Connect with us

kerala

നികുതിക്കൊള്ളയില്‍ ജീവിതം വഴിമുട്ടുമ്പോള്‍

ബജറ്റ് നിര്‍ദേശങ്ങള്‍ ഇന്ന് നിലവില്‍ വരുന്നതോടെ എരിതീയില്‍നിന്ന് വറചട്ടിയിലേക്ക് എന്നതാണ് മലയാളിയുടെ അവസ്ഥ. അവശ്യ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും മൂലം പൊറുതിമുട്ടുന്ന സാഹചര്യത്തിലാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം ബജറ്റ് സമ്മാനിച്ച നാലായിരത്തി അഞ്ഞൂറുകോടി രൂപയുടെ അധിക ബാധ്യത കൂടി ജനം പേറേണ്ടിവന്നിരിക്കുന്നത്.

Published

on

പി.എം.എ സലാം
മുസ്് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ലോക വിഡ്ഢിദിനത്തില്‍ ഒരു ജനതയെ മുഴുവന്‍ വിഡ്ഢികളാക്കാന്‍ ശ്രമിച്ച് സ്വയം വിഡ്ഢിയാകാനുള്ള നിയോഗം കേരളത്തിലെ പിണറായി സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കുമില്ല. സാധാരണ ജനം ചോദിക്കുന്നത് ഇനിയെങ്ങനെ ജീവിക്കുമെന്നാണ്. പെട്രോള്‍, ഡീസല്‍, കുടിവെള്ളം, വൈദ്യുതി, യാത്രാനിരക്ക് കെട്ടിട നികുതി, വസ്തു നികുതി, ഭൂമി രജിസ്‌ട്രേഷന്‍, സ്റ്റാമ്പ് ഡ്യൂട്ടി, വാഹനങ്ങള്‍ക്ക് സെസ് എന്നിങ്ങനെ എല്ലാ മേഖലകളിലും വലിയതോതിലുള്ള വിലക്കയറ്റം സൃഷ്ടിച്ചുകൊണ്ടാണ് പുതിയ സാമ്പത്തിക വര്‍ഷത്തിന് ഇന്ന് തുടക്കമിടുന്നത്. ലോകത്തെവിടെയും സര്‍ക്കാരുകള്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക് പോകുമ്പോള്‍ അതിനെ അതിജീവിക്കാനുള്ള പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് പതിവ്. അത് ഓരോ സര്‍ക്കാരുകളുടേയും ഭാവനാപൂര്‍ണമായ ഇടപെടലില്‍ നിന്നുണ്ടാകുന്നതാണ്. എന്നാല്‍ ഇവിടെ ജനത്തെ പിഴിഞ്ഞ് ഖജനാവ് നിറക്കുക എന്ന തികച്ചും വിചിത്രമായ നടപടിയിലേക്ക് കേരളത്തിലെ ഇടതുസര്‍ക്കാര്‍ നീങ്ങിയിരിക്കുന്നു. ജീവിതം പെരുവഴിയിലായവര്‍ക്കിടയിലൂടെ പരിഹാസ്യമായൊരു പ്രതിരോധ ജാഥ നടത്തിയിട്ടു കാര്യമില്ല, അവരുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. അതിനു കഴിയാത്തൊരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.

ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വങ്ങളില്‍പെടുന്നതാണ് ജനം എങ്ങനെ ജീവിക്കുന്നു എന്ന് പരിശോധിക്കേണ്ടത്. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. ഇവിടെ വന്‍കിട ഫാക്ടറികള്‍ ഇല്ല. വ്യാപകമായി കൃഷിയില്ല. ആധുനിക സമൂഹത്തിന് ചേരുന്ന വിധമുള്ള ഉത്പാദന സംരംഭങ്ങളില്ല. ഇങ്ങനെ ഇല്ലായ്മയില്‍ കഴിയുന്ന ചെറിയ സംസ്ഥാനത്ത് പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തി ജനത്തിന് ആശ്വാസം നല്‍കേണ്ട കടമ സര്‍ക്കാരിനുണ്ട്. വന്‍കിട കോര്‍പറേറ്റുകള്‍ അടക്കമുള്ളവര്‍ 21000ല്‍ പരം കോടിയുടെ നികുതി കുടിശിക വരുത്തിയിരിക്കുന്ന സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ 4000 കോടിക്കുവേണ്ടി സാധാരണക്കാരന്റെ പോക്കറ്റില്‍ കയ്യിടുന്ന ഈ നടപടിയെ ക്രൂരമെന്നും നിന്ദ്യമെന്നും വിശേഷിപ്പിക്കാവുന്നതിനപ്പുറം മറ്റെന്തൊക്കെയോ ആണ്. ഒരു സര്‍ക്കാര്‍ കൊള്ളക്കാരായി മാറിയാല്‍ പ്രതിപക്ഷത്തിന് കയ്യുംകെട്ടി നോക്കിയിരിക്കാനാവില്ല. ജനത്തെ ചേര്‍ത്തുപിടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ അത് കണ്ടില്ലെന്നു നടിക്കാന്‍ പ്രതിപക്ഷത്തിനും ആവില്ല. സര്‍ക്കാര്‍ ഉത്തരവാദത്തോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്രതിപക്ഷത്തിന് കടുത്ത സമരമുറകളിലേക്ക് നീങ്ങേണ്ടിവരും. എല്ലാ വിഭാഗം ജനത്തെയും ഒരുപോലെ അപകടത്തിലാക്കുന്ന നികുതി നിര്‍ദേശങ്ങള്‍ ആരുടെ തലയില്‍ ഉദിച്ചതായാലും അത് കേരളത്തിന് ഒരിക്കലും ഗുണകരമാവില്ല.

വര്‍ഷങ്ങളായി കേരളം ദുരിതത്തിലാണ്. തുടര്‍ച്ചയായ പ്രളയങ്ങളും കോവിഡ് വിതച്ച ജീവിത ദുരിതങ്ങളും മനുഷ്യന്റെ ജീവിതം തന്നെ താറുമാറാക്കിയ ഒരു കാലത്ത് ഇരുചക്ര വാഹനത്തില്‍ 100 രൂപക്ക് പെട്രോള്‍ അടിക്കാന്‍ പോകുന്നവന്റെ പോക്കറ്റില്‍ കയ്യിട്ട് രണ്ടു രൂപ പിടിച്ചുവാങ്ങുന്ന നടപടിയെ ‘കൊള്ള’ എന്നു തന്നെ വിളിക്കണം. സംസ്ഥാന ബജറ്റില്‍ പെട്രോളിനും ഡീസലിനുമടക്കം നികുതി ചുമത്തിക്കൊണ്ടുള്ള തീരുമാനം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ച നിമിഷം മുതല്‍ ഇതുവരെ യു.ഡി.എഫ് ആവശ്യപ്പെട്ടത് ഈ അശാസ്ത്രീയ നികുതികള്‍ പിന്‍വലിക്കണം എന്നാണ്. എന്തുകൊണ്ട് നികുതികള്‍ പിന്‍വലിക്കണം, എന്തുകൊണ്ട് ഇത് നടപ്പിലാക്കാന്‍ പാടില്ല എന്നീ വിഷയങ്ങളില്‍ യു.ഡി.എഫിന് വ്യക്തമായ നിലപാടുണ്ട്. അത് കേവലം രാഷ്ട്രീയ പ്രതികരണങ്ങളല്ല. സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത സാഹചര്യവും സാമ്പത്തിക നിലവാരവും വിശദമായി പഠിച്ചുകൊണ്ടാണ് യു.ഡി.എഫ് ഈ നികുതിഭാരത്തെ അംഗീകരിക്കില്ലെന്ന് പറഞ്ഞതും അതിനെതിരായി ശക്തമായ സമരപരിപാടികളുമായി രംഗത്തെത്തിയതും. സമരം ചെയ്തവരെ ജയിലില്‍ അടച്ചാണ് സര്‍ക്കാര്‍ പ്രതികാരം ചെയ്തത്.
നിയമസഭയില്‍ ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ച ഉണ്ടായില്ല എന്നത് ഖേദകരമാണ്. അതിനിടയാക്കിയ സാഹചര്യം നമുക്കെല്ലാം അറിയാം. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായോ ഉപനേതാവ് പി.കെ കുഞ്ഞാലികുട്ടി അടക്കമുള്ള നേതാക്കളുമായി തുറന്ന സംവാദത്തിന് മുഖ്യമന്ത്രിയോ ധനമന്ത്രിയോ തയ്യാറായില്ല എന്നതാണ് വസ്തുത. അതിനുള്ള കാരണമാകട്ടെ, ജനദ്രോഹത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന വ്യക്തമായ സന്ദേശം തന്നെയായിരുന്നു. ഒരു വര്‍ഷത്തില്‍ മൂന്നോ നാലോ തവണ നിയമസഭാസമ്മേളനം ചേരാറുണ്ടെങ്കിലും അതില്‍ ഏറെ പ്രധാനം ബജറ്റ് സമ്മേളനം തന്നെയാണ്. മുന്‍കാലങ്ങളില്‍ പല സര്‍ക്കാരുകളും ബജറ്റില്‍ പ്രഖ്യാപിച്ച പല തീരുമാനങ്ങളും പിന്നീട് നിയമസഭയിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചിട്ടുണ്ട്. അതൊരു തോറ്റുകൊടുക്കലോ കീഴടങ്ങലോ ആയി ഒരു സര്‍ക്കാരുകളും കണ്ടിട്ടില്ല. ജനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്ന സര്‍ക്കാര്‍ പ്രതിപക്ഷത്തെ കണ്ണും കാതും തുറന്നു കേള്‍ക്കുക എന്നത് ജനാധിപത്യത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നാണ്. പിണറായി സര്‍ക്കാരാകട്ടെ പ്രതിപക്ഷത്തെ എങ്ങനെ കേള്‍ക്കാതിരിക്കാം, സഭാസമ്മേളനം എങ്ങനെ പൂര്‍ത്തിയാക്കാതെ പിരിച്ചുവിടാം, നികുതി ചര്‍ച്ചയില്‍നിന്ന് ജനശ്രദ്ധ മാറാന്‍ മറ്റെന്തെല്ലാം വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാം എന്നിങ്ങനെയുള്ള തന്ത്രങ്ങളാണ് പുറത്തെടുത്തത്. അതിന്റെ ഭാഗമായി തന്നെയാണ് തുടര്‍ച്ചയായി അടിയന്തര പ്രമേയങ്ങള്‍ക്ക് അനുമതി നിഷേധിച്ചുകൊണ്ടും പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടും സഭാസമ്മേളനം പകുതിയില്‍ പിരിച്ചുവിട്ടത്.

