india
ഗസ്സയില്‍ ആക്രമണം തുടരുന്നതിനിടെ മോദി ഇസ്രാഈലിലേക്ക്; ഫലസ്തീന്‍ ജനതയെ സര്‍ക്കാര്‍ കൈവിട്ടെന്ന് കോണ്‍ഗ്രസ്
ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ പുലര്‍ത്തുന്ന പ്രതിബദ്ധതയെക്കുറിച്ച് സര്‍ക്കാര്‍ നടത്തുന്നത് കപടമായ പ്രസ്താവനകള്‍ മാത്രമാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
ന്യൂഡല്‍ഹി: ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രാഈല്‍ സന്ദര്‍ശിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ ഫലസ്തീന്‍ ജനതയെ പൂര്‍ണ്ണമായും കൈവിട്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ പുലര്‍ത്തുന്ന പ്രതിബദ്ധതയെക്കുറിച്ച് സര്‍ക്കാര്‍ നടത്തുന്നത് കപടമായ പ്രസ്താവനകള്‍ മാത്രമാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. വാസ്തവത്തില്‍ ആ ലക്ഷ്യത്തെ അവര്‍ ഉപേക്ഷിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ആയിരക്കണക്കിന് ഫലസ്തീനികളെ കുടിയിറക്കുന്നത് രൂക്ഷമാവുകയും ലോകമെമ്പാടും ഇത് അപലപിക്കപ്പെടുകയും ചെയ്യുമ്പോഴാണ് മോദിയുടെ ഈ യാത്രയെന്ന് ജയറാം രമേശ് ഓര്‍മ്മിപ്പിച്ചു.
ഇസ്രാഈലും യു.എസും ഇറാനെതിരെ വ്യോമാക്രമണം നടത്താന്‍ പദ്ധതിയിടുന്ന അതീവ ഗൗരവകരമായ സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം. ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന നെതന്യാഹുവിനെ ആലിംഗനം ചെയ്യാനാണ് പ്രധാനമന്ത്രി പോകുന്നത്. സന്ദര്‍ശനത്തിന് പിന്നില്‍ അദാനി ഗ്രൂപ്പുമായുള്ള സാമ്പത്തിക താല്‍പ്പര്യങ്ങളുണ്ടെന്ന് ‘മൊദാനി’ പരാമര്‍ശത്തിലൂടെ ജയറാം ആരോപിച്ചു.
ഇസ്രാഈല്‍ പാര്‍ലമെന്റിലെ (നെസെറ്റ്) മോദിയുടെ പ്രസംഗം അവിടുത്തെ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഫെബ്രുവരി 25-നാണ് പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ ഔദ്യോഗിക ഇസ്രാഈല്‍ സന്ദര്‍ശനം ആരംഭിക്കുന്നത്. സന്ദര്‍ശനത്തിനിടയില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു, പ്രസിഡന്റ് ഐസാക് ഹെര്‍സോഗ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും.
Film
‘കേരള സ്റ്റോറി 2’ പ്രൊമോഷനില്‍ വിവാദം; ഇരകളെന്ന് അവകാശപ്പെട്ട് വേദിയിലെത്തിച്ചത് 37 ഉത്തരേന്ത്യന്‍ സ്ത്രീകളെ
ഒരാള്‍ പോലും കേരളത്തില്‍ നിന്നല്ല
വസ്തുതാവിരുദ്ധമായ ഉള്ളടക്കത്തിന്റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ പ്രമോഷന്‍ പരിപാടിയും വിവാദമാകുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന പ്രമോഷന്‍ ചടങ്ങില്‍ ‘ലവ് ജിഹാദ്’ ഇരകളെന്ന് അവകാശപ്പെടുന്ന 37 സ്ത്രീകളെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ച് അണിയറപ്രവര്‍ത്തകര്‍. എന്നാല്‍ ഇവരില്‍ ഒരാള്‍ പോലും കേരളത്തില്‍ നിന്നുള്ളവരല്ല എന്ന വസ്തുത പുറത്തുവന്നതോടെ പരിപാടി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
പ്രമോഷനെത്തിയ 37 സ്ത്രീകളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. സിനിമയുടെ പേര് ‘കേരള സ്റ്റോറി’ എന്നായിട്ടും കേരളത്തില്‍ നിന്നുള്ള ഇരകള്‍ എന്തുകൊണ്ട് ഇല്ല എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ നിര്‍മാതാവിനോ സംവിധായകനോ സാധിച്ചില്ല. കേരളത്തില്‍ നിന്നുള്ള ഇരകളുടെ വീഡിയോകള്‍ യൂട്യൂബില്‍ ലഭ്യമാണെന്നായിരുന്നു നിര്‍മാതാവിന്റെ മറുപടി. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതോടെ അണിയറപ്രവര്‍ത്തകര്‍ പത്രസമ്മേളനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഇറങ്ങിപ്പോയി.
രാജ്യത്ത് ‘ലവ് ജിഹാദ്’ നടക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ മുന്‍പ് വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചടങ്ങില്‍ ഉന്നയിച്ചു. എന്നാല്‍ ലവ് ജിഹാദ് കേരളത്തില്‍ തുടങ്ങി മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതിനെ കുറിച്ചാണ് രണ്ടാം ഭാഗം പറയുന്നതെന്നായിരുന്നു സംവിധായകന്റെ വാദം.
