Football
രാജാക്കന്മാര് രാജകീയമായി ലോകകപ്പിലേക്ക്; ഉറുഗ്വെയെ ഒരു ഗോളിന് തോല്പിച്ച് അര്‍ജന്റീന യോഗ്യത ഉറപ്പിച്ചു
നേരിട്ടുള്ള യോഗ്യതക്ക് ഒരു പോയന്റ് മാത്രം അകലെയാണ് നിലവിലെ ചാമ്പ്യന്മാര്.

ഇരുടീമും ഒപ്പത്തിനൊപ്പം നിന്ന രണ്ടു പകുതികള്‍. അതിലൊന്നില്‍ വിധിയെഴുതിയ തിയാഗോ അല്‍മാഡയുടെ മിന്നും ഗോള്‍. ലയണല്‍ മെസ്സിയെന്ന അതികായനില്ലാതെ മൈതാനത്തിറങ്ങിയ അര്‍ജന്റീനക്ക് അല്‍മാഡ പുതിയ ഹീറോയായി. ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ റൗണ്ടില്‍ കരുത്തരായ ഉറുഗ്വെയെ അവരുടെ തട്ടകത്തില്‍ ലോകജേതാക്കള്‍ അടിയറവു പറയിച്ചത് അല്‍മാഡ 68ാം മിനിറ്റില്‍ നേടിയ മനോഹര ഗോളില്‍. ഒന്നാം സ്ഥാനത്ത് ആറു പോയന്റിന്റെ ലീഡുമായി അര്‍ജന്റീന 2026 ലോകകപ്പില്‍ ഇടം ഏറക്കുറെ ഉറപ്പിച്ചു. നേരിട്ടുള്ള യോഗ്യതക്ക് ഒരു പോയന്റ് മാത്രം അകലെയാണ് നിലവിലെ ചാമ്പ്യന്മാര്.
ചിരവൈരികളായ ബ്രസീലിനെതിരായ മത്സരത്തിന് മുമ്പായി അര്‍ജന്റീനക്ക് ആത്മവിശ്വാസം പകരുന്നതായി ഉറുഗ്വെക്കെതിരായ ജയം. ഈ മാസം 26ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം. ബ്രസീലിനെതിരായ കളിയില്‍ സമനില നേടിയാല്‍പോലും തെക്കനമേരിക്കന്‍ ഗ്രൂപ്പില്‍നിന്ന് 2026 ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യടീമാകും അര്‍ജന്റീന. ഗ്രൂപ്പില്‍നിന്ന് പ്ലേഓഫ് കളിക്കാനുള്ള യോഗ്യത അര്‍ജന്റീന ഇതിനകം ഉറപ്പിച്ചുകഴിഞ്ഞു.
മെസ്സിക്കുപുറമെ ലൗതാരോ മാര്‍ട്ടിനെസ്, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയ വമ്പന്മാരൊന്നുമില്ലാതെയാണ് ഉറുഗ്വെയുടെ വമ്പിനെ അര്‍ജന്റീന ഉശിരോടെ നേരിട്ടത്. യുവരക്തങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ടീം രണ്ടാം പകുതിയില്‍ കാഴ്ചവെച്ച പന്തടക്കവും പോരാട്ടവീര്യവും അര്‍ജന്റീനക്ക് ഏറെ പ്രതീക്ഷ പകരുന്നതായി.
മോണ്ടിവിഡിയോയിലെ സെന്റിനാരിയോ സ്റ്റേഡിയത്തില്‍ അല്‍മാഡഹൂലിയന്‍ ആല്‍വാരസ്ജിയൂലിയാനി സിമിയോണി എന്നിവരെ മുന്‍നിരയില്‍ അണിനിരത്തി 4-3-3 ശൈലിയിലാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. പിതാവ് ഡീഗോ സിമിയോണിക്കു പിന്നാലെ അര്‍ജന്റീനയുടെ അഭിമാന ജഴ്സിയണിഞ്ഞ് ജിയൂലിയാനി ചരിത്രത്താളുകളില്‍ ഇടം നേടി. ഡി പോള്‍ പകരക്കാരുടെ നിരയിലേക്ക് പിന്മാറിയ കളിയില്‍ അലക്സിസ് മക് അലിസ്റ്റര്‍ലിസാന്‍ഡ്രോ പരേഡെസ്എന്‍സോ ഫെര്‍ണാണ്ടസ് ത്രയമാണ് മിഡ്ഫീല്‍ഡ് ഭരിക്കാനിറങ്ങിയത്.
