഭാഗം) പിന്തുണ നല്‍കുന്ന തുര്‍ക്കിയുടെ നിലപാടും സിറിയയില്‍ സമാധാനം തിരിച്ച് കൊണ്ടുവരാന്‍ സഹായകമാവും. ഏറ്റവും ഒടുവില്‍ തുര്‍ക്കി പ്രസിഡണ്ട് ഉറുദുഗാനും റഷ്യന്‍ പ്രസിഡണ്ട് പുട്ടിനും നടത്തിയ കൂടിക്കാഴ്ചയും ശ്രദ്ധേയമാണ്. സിറിയയില്‍ നിന്ന് അമേരിക്കയും റഷ്യയും സൈന്യത്തെ പിന്‍വലിക്കണമെന്നാണ് ഉറുദുഗാന്‍ ആവശ്യപ്പെടുന്നത്.

റഷ്യന്‍ നഗരമായ സോച്ചിയില്‍ വെച്ച് സിറിയന്‍ പ്രശ്‌നത്തില്‍ ഇരു നേതാക്കളും നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ച ഫലപ്രദമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കിര്‍ഗിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ സിറിയന്‍ സമാധാന സമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചിരുത്താന്‍ തുര്‍ക്കിക്കും റഷ്യക്കും സാധിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണിപ്പോഴത്തെ നീക്കവും. ശിയാ വിഭാഗക്കാരനായ അസദിന്റെ ഭരണകൂടം തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുമ്പോഴാണ് റഷ്യ സൈനികമായി സഹായത്തിന് എത്തിയത്. ഇറാന്‍ സഹായവും അസദിന് താങ്ങായി. ശിയാ ഗ്രൂപ്പായ ഹിസ്ബുല്ലയും സിറിയന്‍ സേനയോടൊപ്പം പോരാട്ടത്തിന് എത്തി. തുര്‍ക്കിയുടെ നയതന്ത്രമാണ് കൂടുതല്‍ രക്തചൊരിച്ചില്‍ ഒഴിവാക്കാനും വെടിനിര്‍ത്തലിനും സഹായിച്ചത്. പാശ്ചാത്യ ശക്തികള്‍ക്കെതിരായ റഷ്യന്‍ നീക്കത്തിന് ഒരു കേന്ദ്രം മാത്രമാണ് സിറിയ.

അഫ്ഗാനിലെ അമേരിക്കന്‍ നയം മാറ്റം ആശങ്ക ജനിപ്പിക്കുന്നതാണെങ്കിലും അമേരിക്ക പ്രതീക്ഷക്ക് വക നല്‍കുന്നു. അമേരിക്കയും റഷ്യയും സൈനിക പിന്മാറ്റത്തിന് തയാറാവുകയും യു.എന്‍ നിയന്ത്രണത്തില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങുകയും ഉണ്ടായാല്‍ സിറിയയിലെ സംഘര്‍ഷം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അഫ്ഗാനില്‍ ഭീകരതക്ക് വളം നല്‍കുന്ന നിലപാട് കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് ആ രാജ്യത്തെ എത്തിക്കുക.

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending