News
ഫലസ്തീന് തടവുകാരെ മോചിപ്പിക്കണം: ലണ്ടനില്‍ ‘റെഡ് റിബണ്‍സ്’ ആഗോള കാമ്പെയ്ന് ആരംഭിച്ചു
കാമ്പെയിന്റെ ഭാഗമായി പൊതുഇടങ്ങളില്‍ ചുവന്ന റിബണുകളും ഫലസ്തീന് തടവുകാരുടെ ചിത്രങ്ങളും സ്ഥാപിച്ചു
ലണ്ടന്‍: ഇസ്രാഈല്‍ തടവിലിട്ട ഫലസ്തീന് തടവുകാരെ തൂക്കിക്കൊല്ലാന്‍ അനുവദിക്കുന്നതിനുള്ള ഏറ്റവും പുതിയ ഇസ്രാഈല്‍ നിയമനിര്‍മാണ നീക്കത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചതിന് പിന്നാലെ, തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലണ്ടനിലെ ആക്ടിവിസ്റ്റുകള്‍ ‘റെഡ് റിബണ്‍സ്’ എന്ന പേരില്‍ ആഗോള കാമ്പെയ്ന് ആരംഭിച്ചു.
കാമ്പെയിന്റെ ഭാഗമായി പൊതുഇടങ്ങളില്‍ ചുവന്ന റിബണുകളും ഫലസ്തീന് തടവുകാരുടെ ചിത്രങ്ങളും സ്ഥാപിച്ചു. ഗസ്സയിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമുള്ള 400ലധികം കുട്ടികളും 150ഓളം മെഡിക്കല്‍ തൊഴിലാളികളും ഉള്‍പ്പെടെ കുറഞ്ഞത് 9,000 ഫലസ്തീനികളെ ഇസ്രാഈല്‍ അധികൃതര്‍ നിയമവിരുദ്ധമായി തടവിലാക്കിയിട്ടുണ്ടെന്നാണ് ആക്ടിവിസ്റ്റുകളുടെ ആരോപണം.
ജയില്‍ അധികാരികള്‍ക്ക് വിപുലമായ അധികാരങ്ങള്‍ നല്കുന്ന ഇസ്രാഈല്‍ നിയമനിര്‍മാണത്തെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായ സാഹചര്യത്തിലാണ് കാമ്പെയിന് ആരംഭിച്ചത്. തടങ്കല്‍ കാലാവധി നീട്ടാനുള്ള അധികാരം, ശിക്ഷ പൂര്‍ത്തിയാക്കിയ തടവുകാരെ മോചിപ്പിക്കുന്നത് തടയല്‍, ഫലസ്തീന് തടവുകാര്‍ക്ക് മാത്രമായി വധശിക്ഷ വിധിക്കല്‍ തുടങ്ങിയ നടപടികളെയാണ് ആക്ടിവിസ്റ്റുകള്‍ ശക്തമായി അപലപിക്കുന്നത്.
ഇസ്രാഈല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന് ബന്ദികളുടെ ദുരവസ്ഥ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് കാമ്പെയിന് തുടക്കമിട്ട അദ്നാന് ഹ്മിദാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
‘ഇസ്രാഈല്‍ ജയിലുകളില്‍ നടക്കുന്നത് ഒറ്റപ്പെട്ട ദുരുപയോഗങ്ങളുടെ പരമ്പരയല്ല. മറിച്ച് അപമാനത്തിന്റെയും വ്യവസ്ഥാപിത പീഡനത്തിന്റെയും പൂര്‍ണമായി വികസിപ്പിച്ച ഒരു സംവിധാനമാണ്. ഇത് ഇപ്പോള്‍ വംശീയ സ്വഭാവമുള്ള നിയമങ്ങളിലൂടെ നിയമവിധേയമാക്കപ്പെടുകയാണ്,’ പ്രസ്താവനയില്‍ പറയുന്നു. ഫലസ്തീന് തടവുകാരുടെ അവകാശ സംഘടനകള്‍ ഇസ്രാഈല്‍ നെതിരെ വ്യാപകമായ പീഡനം, ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങള്‍, ദീര്‍ഘകാല ഏകാന്തതടവ്, മെഡിക്കല്‍ അവഗണന എന്നിവ ആരോപിച്ചിട്ടുണ്ടെന്നും ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.
ഗസ്സയ്ക്കെതിരായ ഇസ്രാഈല്ലിന്റെ വംശഹത്യാ യുദ്ധം ആരംഭിച്ചതിനുശേഷം പട്ടിണിയും കസ്റ്റഡിയിലെ മരണങ്ങളും വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, രഹസ്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റം ചുമത്താതെയോ വിചാരണ നടത്താതെയോ തടവിലാക്കാന്‍ അനുവദിക്കുന്ന ‘ഭരണപരമായ തടങ്കല്‍’ മനുഷ്യാവകാശ സംഘടനകള്‍ കൂട്ടശിക്ഷയുടെ ഉപാധിയായി വ്യാപകമായി വിമര്‍ശിച്ചിട്ടുണ്ട്. ഈ ഉത്തരവുകള്‍ പ്രകാരം ഫലസ്തീനികളെ അനിശ്ചിതകാലത്തേക്ക് തടവിലാക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളത്.
ഇസ്രാഈല്‍ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ ‘ഹാമോകെഡ്’ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2026 ജനുവരി വരെ കുറഞ്ഞത് 3,300 ഫലസ്തീനികള്‍ നിലവില്‍ ഭരണപരമായ തടങ്കലില്‍ കഴിയുന്നുണ്ട്.
india
വോട്ടർ പട്ടികയിൽ പേരില്ല; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ) രത്തൻ യു. ഖേൽക്കർ ശനിയാഴ്ച ഹിയറിങ്ങിന് ഹാജരായി
രാവിലെ പത്തിന് കവടിയാർ വില്ലേജ് ഓഫീസിലായിരുന്നു ഹിയറിങ് നടന്നത്.
തിരുവനന്തപുരം: 2002 ലെ വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ) രത്തൻ യു. ഖേൽക്കർ ശനിയാഴ്ച ഹിയറിങ്ങിന് ഹാജരായി. രാവിലെ പത്തിന് കവടിയാർ വില്ലേജ് ഓഫീസിലായിരുന്നു ഹിയറിങ് നടന്നത്.
കർണ്ണാടക സ്വദേശിയായ രത്തൻ യു. ഖേൽക്കറുടെ പേര് എസ്.ഐ.ആർ പട്ടികയിലും ഉൾപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ രക്ഷിതാക്കളുടെയും പേരുകൾ കർണ്ണാടകയിലെ പട്ടികയിൽ ഉണ്ടായിരുന്നില്ല. നിലവിൽ കേരളത്തിലെ വോട്ടർ പട്ടികയിൽ പേര് ഉണ്ടെങ്കിലും, 2002 ലെ കേരള പട്ടികയിലോ കർണ്ണാടകയിലെ എസ്.ഐ.ആർ പട്ടികയിലോ പേര് ഇല്ലാത്തതിനാൽ മാപ്പിങ് സാധ്യമാകാത്ത അവസ്ഥയായിരുന്നു. എൻയൂമറേഷൻ ഫോം പൂരിപ്പിക്കുന്നതിനിടെ ഈ വിവരം സി.ഇ.ഒ തന്നെ രേഖപ്പെടുത്തിയിരുന്നു. പാസ്പോർട്ടിന്റെ പകർപ്പും എൻയൂമറേഷൻ ഫോമിനൊപ്പം സമർപ്പിച്ചിരുന്നു.
തുടർന്ന് ബി.എൽ.ഒ വഴി ഇ.ആർ.ഒ ഹിയറിങ്ങിന് നോട്ടീസ് നൽകിയതിനെ തുടർന്നാണ് അദ്ദേഹം കവടിയാർ വില്ലേജ് ഓഫീസിൽ എത്തിയത്. തിരിച്ചറിയൽ രേഖയായി പാസ്പോർട്ടിന്റെ പകർപ്പ് ഹാജരാക്കിയതോടെ ഇ.ആർ.ഒ പരിശോധന നടത്തി. ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ നടപടി പൂർത്തിയാക്കി.
2002-ൽ താൻ സർവീസിലായിരുന്നില്ലെന്നും ആ സമയത്ത് കർണ്ണാടകയിലായിരുന്നുവെന്നും രത്തൻ യു. ഖേൽക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു. നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നേരിട്ട് ഹിയറിങ്ങിന് എത്തിയതെന്നും, വളരെ എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഇവിടത്തെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനാണ് എത്തിയതെന്നും, ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ എല്ലാ നടപടിക്രമങ്ങളും വേഗത്തിലാക്കുമെന്നും സി.ഇ.ഒ വ്യക്തമാക്കി. ആവശ്യമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം സമയം നീട്ടുമെന്നും, പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആളുകൾ മുന്നോട്ട് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി ഏഴിനകം ഹിയറിങ്ങുകൾ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും, ആവശ്യമെങ്കിൽ ഒഴിവാക്കൽ പട്ടികയിലെ പേരുകൾ കൂടുതൽ സ്ഥലങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും രത്തൻ യു. ഖേൽക്കർ അറിയിച്ചു.
News
ചാറ്റ് ജി.പി.ടിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തും; സൗജന്യ ഉപയോക്താക്കൾക്ക് മാത്രം, പ്രീമിയം പ്ലാനുകൾക്ക് ഒഴിവ്
കമ്പനിയുടെ സി.ഇ.ഒ സാം ആൾട്ട്മാൻ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾ ആശ്രയിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് പ്ലാറ്റ്ഫോമായ ചാറ്റ് ജി.പി.ടിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്താൻ ഓപ്പൺ എ.ഐ തീരുമാനം. കമ്പനിയുടെ സി.ഇ.ഒ സാം ആൾട്ട്മാൻ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വരുമാന മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും എ.ഐ സേവനങ്ങളുടെ ഉയർന്ന പ്രവർത്തനച്ചെലവ് നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കം. ആദ്യഘട്ടത്തിൽ സൗജന്യ ഉപയോക്താക്കൾക്കും കുറഞ്ഞ നിരക്കിലുള്ള ‘ചാറ്റ് ജി.പി.ടി ഗോ’ സബ്സ്ക്രിപ്ഷൻ പ്ലാൻ ഉപയോഗിക്കുന്നവർക്കുമാണ് പരസ്യങ്ങൾ കാണിക്കുക. അതേസമയം, പ്ലസ്, പ്രോ, എന്റർപ്രൈസ് എന്നീ പ്രീമിയം പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് പരസ്യങ്ങൾ ഉണ്ടാകില്ലെന്ന് ഓപ്പൺ എ.ഐ വ്യക്തമാക്കി.
ചാറ്റ് ജി.പി.ടിയുടെ മറുപടികളുടെ അവസാന ഭാഗത്ത് ‘സ്പോൺസേഡ്’ എന്ന വ്യക്തമായ അടയാളത്തോടെയാണ് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. പരസ്യങ്ങൾ ചാറ്റ് ജി.പി.ടിയുടെ യഥാർത്ഥ മറുപടികളെ സ്വാധീനിക്കില്ലെന്നും ഉപയോക്താക്കളുമായുള്ള സംഭാഷണങ്ങൾ പരസ്യദാതാക്കളുമായി പങ്കുവെയ്ക്കില്ലെന്നും സാം ആൾട്ട്മാൻ ഉറപ്പുനൽകി.
ഇൻസ്റ്റാഗ്രാമിലെ പരസ്യ സംവിധാനം ഉദാഹരണമായി ചൂണ്ടിക്കാട്ടിയ ആൾട്ട്മാൻ, ഉപയോക്താക്കളെ അലട്ടാത്തതും പ്രയോജനകരവുമായ പരസ്യങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. സ്വകാര്യതക്കും സുരക്ഷയ്ക്കും പരമാവധി മുൻഗണന നൽകുമെന്നും കമ്പനി അറിയിച്ചു.
18 വയസ്സിന് താഴെയുള്ളവർക്ക് പരസ്യങ്ങൾ കാണിക്കില്ല. ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, മാനസികാരോഗ്യം, രാഷ്ട്രീയം തുടങ്ങിയ സെൻസിറ്റീവ് മേഖലകളിൽ പരസ്യങ്ങൾ അനുവദിക്കുകയുമില്ല. ചാറ്റ് ജി.പി.ടി പോലുള്ള വൻ എ.ഐ മോഡലുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വലിയ ചെലവുകൾ കണക്കിലെടുത്താണ് പരസ്യ വരുമാനം പുതിയ മാർഗമായി ഓപ്പൺ എ.ഐ സ്വീകരിക്കുന്നതെന്നാണ് വിലയിരുത്തൽ.
News
മാഞ്ചസ്റ്റർ ഡെർബിക്കൊപ്പം ഇന്ന് വമ്പൻ മത്സരദിനം; പ്രീമിയർ ലീഗിൽ ചെൽസി, ടോട്ടനം, ആർസനൽ, ലിവർപൂൾ കളത്തിലേക്ക്
ചെൽസി, ടോട്ടനം, ആർസനൽ, ലിവർപൂൾ, ഫുള്‍ഹാം എന്നീ പ്രമുഖ ടീമുകളും ഇന്ന് മത്സരത്തിനിറങ്ങും. ലാലിഗയിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും ഇന്ന് കളത്തിലുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ ഡെർബിയാണ് ഇന്നത്തെ പ്രധാന ആകർഷണമെങ്കിലും, ചെൽസി, ടോട്ടനം, ആർസനൽ, ലിവർപൂൾ, ഫുള്‍ഹാം എന്നീ പ്രമുഖ ടീമുകളും ഇന്ന് മത്സരത്തിനിറങ്ങും. ലാലിഗയിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും ഇന്ന് കളത്തിലുണ്ട്.
ഇന്ത്യൻ സമയം രാത്രി 8.30ന് ടോട്ടനം, ലിവർപൂൾ, ചെൽസി, ഫുള്‍ഹാം എന്നീ ടീമുകളുടെ മത്സരങ്ങളാണ് നടക്കുക. രാത്രി 11 മണിക്ക് ആർസനൽ–നോട്ടിങ്ഹാം ഫോറസ്റ്റ് മത്സരവും നടക്കും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി ബ്രെന്റ്ഫോർഡിനെ നേരിടും. ലിവർപൂൾ ബേൺലിയെയും, ടോട്ടനം വെസ്റ്റ് ഹാമിനെയും, ക്രിസ്റ്റൽ പാലസ് സണ്ടർലാൻഡിനെയും, ഫുള്‍ഹാം ലീഡ്സ് യുണൈറ്റഡിനെയും നേരിടും.
21 മത്സരങ്ങളിൽ നിന്ന് 49 പോയിന്റ് നേടിയ ആർസനൽ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 35 പോയിന്റുള്ള ലിവർപൂൾ നാലാം സ്ഥാനത്തും, 31 പോയിന്റുള്ള ചെൽസി എട്ടാം സ്ഥാനത്തും, 27 പോയിന്റുള്ള ടോട്ടനം പതിനാലാം സ്ഥാനത്തുമാണ്.
അതേസമയം, സ്പാനിഷ് ലീഗായ ലാലിഗയിൽ ഇന്ന് റയൽ മാഡ്രിഡും ലവന്റെും തമ്മിലുള്ള മത്സരം നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് ഈ മത്സരം ആരംഭിക്കുക.
-
kerala2 days agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
-
kerala2 days agoഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്
-
kerala2 days agoശബരിമല സ്വർണക്കൊള്ള: രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി
-
kerala2 days agoവയനാടിനെ എഴുതി അച്ഛൻ, മകൻ പാടി: കണ്ണീരണിഞ്ഞ് സദസ്സ്
-
film2 days agoഏപ്രിൽ രണ്ടിന് ‘വാഴ II ; ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ തിയേറ്ററുകളിൽ
-
kerala2 days agoഉംറ തീർഥാടകരുടെ യാത്ര മുടങ്ങി; 46 പേർ വിമാനത്താവളത്തിൽ കുടുങ്ങി
-
kerala2 days agoബിഗ് സ്ക്രീനിലെ കുഞ്ഞ് താരം മീതിക വെനേഷ് കലോത്സവ വേദിയിലും തിളങ്ങി
-
Video Stories20 hours agoനാഗ്പൂർ കോർപറേഷനിൽ മുസ്ലിം ലീഗിന് നാല് സീറ്റ്