ലക്കും ലഗാനുമില്ലാത്ത അര്‍ജന്റീനയായിരുന്നു കളിയുടെ ആദ്യഘട്ടത്തില്‍ കളത്തില്‍. തടിമിടുക്കും പന്തടക്കവും സംയോജിപ്പിച്ച് ഉറുഗ്വെ പടനയിച്ചപ്പോള്‍ ലോക ചാമ്പ്യന്മാര് പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു. ഡാര്വിന് നൂനെസും മാക്സി അറോയോയും നയിച്ച ഉറുഗ്വെന്‍ ആക്രമണത്തെ സെന്‍ട്രല്‍ ഡിഫന്‍സില്‍ നിക്കോളാസ് ഒടാമെന്‍ഡിയെയും ക്രിസ്റ്റ്യന്‍ റൊമോറോയെയും മുന്‍നിര്‍ത്തി ഫലപ്രദമായി ചെറുത്തുനില്‍ക്കുകയായിരുന്നു അര്‍ജന്റീന.
പരിക്കുകാരണം വിട്ടുനിന്ന മെസ്സിയുടെ അഭാവം തൊട്ടെടുക്കാമെന്ന വണ്ണം പ്രകടമായിരുന്നു അര്‍ജന്റീനാ നിരയില്‍. മധ്യനിരയിലെ അവരുടെ കരുനീക്കങ്ങള്‍ക്കൊന്നും ഒട്ടും കൃത്യത ഉണ്ടായിരുന്നില്ല. കൗണ്ടര്‍ അറ്റാക്കിങ്ങിന്റെ ഒറ്റപ്പെട്ട സന്ദര്‍ഭങ്ങളില്‍ മാത്രമാണ് മുന്‍നിരക്കാര്‍ക്ക് പന്തെത്തിയത്. ആദ്യ അരമണിക്കൂറില്‍ നാലില്‍ മൂന്നുഭാഗം സമയത്തും പന്ത് ഉറുഗ്വെയുടെ കാലിലായിരുന്നുവെന്നത് അവിശ്വസനീയമായി.
കരുനീക്കങ്ങള്‍ക്ക് താളം ചമയ്ക്കാനുള്ള ക്രിയേറ്റിവ് മിഡ്ഫീല്ഡറുടെ അഭാവമാണ് കളംഭരിക്കാനുള്ള അര്‍ജന്റീനാ മോഹങ്ങള്‍ക്ക് ആദ്യപകുതിയില്‍ വിലങ്ങുതടിയായത്. 19ാം മിനിറ്റിലാണ് അര്‍ജന്റീന ആദ്യനീക്കം നടത്തിയത്. പരേഡെസിന്റെ ഷോട്ട് പക്ഷേ, പോസ്റ്റില്‍നിന്ന് ഏറെ അകലെയായിരുന്നു. കളി അര മണിക്കൂറാകവേ, ജോര്‍ജിയന്‍ ഡി അരാസ്കയേറ്റയുടെ ഷോട്ട് എമിലിയാനോ മാര്‍ട്ടിനെസ് സമര്‍ഥമായി തടഞ്ഞിട്ടു.
ആദ്യപകുതിയുടെ അവസാന ഘട്ടങ്ങളില്‍ അര്‍ജന്റീന പാസിങ് ഗെയിമുമായി കളിയില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലായിരുന്നു. അതിന്റെ ഫലമായി ആദ്യപകുതിയിലെ ഏറ്റവും മികച്ച അവസരം അവര്‍ക്ക് ലഭിച്ചത് 43ാം മിനിറ്റില്‍. അല്‍മാഡയുടെ ബോക്സിലേക്കുള്ള പാസ് ഉറുഗ്വെ ഗോളി റോഷെ വീണുകിടന്ന് തട്ടിമാറ്റി. റീബൗണ്ടില്‍ മക് അലിസ്റ്ററുടെ ഷോട്ട് പ്രതിരോധമതിലില്‍ തട്ടി മടങ്ങി.
ഇടവേളക്കുശേഷം അര്‍ജന്റീന അടിമുടി മാറി. മൂന്നുമിനിറ്റിനകം അവര്‍ ഗോളിനടുത്തെത്തുകയും ചെയ്തു. ആല്‍വാരസിന്റെ ഷോട്ട് വലയിലേക്കെന്നു തോന്നിച്ച വേളയില്‍ അവസാനനിമിഷം റോഷെ പുറത്തേക്ക് ഗതിമാറ്റിയൊഴുക്കി. കുറുകിയ പാസുകളില്‍ അര്‍ജന്റീന കളംപിടിക്കുകയായിരുന്നു പിന്നെ. 68ാം മിനിറ്റില്‍ അതിന് ഫലമുണ്ടായി. അല്‍മാഡോയുടെ ബ്രില്യന്‍സായിരുന്നു പന്തിന് വലയിലേക്ക് വഴികാട്ടിയത്. ഇടതുവിങ്ങില്‍ ടാഗ്ലിയാഫിക്കോയുമായി ചേര്‍ന്ന് പന്ത് കൈമാറിയെത്തിയശേഷം ബോക്സിന് പുറത്തുനിന്ന് അല്‍മാഡയുടെ അളന്നുകുറിച്ച ഷോട്ട്. പറന്നുചാടിയ റോഷെക്ക് അവസരമൊന്നും നല്‍കാതെ പന്ത് വലയുടെ മൂലയിലേക്ക് പാഞ്ഞുകയറിയപ്പോള്‍ മനോഹര ഗോളിന്റെ പിറവിയായി.
റയല്‍ മഡ്രിഡ് താരമായ വാല്‍വെര്‍ദെയുടെ നീക്കങ്ങളെ മധ്യനിരയില്‍ മക്അലിസ്റ്റര്‍ മുളയിലേ നുള്ളിയതോടെ ഉറുഗ്വെക്ക് താളം നഷ്ടമായി. രണ്ടാം പകുതിയില്‍ ഒത്തിണക്കം കാട്ടിയ മധ്യനിര ചടുലമായതോടെയാണ് കളിയുടെ ഗതി സ്വിച്ചിട്ടെന്നോണം മാറിയത്. പിന്നീടൊരു തിരിച്ചുവരവ് ഉറുഗ്വെക്ക് സാധ്യമായില്ല.
ലീഡ് നേടിയ അര്‍ജന്റീന മുന്‍നിരയില്‍നിന്ന് സിമിയോണിയെ പിന്‍വലിച്ച് പകരം നിക്കോ ഗോണ്‍സാലസിനെ ഇറക്കി. തങ്ങളുടെ സ്റ്റാര്‍ കളിക്കാരെങ്കിലും നിറം മങ്ങിയ വാല്‍വെര്‍ദെക്കും നൂനെസിനും പകരം റോഡ്രിഗോ അഗ്വിറോയെയും ഫെഡെറികോ വിനാസിനെയും ഉറുഗ്വെ കളത്തിലെത്തിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. മക് അലിസ്റ്റര്‍ക്ക് പകരം അര്‍ജന്റീന നിരയില്‍ 80ാം മിനിറ്റില്‍ പലാസിയോസുമെത്തി.
രണ്ടാം പകുതി അര്‍ജന്റീനയുടെ ആധിപത്യത്തിന് സുന്ദരമായി വഴങ്ങിക്കൊടുത്തപ്പോള് ഉറുഗ്വെന്‍ പ്രതീക്ഷകള്‍ പച്ചതൊട്ടില്ല. മധ്യനിരയിലൂടെ അതിവേഗ പാസുകളുമായി കൗണ്ടര്‍ അറ്റാക്കിങ് നടത്താനുള്ള ശ്രമങ്ങളും ഒടാമെന്‍ഡിയും കൂട്ടരും നെഞ്ചുവിരിച്ച് നേരിട്ടതോടെ കാര്യങ്ങള്‍ അര്‍ജന്റീനയുടെ വരുതിയിലായി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഗോണ്‍സാലസ് ചുകപ്പുകാര്‍ഡ് കണ്ട് മടങ്ങിയതോടെ അര്‍ജന്റീന കളി അവസാനിപ്പിച്ചത് പത്തുപേരുമായി.
Football
ആ അധ്യായം അടഞ്ഞെന്ന് അനസ്
രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്

കോഴിക്കോട്: സർക്കാർ ജോലി കാര്യത്തിൽ ഇനി ആർക്ക് മുന്നിലും അപേക്ഷ നൽകാനില്ലെന്ന് ഫുട്ബോളർ അനസ് എടത്തൊടിക. അർഹമായ ജോലിക്കായി അംഗീകൃത മാർഗങ്ങളിൽ തന്നെ സഞ്ചരിച്ചു. പക്ഷേ കായിക മന്ത്രി ഉൾപ്പെടെയുള്ളവർ പ്രതികൂലമായാണ് സംസാരിക്കുന്നത്. രാജ്യത്തിനായി കളിച്ച ഒരു ഫുട്ബോളർക്കും അവഗണന സംഭവിക്കരുത് എന്ന് കരുതിയാണ് ജോലി കാര്യത്തിൽ ഉറച്ചുനിന്നത്. എന്നെ നന്നായി അറിയാവുന്ന കൊണ്ടോട്ടി എം.എൽ.എ ഇബ്രാഹിം നിയമസഭയിൽ രേഖകൾ സമർപ്പിച്ച് സംസാരിച്ചിട്ടും അധികൃതർ സംശയദൃഷ്ടിയോടെയാണ് കാര്യങ്ങൾ കണ്ടതെന്നും അനസ് സുചിപ്പിക്കുന്നു. രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്.
Football
ഈ സീസണ് അവസാനത്തോടെ ഡി ബ്രൂയിനെ സിറ്റി വിട്ടേക്കും
സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

ഒരു പതിറ്റാണ്ടു കാലം മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിലെ അനിഷേധ്യ സാന്നിധ്യമായിരുന്ന കെവിൻ ഡിബ്രൂയിനെ ക്ലബ്ബ് വിടുന്നു. സോഷ്യൽ മീഡിയ പേജുകളിലൂടെ താരം തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്. സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.
പ്രീമിയർ ലീഗിലെ എക്കാലത്തേയും മികച്ച മിഡ്ഫീൽഡർമാരുടെ കൂട്ടത്തിലാണ് ഡിബ്രൂയിനെയുടെ പേര് എണ്ണപ്പെടുന്നത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയവരുടെ പട്ടികയിൽ റ്യാൻ ഗിഗ്സിന് ശേഷം രണ്ടാമതാണ് ഡിബ്രൂയിനെയുടെ സ്ഥാനം. കരിയറിലുടനീളം സിറ്റിയുടെ 118 ഗോളുകൾക്കാണ് ഡിബ്രൂയിനെ വഴിയൊരുക്കിയത്. റ്യാൻ ഗിഗ്സ് യുണൈറ്റഡ് ജഴ്സിയിൽ 162 ഗോളുകൾക്കാണ് വഴി തുറന്നത്.
പരിക്ക് വലച്ച അവസാന സീസണിൽ പലപ്പോഴും ബെഞ്ചിലായിരുന്നു ബെല്‍ജിയന്‍ താരത്തിന്റെ സ്ഥാനം. ആറ് തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഇത്തിഹാദ് ഷെല്‍ഫിലെത്തിച്ച ഡിബ്രൂയിനെ ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലും ഒരു എഫ്.എ കപ്പിലും മുത്തമിട്ടു.
Football
ഡൊറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.

ബ്രസീൽ ദേശീയ ഫുട്ബോൾ ടീം കോച്ച് ഡോറിവൽ ജൂനിയറിനെ പുറത്താക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ 4-1ന്റെ കനത്ത തോല്‍വിയാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിനു നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷൻ്റെ കനത്ത നടപടി.
ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൊറിവാള് ജൂനിയര്‍ ഇനി ടീമിനൊപ്പം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാവി പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദേശീയ ടീമിനായി ചെയ്ത സേവനങ്ങള്‍ക്കു നന്ദി പറയുന്നു. പുതിയ പരിശീലകനെ ഉടന്‍ തന്നെ നിയമിക്കും.എന്നായിരുന്നു അറിയിപ്പ്.
2022ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടു പരാജയപ്പെട്ടതിനു പിന്നാലെ കോച്ച് ടിറ്റെയെ പുറത്താക്കിയാണ് ഡൊറിവാളിനെ ബ്രസീല്‍ നിയമിച്ചത്.62കാരനായ പരിശീലകന് 16 മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. 7 വീതം ജയവും തോല്‍വിയും 2 സമനിലയുമാണ് ഈ കാലഘട്ടിൽ ബ്രസീൽ നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ന്റീനയോടേറ്റ കനത്ത തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഡൊറിവാള് ഏറ്റെടുത്തിരുന്നു.
ബ്രസീലിൻ്റെ സൂപ്പർ താരം നെയ്മർ ഡൊറിവാളിനു കീഴിൽ ഒരു മത്സരങ്ങളിലും കളിച്ചിച്ചില്ല. 5 തവണ ലോക ചാംപ്യന്മാരായ ബ്രസീല്‍ നിലവിലെ സാഹചര്യത്തിൽ 2026ലെ ലോകകപ്പിലെത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. അര്‍ജന്റീനയ്ക്കും ഇക്വഡോറിനും യുറുഗ്വെയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് ഇപ്പോൾ ബ്രസീൽ.
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala2 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
-
kerala2 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
-
News2 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
india2 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
-
Film2 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
Cricket2 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala2 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി