തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

കോട്ടയം: കടുത്തുരുത്തി പൂഴിക്കോലില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. പൂഴിക്കുന്നേല്‍ അനീഷ്-രേണുക ദമ്പതികളുടെ മകളാണ് മരിച്ചത്.

രാവിലെ ഒന്‍പതോടെ കുഞ്ഞിനെ കട്ടിലില്‍ കിടത്തി അമ്മ പാലുകൊടുക്കുന്നതിനിടെയാണ് സംഭവം. കുഞ്ഞു പാലുകുടിക്കുന്നതിനിടെ അമ്മ ഉറങ്ങിപ്പോയി. തുടര്‍ന്ന് കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് മനസിലാക്കിയാണ് മാതാവ് ഉണര്‍ന്നത്.

ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടന്‍ തന്നെ കടുത്തുരുത്തിയിലെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് മുട്ടുചിറയിലെ ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയൂ എന്ന് പൊലീസ് അറിയിച്ചു.

SHARE