ബഗ്ദാദ്: വടക്കന്‍ ഇറഖിലെ കുര്‍ദിഷ് മേഖലകളില്‍ നടന്ന ഹിതപരിശോധനയില്‍ ജനഹിതം സ്വാതന്ത്ര്യത്തിന് അനുകൂലമാണെന്ന് കുര്‍ദിസ്താന്‍ പ്രസിഡന്റ് മസൂദ് ബര്‍സാനി പ്രഖ്യാപിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ തീരുമാനം മാനിക്കണമെന്ന് അദ്ദേഹം ലോകത്തോട് അഭ്യര്‍ത്ഥിച്ചു. കുര്‍ദിഷ് സ്വാതന്ത്ര്യവാദത്തിന് ശക്തിപകരുന്ന ഹിതപരിശോധന ഫലം ഇറാഖ് ഭരണകൂടത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ബര്‍സാനി വിജയപ്രഖ്യാപനം നടത്തിയതിനു പിന്നാലെ കുര്‍ദിസ്താനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഇറാഖ് ഭരണകൂടത്തിന് കൈമാറണമെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഉപരോധം ഉള്‍പ്പെടെ കടുത്ത പ്രതികാര നടപടികള്‍ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി. വിമാനത്താവളങ്ങളുടെ നിയന്ത്രണം കൈമാറാന്‍ വെള്ളിയാഴ്ച മൂന്നു മണി വരെ സമയം നല്‍കിയിട്ടുണ്ട്.
ആഭ്യന്തര സര്‍വീസുകള്‍ അന്ത്യശാസനത്തിന്റെ പരിധിയില്‍ വരില്ല. എന്നാല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ബഗ്ദാദിലൂടെയോ ഇറാഖിലെ മറ്റു വിമാനത്താവളങ്ങളിലൂടെയോ വിഴിതിരിച്ചുവിടും. കുര്‍ദിസ്താന്റെ അതിര്‍ത്തിയിലെ ഇര്‍ബീല്‍, സുലൈമാനിയ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ഇറാഖ് ഭരണകൂടം വിദേശ രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാനുഷിക സ്വഭാവമുള്ളതും അടിയന്തര പ്രാധാന്യമുള്ളതുമായ സര്‍വീസുകള്‍ക്ക് വിലക്കുണ്ടാവില്ല.
വെള്ളിയാഴ്ചക്കകം അതിര്‍ത്തി ചെക്‌പോയിന്റുകളുടെ നിയന്ത്രണവും കൈമാറാനാണ് ഇറാഖ് ഭരണകൂടം കുര്‍ദുകള്‍ക്ക് നല്‍കിയിരിക്കുന്ന മറ്റൊരു നിര്‍ദേശം. അല്ലാത്തപക്ഷം, കുര്‍ദിസ്താനോട് ചേര്‍ന്നുള്ള അതിര്‍ത്തി അടക്കാന്‍ ബഗ്ദാദ് അയല്‍രാജ്യങ്ങളോട് ആവശ്യപ്പെടും.
സ്വയം ഭരണ കുര്‍ദിഷ് മേഖലക്കെതിരെ ഉപരോധമേര്‍പ്പെടുത്തുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബു ഉര്‍ദുഗാനും ഭീഷണി മുഴക്കി. അങ്ങനെ സംഭവിച്ചാല്‍ സ്വന്തം ജനത പട്ടിണി കിടക്കേണ്ടിവരുമെന്നും അദ്ദേഹം കുര്‍ദിഷ് നേതൃത്വത്തെ ഓര്‍മിപ്പിച്ചു.