പ്രതിപക്ഷം വായ തുറക്കുമ്പോള്‍ പാര്‍ലമെന്റില്‍ എങ്ങനെയാണോ നരേന്ദ്രമോദിയും ബി.ജെ.പിയും ഭയപ്പെടുന്നത് അതിനു സമാനമായി തന്നെയാണ് കേരളത്തില്‍ പിണറായിയും എല്‍.ഡി.എഫും നിലകൊള്ളുന്നത്. 20,000 കോടി എങ്ങനെയാണ് അദാനിയുടെ കമ്പനിയില്‍ എത്തിയത് എന്ന ചോദ്യം ഉന്നയിച്ച രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ അതേ നയം തന്നെയാണ് മറ്റൊരു തരത്തില്‍ കേരളത്തില്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. രാഹുലിനെ എങ്ങനെയാണോ മോദി ഭയപ്പെടുന്നത് അതുപോലെ പിണറായിയും കേരളത്തിലെ പ്രതിപക്ഷത്തെ ഭയക്കുന്നു.

പട്ടിണിക്കാരന്റെയും പാവപ്പെട്ടവന്റെയും തൊഴിലാളിയുടെയും പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന സി.പി.എമ്മും അതിന്റെ നേതാക്കളും കേരള ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്തവിധം ഭീമമായ നികുതിഭാരം സാധാരണക്കാരന്റെ തലയില്‍ അടിച്ചേല്‍പ്പിച്ചിട്ട് എന്ത് സാമൂഹ്യസുരക്ഷയാണ് ഇവിടെ നടപ്പിലാക്കുന്നത് എന്ന ചോദ്യം ബാക്കിയാകുന്നു. പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ട് ഏഴ് വര്‍ഷത്തോളമാകുന്നു. ഇതിനിടയില്‍ സാമൂഹ്യ പ്രതിബദ്ധതയോടെ, ദീര്‍ഘകാല അടിസ്ഥാനത്തില്‍ കേരളത്തിന് പ്രയോജനം ചെയ്യുന്ന ഏതെങ്കിലും ഒരു പദ്ധതിക്ക് തുടക്കം കുറിച്ചിട്ടില്ല. പ്രളയത്തിന്റെയും കോവിഡിന്റെയും മറപിടിച്ച് നേടിയ ഭരണത്തുടര്‍ച്ചയുടെ അഹന്തയില്‍ ജനത്തെ ഇങ്ങനെ ദ്രോഹിച്ചുകൊണ്ട് എത്രകാലം മുന്നോട്ടുപോകാനാകുമെന്ന് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും ഇനിയെങ്കിലും ചിന്തിക്കണം. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുന്ന അവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നത്. ഇക്കാര്യത്തില്‍ മുസ്‌ലിംലീഗിന് ഒരു നിലപാടേ ഉള്ളൂ. അത് കേരളത്തിലെ സാധാരണ ജനത്തിന്റെ വികാരമാണ്. തെറ്റ് തിരുത്താന്‍ സര്‍ക്കാരിനുമുന്നില്‍ ഇനിയും സമയമുണ്ട്. എല്ലാ നികുതികളും പിന്‍വലിച്ച് ജനഹിതം മനസിലാക്കാന്‍ ഇനിയെങ്കിലും തയാറാകണം.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആശംസ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തുടര്‍പഠനമാഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ ആവശ്യമായ സൗകര്യമൊരുക്കി നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു

Published

on

മലപ്പുറം: മുഴുവന്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിക്കും ആശംസ നേര്‍ന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. തുടര്‍പഠനമാഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ ആവശ്യമായ സൗകര്യമൊരുക്കി നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

പ്രതീക്ഷിച്ച ഫലത്തില്‍ സന്തോഷിക്കുന്നവരും അപ്രതീക്ഷിതമായ ഫലത്തില്‍ മനപ്രയാസമനുഭവിക്കുന്നവരുമുണ്ടാകും. വിദ്യാര്‍ത്ഥി കാലഘട്ടത്തിലെ ഒരു നാഴികകല്ലാണിത്. പക്ഷെ ഇനിയുമേറെ ദൂരം പോകാനുണ്ട്. ആത്മവിശ്വാസത്തോടെ, സമര്‍പ്പണത്തോടെ ഇനിയും പഠനം തുടരണമെന്നും നല്ലൊരു ലോകം നിങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്നും തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തുടര്‍പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാമുള്ള അവസരം ബന്ധപ്പെട്ടവര്‍ ഒരുക്കിനല്‍കണം. കഴിഞ്ഞ വര്‍ഷം ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുപോലും ഇഷ്ടപ്പെട്ട സ്‌കൂളില്‍, ഇഷ്ടപ്പെട്ട കോഴ്‌സ് പഠിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അതാവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

‘വിദേശത്തേക്ക് ഒളിച്ചുപോയതാണ് തെറ്റ്’; മുഖ്യമന്ത്രി മുങ്ങിയത് മോദിക്കെതിരെ പ്രസംഗിക്കാന്‍ ഭയന്നിട്ടെന്ന് കെ. സുധാകരന്‍

കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതല വീണ്ടും ഏറ്റെടുത്തശേഷം ഇന്ദിരാഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രസംഗിക്കാൻ ഭയന്നാണ് പിണറായി വിജയന്‍ മുങ്ങിയതെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. മുഖ്യമന്ത്രി വിദേശയാത്ര പോകുന്നത് തെറ്റല്ലെന്നും ഒളിച്ചു കടന്നതാണ്തെറ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതല വീണ്ടും ഏറ്റെടുത്തശേഷം ഇന്ദിരാഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്‍റണിയെ സന്ദർശിച്ചശേഷമാണ് കെ. സുധാകരൻ എംപി വീണ്ടും കെപിസിസി അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്.

എ.കെ. ആന്‍റണിയുടെ വസതിയിൽ എത്തിയ അദ്ദേഹം 15 മിനിറ്റോളം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് ഇന്ദിരാഭവനിലേക്ക് എത്തിയ കെ. സുധാകരൻ ചെറിയൊരു ഇടവേളയ്ക്കുശേഷം കെപിസിസി അധ്യക്ഷസ്ഥാനം വീണ്ടും ഏറ്റെടുത്തു. മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ആയിരുന്നു അദ്ദേഹം വീണ്ടും ചുമതല ഏറ്റെടുത്തത്.

പിന്നീട് മാധ്യമങ്ങളെ കണ്ട അദ്ദേഹം മുഖ്യമന്ത്രിയുടെ വിദേശയാത്രയെ തുറന്നു വിമർശിച്ചു. മുഖ്യമന്ത്രി വിദേശയാത്ര പോകുന്നത് തെറ്റല്ലെന്നും ഒളിച്ചുകടന്നതാണ് തെറ്റെന്നും അദ്ദേഹം പറഞ്ഞു. മോദിക്കെതിരെ പ്രസംഗിക്കാൻ ഭയന്നാണ് പിണറായി മുങ്ങിയതെന്ന് അദ്ദേഹം കുറ്ററപ്പെടുത്തി. ഗുരുതരമായ പ്രശ്നങ്ങൾ കേരളം അഭിമുഖീകരിക്കുമ്പോൾ ക്യാബിനറ്റ് യോഗം പോലും നടത്താതെ മുഖ്യമന്ത്രി മാറിനിൽക്കുന്നത് തെറ്റായ സമീപനമാണെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ സ്പോൺസറെ കുറിച്ച് കോൺഗ്രസ് അന്വേഷിക്കുകയാണെന്നും ഇതു കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിനെ സെമികേഡര്‍ പാർട്ടിയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുമെന്ന് കെ. സുധാകരന്‍ പറഞ്ഞു. താൻ ചുമതല ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ഉണ്ടാക്കിയ വിവാദം മാത്രമാണെന്നും പാർട്ടിയിൽ യാതൊരു വിധമായ പ്രശ്നവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

പാകിസ്ഥാന്‍ ഭാഷ സംസാരിക്കുന്നവരെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടക്കണം: ഏക്‌നാഥ് ഷിന്‍ഡെ

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം ഉണ്ടായി കൊണ്ടിരിക്കുന്ന ദേശസ്നേഹത്തിന്റെ തരംഗം അവര്‍ക്ക് സഹിക്കുന്നില്ല. അവര്‍ നിരന്തരം പാകിസ്താന്റെ ഭാഷ കടമെടുക്കുന്നു. അവര്‍ രാജ്യ ദ്രോഹികളെന്നെന്നതില്‍ സംശയമില്ല,’ ഷിന്‍ഡെ പി.ടി.ഐ യോട് പറഞ്ഞു.

Published

on

പാകിസ്ഥാന്‍ ഭാഷ സംസാരിക്കുന്നവരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി ഫാറൂഖ് അബ്ദുള്ള, കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാര്‍, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി എന്നിവര്‍ അടുത്തിടെ നടത്തിയ പ്രസ്താവനകളെ മുന്‍നിര്‍ത്തി പ്രതികരിക്കുകയായിരുന്നു ഷിന്‍ഡെ.

‘പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം ഉണ്ടായി കൊണ്ടിരിക്കുന്ന ദേശസ്നേഹത്തിന്റെ തരംഗം അവര്‍ക്ക് സഹിക്കുന്നില്ല. അവര്‍ നിരന്തരം പാകിസ്താന്റെ ഭാഷ കടമെടുക്കുന്നു. അവര്‍ രാജ്യ ദ്രോഹികളെന്നെന്നതില്‍ സംശയമില്ല,’ ഷിന്‍ഡെ പി.ടി.ഐ യോട് പറഞ്ഞു. 2008ലെ ഭീകരാക്രമണത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ദ് കര്‍ക്കറെയെ കൊന്നത് ആര്‍.എസ്.എസ് ബന്ധമുള്ള പൊലീസ് കാരനാണെന്ന കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ഷിന്‍ഡെ ആഞ്ഞടിച്ചു. പ്രതിപക്ഷ നേതാവ് കസബിനെ അംഗീകരിക്കുകയാണെന്നും രക്തസാക്ഷികളെ വിസ്മരിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിനെയും അദ്ദേഹം കുറ്റപ്പെടുത്തി. ഒരുപാട് വര്‍ഷങ്ങള്‍ രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടും ജനങ്ങള്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരായിരുന്നു ശരദ് പവാറിന്റേതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നു പറഞ്ഞ ഷിന്‍ഡെ, കര്‍ഷകര്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ക്കാണ് മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അഭിപ്രായപ്പെട്ടു.

പത്ത് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മികവുറ്റവയാണെന്നും ഷിന്‍ഡെ പറയുന്നുണ്ട്. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമുള്ള പദ്ധതികള്‍, അടിസ്ഥാന സൗകര്യ പദ്ധതികള്‍, റോഡ്, റെയില്‍, വ്യോമ, ജല കണക്റ്റിവിറ്റി എന്നിവയെല്ലാം മികച്ച മാതൃകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയെ കുറിച്ച് ലോകം മുഴുവന്‍ ബഹുമാനത്തോടെയാണ് സംസാരിക്കുന്നത് എന്നും ഇന്ത്യ സംസാരിക്കുന്നു, ലോകം കേള്‍ക്കുന്നു എന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തി എന്നും ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു.

Continue Reading

Trending