അസഹിഷ്ണുതക്കെതിരെ നേരിന്റെ മാര്‍ഗത്തില്‍ പോരാടുക: ഡോ. കഫീല്‍ ഖാന്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിച്ച സംവാദത്തില്‍ ഡോ: കഫീല്‍ ഖാന്‍ സംസാരിക്കുന്നു

കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ നേരിന്റെ മാര്‍ഗത്തില്‍ പോരാടണമെന്ന് ഉത്തര്‍പ്രദേശ് ഗൊരക്പൂരിലെ ആസ്പത്രിയില്‍ ഓക്‌സിജനെത്തിച്ച് ജീവന്‍ രക്ഷിച്ചതിന് ഭരണകൂടം തടവറയില്‍ തള്ളിയ ഡോ: കഫീല്‍ ഖാന്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞുങ്ങള്‍ക്ക് ജീവന്റെ ഓക്‌സിജന്‍ നല്‍കിയതിന് യു.പി സര്‍ക്കാര്‍ അകാരണമായി ജയിലില്‍ അടച്ച് ഒമ്പത് മാസത്തിന് ശേഷം പുറത്തിറങ്ങിയ ഡോക്ടര്‍ ഖഫീല്‍ഖാനെ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ ഏറെ സന്തോഷത്തോടെയാണ് എതിരേറ്റത്. ചടങ്ങില്‍ ഡോ: ആഖില്‍ അധ്യക്ഷത വഹിച്ചു. കോളജ് യൂണിയന്‍ ചെയര്‍മാന്‍ അലി സയ്യാദ് പൂച്ചെണ്ടുകള്‍ നല്‍കി. ഡോ: എം.പി. ജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ആര്‍.ബിശ്വാസ്, രാഹുല്‍ രാജീവ്, ഷോണ്‍ തോമസ് സംസാരിച്ചു.