‘വിശദീകരണത്തിന് വിളിപ്പിച്ചിട്ട് പറഞ്ഞത് ഇറങ്ങിപ്പോടായെന്നാണ്’; ‘അമ്മ’ വാദങ്ങളെ തള്ളി തിലകന്റെ മകള്‍

‘വിശദീകരണത്തിന് വിളിപ്പിച്ചിട്ട് പറഞ്ഞത് ഇറങ്ങിപ്പോടായെന്നാണ്’; ‘അമ്മ’ വാദങ്ങളെ തള്ളി തിലകന്റെ മകള്‍

തിരുവനന്തപുരം: മലയാള ചലച്ചിത്ര താരസംഘടനയായ അമ്മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ തിലകന്റെ മകള്‍ സോണിയ. സംഘടനയില്‍ നിന്ന് പുറത്താക്കുമ്പോള്‍ നടന്‍ തിലകന്‍ വിശദീകരണം കൊടുത്തില്ലെന്ന് ഭാരവാഹികളുടെ വാദങ്ങളെ തള്ളിയാണ് സോണിയ രംഗത്തുവന്നത്.

അച്ഛന്റെ വിശദീകരണക്കത്ത് താനാണ് അന്നത്തെ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവിന് കൈമാറിയതെന്ന് സോണിയ പറഞ്ഞു. അച്ചടക്ക നടപടിക്ക് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് വിളിച്ചുവരുത്തിയിട്ട് മഹാനടനോട് ഇറങ്ങിപ്പോടായെന്നാണ് പറഞ്ഞതെന്നും സോണിയ പറഞ്ഞു.

സംഘടനയില്‍ നിന്ന് പുറത്താക്കിയതിന്റെ വിഷമം അച്ഛന്‍ പുറത്തു പറഞ്ഞില്ല. നേരത്തെ കരാറായ ഏഴോളം സിനിമകളില്‍ നിന്ന് അച്ഛനെ ഒഴിവാക്കി. ഇന്ത്യന്‍ റുപ്പിയെന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയായിരുന്നു സംഭവങ്ങള്‍. അദ്ദേഹം ഒരുപാട് മാനസിക സംഘര്‍ഷം അനുവഭവിച്ചിട്ടുണ്ട്. സംവിധായകന്‍ രഞ്ജിത്ത് ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തില്‍ വിലക്ക് ലംഘിച്ച് അച്ഛനെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ വലിയ എതിര്‍പ്പാണ് സിനിമാ സംഘടനയില്‍ നിന്ന് ഉണ്ടായത്.

എതിര്‍പ്പിനെത്തുടര്‍ന്ന് ഒരു സിനിമയുടെ ലൊക്കേഷനില്‍ അദ്ദേഹത്തിന് മടങ്ങേണ്ടി വന്നു. ഫെഫ്കയും എതിരായി നിന്നു. വിലക്ക് ലംഘിച്ച് അഭിനയിച്ച ചിത്രം കാണാന്‍ അച്ഛനൊപ്പം താനും പോയിരുന്നു. ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ സന്തോഷം കണ്ടപ്പോള്‍ അദ്ദേഹം ആദ്യ ചിത്രം കാണാന്‍ പോവുകയാണോ എന്നു തോന്നി. സിനിമ ആരംഭിച്ചതിനു ശേഷം പോകാമെന്നാണ് അച്ഛന്‍ പറഞ്ഞത്. ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ ടൗവ്വല്‍ തലയിലിട്ടാണ് തിയേറ്ററിലേക്ക് കടന്നത്. സിനിമയിലെ ഒരു രംഗത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രം അച്ഛന്റെ കഥാപാത്രത്തോടു ചോദിക്കുന്നു. ‘ഇത്രയും നാള്‍ എവിടെയായിരുന്നു?’ ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി.

ആ സീനിലെ അഭിനയത്തിന് പ്രേക്ഷകര്‍ ചൊരിഞ്ഞ ആ അംഗീകാരം തന്നെയും ഏറെ സന്തോഷിപ്പിച്ചു. താന്‍ നോക്കിയപ്പോള്‍ അച്ഛന്‍ തേങ്ങിക്കരയുന്നു. അന്ന് തിലകന്‍ എന്ന പേര് പറയാന്‍ പോലും നടീനടന്മാര്‍ മടിച്ചിരുന്നു. അത്രയ്ക്ക് പേടിയായിരുന്നു സിനിമയിലെ ഫ്യൂഡല്‍ മാടമ്പിമാരെയെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

ഒരു കാലത്ത് തിലകന്‍ അനുഭവിച്ച ആത്മസംഘര്‍ഷത്തിന്റെ പാപഭാരമാണ് സംഘടനയെ വിടാതെ പിന്തുടര്‍ന്ന് നിലവിലെ വിവാദത്തിലേക്ക് എത്തിച്ചത്. 2010ല്‍ സംഘടനയില്‍ നിന്ന് പുറത്താക്കുമ്പോള്‍ അച്ഛന്‍ വിശദീകരണം നല്‍കിയില്ലെന്നാണ് സംഘടനാ ഭാരവാഹികള്‍ പറഞ്ഞത്. എന്നാല്‍ അത് തീര്‍ത്തും തെറ്റാണ്. താനാണ് കത്ത് കൈമാറിയതെന്നും സോണിയ പറഞ്ഞു.

അമ്മയുടെ പ്രവര്‍ത്തനെക്കുറിച്ചും സൂപ്പര്‍താര പദവികള്‍ക്കുമെതിരെ തുറന്നടിച്ചതിനായിരുന്നു തിലകനെ അച്ചടക്കമില്ലായ്മയുടെ പേരില്‍ സസ്‌പെന്റു ചെയ്തു. ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന സിനിമയില്‍ അഡ്വാന്‍സ് നല്‍കിയ ശേഷം ഫെഫ്ക ഇടപ്പെട്ടതിനെത്തുടര്‍ന്ന് തിലകനെ സിനിമയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതിനെതിരെയാണ് തിലകന്‍ പ്രതികരിച്ചത്.

NO COMMENTS

LEAVE A REPLY