kerala
പുനര്‍ജനി വിവാദം; ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് മണപ്പാട് ഫൗണ്ടേഷന് സിഇഒ അമീര്‍ അഹമ്മദ്
മണപ്പാട് ഫൗണ്ടേഷന് അക്കൗണ്ടുകളില്‍ സംശയാസ്പദ ഇടപാടുകള്‍ നടന്നുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍
കോഴിക്കോട്: പുനര്‍ജനി വിവാദത്തില്‍ മണപ്പാട് ഫൗണ്ടേഷനെതിരെയും സിഇഒ അമീര്‍ അഹമ്മദിനെതിരെയും സിബിഐ അന്വേഷണം ശിപാര്‍ശ ചെയ്ത വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍, ഏത് തരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് അമീര്‍ അഹമ്മദ് വ്യക്തമാക്കി. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
മണപ്പാട് ഫൗണ്ടേഷന് അക്കൗണ്ടുകളില്‍ സംശയാസ്പദ ഇടപാടുകള്‍ നടന്നുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്സിആര്‍എ നിയമപ്രകാരം സിബിഐ അന്വേഷണം വേണമെന്നതാണ് ശിപാര്‍ശ.
എന്നാല്‍ ആരോപണങ്ങള്‍ അമീര്‍ അഹമ്മദ് ശക്തമായി നിഷേധിച്ചു. 1993 മുതല്‍ രജിസ്റ്റര്‍ ചെയ്ത ഒരു എന്‍ജിഒയാണ് മണപ്പാട് ഫൗണ്ടേഷന് എന്നും, ഫൗണ്ടേഷനിന് എഫ്സിആര്‍എ അംഗീകാരം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വര്‍ഷവും റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്നുണ്ടെന്നും വ്യക്തമായ കണക്കുകളുണ്ടെന്നും അമീര്‍ അഹമ്മദ് പറഞ്ഞു.
”വിജിലന്‍സ് എന്നെ രണ്ട് തവണ ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്. യാതൊരു അപാകതയും ഇല്ലെന്ന കാര്യം അവര്‍ക്കും ബോധ്യപ്പെട്ടതാണ്. സാമൂഹ്യപ്രതിബദ്ധതയോടെ നല്ല പദ്ധതികള്‍ ഏറ്റെടുക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലേക്കാണ് ഇത്തരം നടപടികള്‍ പോകുന്നത്. ഇതിന്റെ രാഷ്ട്രീയ വശങ്ങളിലേക്ക് കടക്കാന്‍ താല്പര്യമില്ല,” അദ്ദേഹം പറഞ്ഞു.
2023ല്‍ കേന്ദ്രസര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയം മണപ്പാട് ഫൗണ്ടേഷന്റെ എഫ്സിആര്‍എ പുതുക്കിയതായും അമീര്‍ അഹമ്മദ് ചൂണ്ടിക്കാട്ടി. ”അപാകതകളുണ്ടായിരുന്നെങ്കില്‍ എഫ്സിആര്‍എ പുതുക്കില്ലായിരുന്നു. നിരവധി അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന കാലത്താണ് ഞങ്ങള്‍ക്ക് പുതുക്കല്‍ ലഭിച്ചത്. കാരണം ഞങ്ങള്‍ സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നത്. ഒളിക്കാനൊന്നുമില്ല. ഏത് അന്വേഷണവും നേരിടാന്‍ മണപ്പാട് ഫൗണ്ടേഷന് തയ്യാറാണ്. പല പ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങളുടെ സ്വന്തം കയ്യില്‍ നിന്നു പോലും പണം ചെലവഴിച്ചിട്ടുണ്ട്,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
പുനര്‍ജനി വിവാദം: മണപ്പാട് ഫൗണ്ടേഷനെതിരെയും സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് ശിപാര്‍ശ
മണപ്പാട് ഫൗണ്ടേഷന് സിഇഒ അമീര്‍ അഹമ്മദിനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നതാണ് ശിപാര്‍ശ.
തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മണപ്പാട് ഫൗണ്ടേഷനെതിരെയും സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് ശിപാര്‍ശ ചെയ്തു. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക ലഭിച്ചു. മണപ്പാട് ഫൗണ്ടേഷന് സിഇഒ അമീര്‍ അഹമ്മദിനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നതാണ് ശിപാര്‍ശ.
എന്‍ജിഒയുടെ അക്കൗണ്ടുകളില്‍ സംശയാസ്പദമായ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആര്‍എ) പ്രകാരം ഗുരുതര ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെന്നും അതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും വിജിലന്‍സ് വിലയിരുത്തുന്നു.
അതേസമയം, പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ സര്‍ക്കാര്‍ നീക്കം നിയമോപദേശങ്ങള്‍ മറികടന്നതാണെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സതീശനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു നിയമോപദേശം. അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്നും മണപ്പാട് ഫൗണ്ടേഷനാണ് വിദേശ ഫണ്ട് കൈകാര്യം ചെയ്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പുനര്‍ജനി പദ്ധതിയില്‍ വി.ഡി. സതീശന് പണം വാങ്ങിയിട്ടില്ലെന്ന് വിജിലന്‍സ് വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര വകുപ്പിന് കൈമാറിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. സതീശന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതിന്റെ തെളിവുകളില്ലെന്നും പുനര്‍ജനി ഫണ്ട് അദ്ദേഹം കൈകാര്യം ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 സെപ്തംബര്‍ 19ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇതോടെ, പുനര്‍ജനി വിവാദത്തില്‍ വ്യക്തികള്‍ക്കുമേല്‍ അല്ലാതെ മണപ്പാട് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണം കേന്ദ്രീകരിക്കേണ്ടതെന്ന നിലപാടാണ് വിജിലന്‍സ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാകുന്നു.
kerala
ഡയാലിസിസ് ചെയ്ത് രണ്ടുപേര്‍ മരിച്ച സംഭവം; ഹരിപ്പാട് താലൂക്ക് ആശുപത്രി അധികൃതര്‍ക്കെതിരെ കേസ്
മരിച്ച രാമചന്ദ്രന്റെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റ് ജീവനക്കാര്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ആലപ്പുഴ: ഡയാലിസിസിന് പിന്നാലെ രണ്ട് പേര് മരിച്ച സംഭവത്തില്‍ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സ പിഴവിന് പോലീസ് കേസെടുത്തു. മരിച്ച രാമചന്ദ്രന്റെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റ് ജീവനക്കാര്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ പുതിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിനെത്തുടര്‍ന്ന് മരിച്ച ഇരുവരുടെയും കേസ് ഷീറ്റുകള്‍ ആരോഗ്യ വകുപ്പ് പരിശോധിക്കും. ഇരുവരുടെയും പോസ്റ്റ്മോര്‍ട്ടം നടത്തിയിട്ടില്ലാത്തതിനാല്‍, കേസ് ഷീറ്റുകള്‍ വിദഗ്ധ ഡോക്ടര്‍മാര്‍ വിശദമായി പരിശോധിച്ചാല്‍ മാത്രമേ മരണകാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് ഇതുവരെ സമര്‍പ്പിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡിഎംഒ) വ്യക്തമാക്കി.
കഴിഞ്ഞ 29നാണ് ഡയാലിസിസിന് പിന്നാലെ ആറ് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമായതോടെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ കായംകുളം പുതുക്കാട് വടക്കതില്‍ മജീദ് (53), ഹരിപ്പാട് വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രന് (60) എന്നിവരാണ് മരിച്ചത്. സംഭവം ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ചയാണെന്ന ആരോപണം ശക്തമായിരിക്കെ, വിശദമായ അന്വേഷണത്തിലൂടെ ഉത്തരവാദിത്വം വ്യക്തമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
kerala
പുനര്‍ജനി പദ്ധതി; വി.ഡി സതീശനെതിരായ സര്‍ക്കാര്‍ നീക്കം നിയമോപദേശം മറികടന്ന്
സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു നിയമോപദേശം.
തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ സര്‍ക്കാര്‍ നീക്കം നിയമോപദേശങ്ങള്‍ മറികടന്നതാണെന്ന് വ്യക്തമായി. സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു നിയമോപദേശം. സതീശന്റെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ലെന്നും മണപ്പാട് ഫൗണ്ടേഷന് വിദേശ ഫണ്ട് കൈകാര്യം ചെയ്യാമെന്നുമാണ് കണ്ടെത്തല്‍.
പുനര്‍ജനി പദ്ധതിയില്‍ വി.ഡി. സതീശന് പണം വാങ്ങിയിട്ടില്ലെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര വകുപ്പിന് കൈമാറിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതിന് തെളിവില്ലെന്നും പുനര്‍ജനി ഫണ്ട് അദ്ദേഹം കൈകാര്യം ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2025 സെപ്തംബര്‍ 19ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്ന വിജിലന്‍സ് ശിപാര്‍ശ മുന്‍പ് പുറത്തുവന്നിരുന്നു. പതിനൊന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ഇത്തരമൊരു ശിപാര്‍ശ ഉണ്ടായത്. എന്നാല്‍, വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം 2025 സെപ്തംബറില്‍ സതീശനെതിരെ തെളിവില്ലെന്ന് വ്യക്തമാക്കുന്ന കത്ത് ആഭ്യന്തര വകുപ്പിന് നല്‍കിയിരുന്നു. ഈ കത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
നിയമോപദേശവും വിജിലന്‍സ് കണ്ടെത്തലുകളും അവഗണിച്ചുള്ള സര്‍ക്കാര്‍ നീക്കമാണ് നടന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്.
-
News2 days agoഗസ്സ ശോചനീയാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം രാജ്യങ്ങള്‍
-
kerala2 days agoമുസ്ലിംലീഗിന് 324 തദ്ദേശ തലവന്മാര്; മുഴുവന്‍ ജില്ലകളിലും തലവന്മാര് സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം
-
kerala2 days agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്
-
gulf3 days agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
india2 days agoബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
-
News2 days agoഇറാനിൽ പ്രതിഷേധം രൂക്ഷം; മരണം പത്ത്, യു.എസ്–ഇറാൻ വാക്പോരും കടുക്കുന്നു
-
News19 hours agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
-
News18 hours agoയു.എസ് വെനസ്വേല അധിനിവേശത്തിന് പിന്നാലെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം
