ചെന്നൈ: പുതിയ 500 രൂപ കറന്‍സികള്‍ എന്ന് വിതരണത്തിനെത്തും എന്നത് സുരക്ഷാ കാരണങ്ങളാല്‍ പുറത്തു പറയാനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മദ്രാസ് ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് ആര്‍.ബി.ഐ അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്. അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ ഉപയോഗിച്ച് ഇടപാട് നടത്തുന്നതിന് സഹകരണ സംഘങ്ങളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ബാങ്കുകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ആര്‍.ബി.ഐ അഭിഭാഷകന്‍ പറഞ്ഞു. പുതിയ 2000, 500 രൂപ കറന്‍സികളും പഴയ 100, 50, 20, 10 രൂപ കറന്‍സികളും ഉപയോഗിച്ച് മാത്രമേ സഹകരണ സ്ഥാപനങ്ങള്‍ക്ക് ഇടപാട് നടത്താനാവൂവെന്നും അഭിഭാഷകന്‍ വാദിച്ചു. ഇതേതുടര്‍ന്നാണ് പുതിയ 500 രൂപ കറന്‍സികള്‍ എന്ന് വിതരണത്തിന് എത്തുമെന്ന ചോദ്യം കോടതി ഉന്നയിച്ചത്.