X

അവകാശ തര്‍ക്കം: വയനാടില്‍ ഒന്നര പതിറ്റാണ്ട് മുമ്പ് നിര്‍മ്മിച്ച ഫെസിലിറ്റേഷന്‍ സെന്റര്‍ ഇന്നും അടഞ്ഞു തന്നെ

മാനന്തവാടി: ഒരു കോടിയിലേറെ രൂപ മുടക്കി ഡി.ടി.പി.സി നിര്‍മ്മിച്ച ഫെസിലിറ്റേഷന്‍ സെന്റര്‍ പതിനഞ്ച് വര്‍ഷത്തിലേറെയായി അടഞ്ഞുകിടക്കുന്നു. ആര്‍ക്കും ഉപകാരപ്രദമാവാത്ത രീതിയില്‍ അടഞ്ഞുകിടക്കാന്‍ കാരണം അധികൃതരുടെ അനാസ്ഥ.
തെക്കന്‍ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തോട് ചേര്‍ന്നാണ് ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിച്ചത്. 75 ലക്ഷം രൂപ മുടക്കി 2013ലാണ് ഡി.ടി.പി.സി.ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിച്ചത്. 30 ലക്ഷം രൂപ മുടക്കി ഫര്‍ണ്ണിച്ചറുകള്‍ കട്ടില എന്നിവയും ഫെസിലിറ്റേഷന്‍ സെന്ററില്‍ എത്തിച്ചു. വനം വകുപ്പ് ലക്ഷങ്ങള്‍ മുടക്കി തിരുനെല്ലി റോഡില്‍ നിന്നും ഫെസിലിറ്റേഷന്‍ സെന്ററിലേക്ക് 400 മീറ്റര്‍ ദൂരത്തില്‍ ഇന്റര്‍ലോക്കും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മന്ത്രിമാര്‍ പങ്കെടുത്ത ഉല്‍ഘാടന ചടങ്ങുകള്‍ രണ്ട് തവണ നടത്തുകയും ചെയ്തിട്ടും ഫെസിലിറ്റേഷന്‍ സെന്റര്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.
രണ്ട് ഡോര്‍മെറ്ററികള്‍, ഹാള്‍, ഓഫീസ് മറ്റ് സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ളതാണ് ഫെസിലിറ്റേഷന്‍ സെന്റര്‍. നിര്‍മ്മാണം കഴിഞ്ഞ് 15 വര്‍ഷം അടച്ചിട്ടതിനാല്‍ അധികൃതരുടെ നിരുത്തരവാദിത്ത നടപടി മൂലം സര്‍ക്കാറിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാക്കിയത്. ഡോര്‍മെറ്ററി സെന്റര്‍ നടത്തിപ്പ് സംബസിച്ചുള്ള തര്‍ക്കമാണ് 15 വര്‍ഷമായി അടച്ചിടാന്‍ കാരണം. ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിച്ചസ്ഥലം തിരുനെല്ലി ഗ്രാമ പഞ്ചായത്തിന്റെതാണ്. 20 വര്‍ഷം മുന്‍പ് ബസ്റ്റാന്റ് നിര്‍മ്മിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗ്രാമപഞ്ചായത്ത് സ്ഥലം വിലക്ക് വാങ്ങിയത്. പിന്നീട് ഡി.ടി.പി.സി 2003 ല്‍ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കുകയും 2013 വരെ തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ കെട്ടിട നികുതി അടക്കുകയും ചെയ്തു. പിന്നീട് നികുതി സ്വീകരിച്ചില്ല.
പഞ്ചായത്തിന്റെ സ്ഥലത്ത് ഡി.ടി.പി.സി.നിര്‍മ്മിച്ച ഫെസിലിറ്റേഷന്‍ സെന്റര്‍ പഞ്ചായത്തിന്റെതാണെന്ന കാരണം പറഞ്ഞാണ് കെട്ടിടനികുതി സ്വീകരിക്കാതിരുന്നത്. സെന്റര്‍ നടത്തിപ്പ് അവകാശം ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കാനായി പഞ്ചായത്ത് അധികൃതരും, ഡി.ടി.പി.സി.യും തിരുനെല്ലി ക്ഷേത്രം അധികൃതരും തമ്മില്‍ പലതവണ ചര്‍ച്ച നടത്തിയെങ്കിലും ഒരു തീരുമാനത്തിലെത്താന്‍ കഴിയാത്തതാണ് ഇപ്പോഴും ഒരുകോടിയിലേറെ രൂപ മുടക്കി നിര്‍മ്മിച്ചഫെസിലിറ്റേഷന്‍ സെന്റര്‍ അടച്ചിടാന്‍ കാരണം. തിരുനെല്ലി അമ്പലത്തില്‍ ദിനേന എത്തുന്ന നൂറ് കണക്കിന് വിശ്വാസികള്‍ക്കും, തിരുനെല്ലിയിലും, സമീപ പ്രദേശങ്ങളിലും എത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഏറെ ഉപകാരപ്രദമാകുന്ന ഫെസിലിറ്റേഷന്‍ സെന്റര്‍ ഇപ്പോഴും അടഞ്ഞ് കിടക്കുന്നതിന്നെതിരെ ഏറെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും തുറന്ന് പ്രവര്‍ത്തിക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല.

chandrika: