X

മൊയ്തിന് കുടപിടിക്കാനാണ് ഗോവിന്ദന്റെ ശ്രമമെന്ന് കെ സുധാകരന്‍ എംപി

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന ഭീമമായ തട്ടിപ്പിനെ ഇഡി പുറത്തുകൊണ്ടുവരുമ്പോള്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇഡിക്കു മുന്നില്‍ എത്തിയതുമായി ബന്ധപ്പെടുത്തി നിസാരവത്കരിക്കുന്ന സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്റെ നടപടി കാട്ടുകള്ളന്‍ എസി മൊയ്തിന് കുടപിടിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

സോണിയ ഗാന്ധി മൂന്നു തവണയും രാഹുല്‍ ഗാന്ധി ആറു തവണയും ഞാന്‍ രണ്ടു തവണയും ഇഡിയുടെ മുന്നില്‍ പോയത് തെറ്റ് ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ഭയമായാണ്. സുദീര്‍ഘമായി ചോദ്യം ചെയ്തിട്ടും ഇഡിക്ക് ചെറുവിരല്‍ പോലും അനക്കാന്‍ സാധിക്കാതെ വന്നത് സത്യത്തിന്റെ പിന്‍ബലം ഉള്ളതുകൊണ്ടാണ്.

മൊയ്തീന്‍ ആദ്യം ഹാജരായത് രണ്ടു തവണ നോട്ടീസ് നല്കിയശേഷമാണ്. വീണ്ടും അദ്ദേഹം ഹാജരാകാതെ ഒളിച്ചോടുകയും ചെയ്തു. 500 കോടിയുടെ കള്ളപ്പണ ഇടപാട്, 500 പവന്റെ സ്വര്‍ണ ഇടപാട്, കോടികളുടെ ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍, ജീവനക്കാരെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും വഞ്ചിക്കല്‍ തുടങ്ങി ചിന്താതീതമായ കുറ്റകൃത്യങ്ങളാണ് നടന്നിരിക്കുന്നത്.

സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ കൊള്ളപ്പണം പങ്കുപറ്റിയവരാണ്. കേരളത്തിലെ പാവപ്പെട്ടവരുടെ അത്താണിയായ സഹകരണമേഖലയെ സിപിഎം അഴിമതി കേന്ദ്രളാക്കി ജനങ്ങള്‍ക്ക് ഈ സ്ഥാപനങ്ങളിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുത്തിയെന്ന് സുധാകരന്‍ പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ചിന്റെ അന്വേഷണവും സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് അട്ടിമറിച്ചു. രണ്ടു വര്‍ഷത്തോളം കേസന്വേഷിച്ച െ്രെകംബ്രാഞ്ചിന് കുറ്റപത്രം സമര്‍പ്പിക്കാനോ അന്വേഷണം ഉന്നത സിപിഎം നേതാക്കളിലേക്ക് കൊണ്ടുപോകാനോ സാധിച്ചില്ല. തട്ടിപ്പ് നടത്തിയ സിപിഎം നേതൃത്വത്തിന് െ്രെകംബ്രാഞ്ച് പൂര്‍ണ സംരക്ഷണം ഒരുക്കി.

സംസ്ഥാനത്ത് തട്ടിപ്പ് നടത്തുന്ന സിപിഎം നേതാക്കള്‍ക്ക് സംരക്ഷണം ഒരുക്കലാണോ പോലീസിന്റെ ചുമതലയെന്ന് മുഖ്യമന്ത്രി മറുപടി പറയണം. സിപിഎം നേതാക്കള്‍ക്ക് നിയമം ബാധകമല്ലെന്ന ആഭ്യന്തരവകുപ്പിന്റെ നിലപാട് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

webdesk13: