Connect with us

News

ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം: സര്‍ക്കാറിനെതിരെ സുമയ്യ നിയമനടപടിയ്ക്ക്

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സുമയ്യ ഹരജി നല്‍കുന്നത്.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തൈറോയിഡ് ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവത്തില്‍, സുമയ്യ സര്‍ക്കാറിനെതിരെ കോടതിയിലേക്ക്. നാളെ വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്യുന്നത്.

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സുമയ്യ ഹരജി നല്‍കുന്നത്. വഞ്ചിയൂര്‍ പെര്‍മെനന്റ് ലോക് അദാലത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുക.

2023 മാര്‍ച്ച് 22നാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോ. രാജീവ് കുമാറിന്റെ യൂണിറ്റില്‍ സുമയ്യക്ക് തൈറോയിഡ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കിടെയാണ് ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയത്.

കുടുങ്ങിയ ഗൈഡ് വയര്‍ കീഹോള്‍ ശസ്ത്രക്രിയ വഴി പുറത്തെടുക്കാന്‍ രണ്ട് തവണ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. ഗൈഡ് വയര്‍ പുറത്തെടുക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, ശസ്ത്രക്രിയ നടത്തി വയര്‍ പുറത്തെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീട് കൈക്കൊള്ളുമെന്നാണ് അറിയിപ്പ്.

നിലവില്‍ ഗൈഡ് വയറിന്റെ ഇരുവശങ്ങളും ശരീരവുമായി ഒട്ടിച്ചേര്‍ന്ന നിലയിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുനര്‍ജനി വിവാദം: മണപ്പാട് ഫൗണ്ടേഷനെതിരെയും സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് ശിപാര്‍ശ

മണപ്പാട് ഫൗണ്ടേഷന്‍ സിഇഒ അമീര്‍ അഹമ്മദിനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നതാണ് ശിപാര്‍ശ.

Published

on

തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മണപ്പാട് ഫൗണ്ടേഷനെതിരെയും സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് ശിപാര്‍ശ ചെയ്തു. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക ലഭിച്ചു. മണപ്പാട് ഫൗണ്ടേഷന്‍ സിഇഒ അമീര്‍ അഹമ്മദിനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നതാണ് ശിപാര്‍ശ.

എന്‍ജിഒയുടെ അക്കൗണ്ടുകളില്‍ സംശയാസ്പദമായ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആര്‍എ) പ്രകാരം ഗുരുതര ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെന്നും അതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും വിജിലന്‍സ് വിലയിരുത്തുന്നു.

അതേസമയം, പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ സര്‍ക്കാര്‍ നീക്കം നിയമോപദേശങ്ങള്‍ മറികടന്നതാണെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സതീശനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു നിയമോപദേശം. അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്നും മണപ്പാട് ഫൗണ്ടേഷനാണ് വിദേശ ഫണ്ട് കൈകാര്യം ചെയ്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പുനര്‍ജനി പദ്ധതിയില്‍ വി.ഡി. സതീശന്‍ പണം വാങ്ങിയിട്ടില്ലെന്ന് വിജിലന്‍സ് വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര വകുപ്പിന് കൈമാറിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. സതീശന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതിന്റെ തെളിവുകളില്ലെന്നും പുനര്‍ജനി ഫണ്ട് അദ്ദേഹം കൈകാര്യം ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 സെപ്തംബര്‍ 19ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇതോടെ, പുനര്‍ജനി വിവാദത്തില്‍ വ്യക്തികള്‍ക്കുമേല്‍ അല്ലാതെ മണപ്പാട് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണം കേന്ദ്രീകരിക്കേണ്ടതെന്ന നിലപാടാണ് വിജിലന്‍സ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാകുന്നു.

 

Continue Reading

News

റൂട്ടിന്റെ സെഞ്ചുറി തിളക്കം; ഇംഗ്ലണ്ട് 384ന് പുറത്ത്

തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ജോ റൂട്ടിന്റെ അസാധാരണ ബാറ്റിംഗ് മികവാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

Published

on

സിഡ്‌നി: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 384 റണ്‍സിന് പുറത്തായി. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ജോ റൂട്ടിന്റെ അസാധാരണ ബാറ്റിംഗ് മികവാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 242 പന്തുകളില്‍ 160 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍.

15 ബൗണ്ടറികള്‍ ഉള്‍പ്പെട്ട ഇന്നിംഗ്‌സിനിടെ റൂട്ട് ടെസ്റ്റ് കരിയറിലെ 41-ാം സെഞ്ചുറിയും ഓസ്‌ട്രേലിയന്‍ മണ്ണിലെ രണ്ടാം സെഞ്ചുറിയും നേടി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറികളുടെ എണ്ണത്തില്‍ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡിനൊപ്പവും റൂട്ട് എത്തി. ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിംഗിനിറങ്ങിയെങ്കിലും 50 റണ്‍സ് കടക്കുന്നതിന് മുമ്പേ ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ് (27), സാക് ക്രോളി (16) എന്നിവരെ നഷ്ടമായി.

പിന്നാലെ ജേക്കബ് ബേഥല്‍ (10) പുറത്തായതോടെ 573 എന്ന നിലയില്‍ ക്രീസില്‍ ഒന്നിച്ച ജോ റൂട്ടും ഹാരി ബ്രൂക്കും ഇംഗ്ലണ്ടിനെ കരകയറ്റി. ഇരുവരും ചേര്‍ന്ന് 169 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് ഉയര്‍ത്തി. ഹാരി ബ്രൂക്ക് 84 റണ്‍സുമായി മികച്ച പിന്തുണ നല്‍കിയെങ്കിലും സ്‌കോട്ട് ബോളണ്ടിന് വിക്കറ്റ് നല്‍കി മടങ്ങി. ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് പൂജ്യത്തിന് പുറത്തായെങ്കിലും, വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത് (46) റൂട്ടിനൊപ്പം ചേര്‍ന്ന് സ്‌കോര്‍ 300 കടത്തുകയായിരുന്നു.

സ്മിത്ത് പുറത്തായശേഷം വില്‍ ജാക്‌സുമായി അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയ റൂട്ട് ഇംഗ്ലണ്ടിനെ 375 റണ്‍സിലേക്ക് എത്തിച്ചെങ്കിലും, ജാക്‌സ് പുറത്തായതോടെ ഇംഗ്ലീഷ് വാലറ്റം ചെറുത്തുനില്‍പ്പില്ലാതെ വീണു. ഒമ്പതാമനായാണ് ജോ റൂട്ട് മടങ്ങിയത്. ഓസ്‌ട്രേലിയയ്ക്കായി മൈക്കല്‍ നേസര്‍ നാല് വിക്കറ്റ് വീഴ്ത്തി. സ്‌കോട്ട് ബോളണ്ടും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റ് വീതം നേടി.

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ റൂട്ടിന്റെ 24-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. നിലവിലെ താരങ്ങളില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയവരുടെ പട്ടികയില്‍ വിരാട് കോലി (84)ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് (60) ജോ റൂട്ട് ഇപ്പോള്‍ നിലകൊള്ളുന്നു.

Continue Reading

News

‘എന്റെ കരിയറിലെ എല്ലാ പ്രതിസന്ധികളിലും ദൈവത്തെപോലെ കൂടെ നിന്നത് പ്രേക്ഷകര്‍’; സര്‍വ്വം മായയുടെ വിജയത്തില്‍ നന്ദിയറിയിച്ച് നിവിന്‍ പോളി

മലയാള സിനിമ മുന്നോട്ട് പോകുമ്പോഴും ഈ വിജയം തനിക്കും തന്റെ ടീമിനും വ്യക്തിപരമാണെന്ന് നിവിന്‍ പോളി പറഞ്ഞു.

Published

on

കൊച്ചി: നിവിന്‍പോളി ചിത്രം ‘സര്‍വ്വം മായ, നേടിയ വന്‍ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് നടന്‍ നിവിന്‍ പോളി. കൊച്ചിയില്‍ നടന്ന തിയേറ്റര്‍ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം പ്രേക്ഷകരോട് നന്ദി അറിയിച്ചത്. മലയാള സിനിമ മുന്നോട്ട് പോകുമ്പോഴും ഈ വിജയം തനിക്കും തന്റെ ടീമിനും വ്യക്തിപരമാണെന്ന് നിവിന്‍ പോളി പറഞ്ഞു.

കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കിയ ചിത്രമാണിതെന്നും ഇത്തരമൊരു സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകര്‍ക്ക് നല്ലൊരു സിനിമ നല്‍കണമെന്ന ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും നിവിന്‍ പോളി വ്യക്തമാക്കി.

‘പല പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നമ്മള്‍ ദൈവത്തെ വിളിക്കും. അപ്പോള്‍ ഒരു മറുപടി കിട്ടും. എന്റെ കരിയറില്‍ പല ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും വന്നപ്പോള്‍ ദൈവത്തെപ്പോലെ എന്റെ കൂടെ നിന്നത് പ്രേക്ഷകരാണ്. അതിന് ഒരുപാട് നന്ദി. ഇനി നിങ്ങള്‍ക്കായി മാത്രം സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം.
നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും വരട്ടെ. നിങ്ങള്‍ക്ക് ഇനിയും ആസ്വദിക്കാന്‍ കഴിയട്ടെ എന്നതാണ് ആഗ്രഹം. ഇവിടെ വന്നതിനും നിങ്ങളെ കാണാന്‍ സാധിച്ചതിലും വളരെ സന്തോഷം. ഇപ്പോഴുള്ള സ്‌നേഹവും പിന്തുണയും ഇനിയും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു,’ നിവിന്‍ പോളി പറഞ്ഞു.

അഖില്‍ സത്യന്‍ തിരക്കഥ, എഡിറ്റിംഗ്, സംവിധാനം എന്നിവ നിര്‍വഹിച്ച സര്‍വ്വം മായ ആഗോളതലത്തില്‍ 101 കോടി രൂപയുടെ കളക്ഷന്‍ നേടിയതായി അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചു. റിലീസ് ചെയ്ത പത്താം ദിവസമാണ് ചിത്രം 100 കോടി ക്ലബില്‍ ഇടം നേടിയത്. നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമെന്ന പ്രത്യേകതയും സര്‍വ്വം മായയ്ക്ക് സ്വന്തമാണ്. വലിയ ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളിയുടെ വമ്പന്‍ തിരിച്ചുവരവായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.

റിയ ഷിബു, പ്രീതി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും സര്‍വ്വം മായയ്ക്കുണ്ട്. ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍ത്താഫ് സലിം, പ്രീതി മുകുന്ദന്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഫയര്‍ഫ്‌ളൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാറും രാജീവ് മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Continue Reading

Trending