ട്രെയിലറിലെ വിദ്വേഷപരമായ രംഗങ്ങള്‍ക്കെതിരെ ഇതിനോടകം തന്നെ കേരളത്തിനകത്ത് വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഹിന്ദു പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുമെന്നായിരുന്നു പ്രധാന വിമര്‍ശനം.
അതേസമയം ചടങ്ങിലെത്തിയ സ്ത്രീകള്‍ യഥാര്‍ത്ഥ ഇരകളല്ലെന്നും സിനിമയുടെ പ്രചാരണത്തിനായി കെട്ടിച്ചമച്ച കഥകളാണെന്നും സമൂഹ മാധ്യമത്തില്‍ ഉള്‍പ്പെടെ ആരോപണങ്ങള്‍ ശക്തമാണ്.
india
‘മോദിയുടെ ഭയത്തിന് കാരണം എപ്സ്റ്റീന്‍ ഫയലും അദാനിക്കെതിരായ കേസും;’ രാഹുല്‍ ഗാന്ധി
‘ഇന്ത്യക്ക് ഒന്നും കിട്ടാത്ത വ്യാപാര കരാര്‍ നാണക്കേട്’
ന്യൂഡല്‍ഹി: എ.ഐ ഉച്ചകോടിയിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി നാണമില്ലാത്ത സംസാരം തുടരുകയാണെന്നെന്നും നാണക്കേട് എന്താണെന്ന് താന്‍ പറഞ്ഞുതരാമെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തെ യു.എസിന് വിറ്റതാണ് യഥാര്‍ത്ഥ നാണക്കേടെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.
‘മിത്രങ്ങളായ അദാനിക്കും അംബാനിക്കും വേണ്ടി ഉചിതമായത് ചെയ്‌തോളൂ. എന്നാല്‍ രാജ്യത്തെ കര്‍ഷകരുടെയും തൊഴിലാളികളുടെയും ചെറുകിട സംരംഭകരുടെയും സംരക്ഷണത്തിനായി നിലകൊള്ളുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദിയെ ഭയന്ന് ഒരടി പിന്നോട്ട് പോകില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഭയത്തിന് കാരണം മുന്‍ കരസേനാ മേധാവി എം.എം. നരവനെയോ അദ്ദേഹത്തിന്റെ പുസ്തകമോ അല്ല. മറിച്ച് എപ്സ്റ്റീന്‍ ഫയലുകളും അദാനിക്കെതിരായ കേസുകളുമാണ് അദ്ദേഹത്തെ വേട്ടയാടുന്നതെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യക്ക് നേട്ടമില്ലാത്ത യു.എസ് വ്യാപാര കരാറാണ് ഏറ്റവും വലിയ നാണക്കേടെന്നും രാഹുല്‍ ആരോപിച്ചു. രാജ്യത്തെ ഡാറ്റയും കര്‍ഷകരുടെ താല്‍പ്പര്യങ്ങളും അമേരിക്കയ്ക്ക് അടിയറവ് വെച്ചും അദ്ദേഹം കുറ്റപ്പെടുത്തി. അദാനിക്കെതിരായ കേസ് ബി.ജെ.പിക്കും അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ക്കുമാണ് തിരിച്ചടിയാവുകയെന്നും രാജ്യം ഇത് തിരിച്ചറിയുന്നുണ്ടെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.
india
കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ അറസ്റ്റിൽ
ബംഗളൂരു: കർണാടകയിൽ കരാറുകാരനിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ അറസ്റ്റിൽ. ഗഡക് ജില്ലയിലെ ശിരഹട്ടി മണ്ഡലം ബിജെപി എംഎൽഎ ഡോ. ചന്ദ്രു ലമാനിയെയും രണ്ട് പേഴ്‌സണൽ സഹായികളെയുമാണ് ലോകായുക്ത ഉദ്യോഗസ്ഥർ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. മൈനർ ഇറിഗേഷൻ വകുപ്പിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കരാറുകാരനിൽ നിന്ന് ലമാനി 11 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ലോകായുക്ത പൊലീസ് അറിയിച്ചു.
ഗഡഗ് താലൂക്കിൽ ചിഞ്ചാലി ഗ്രാമത്തിലെ ക്ലാസ് – ഒന്ന് കരാറുകാരൻ വിജയ് പൂജാർ ലോകായുക്ത പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഫെബ്രുവരി 21 ശനിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് ലക്ഷ്‌മേഹ്‌വാർ പട്ടണത്തിലെ ബാലാജി ആശുപത്രിയിൽ വെച്ച് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബിജെപി എംഎൽഎയെയും അദ്ദേഹത്തിന്റെ പേഴ്‌സണൽ അസിസ്റ്റന്റുമാരായ മഞ്ജുനാഥ് വാൽമീകിയും ഗുരു നായക്കും ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്. ലോകായുക്ത റെയ്ഡിനിടെ, ഗുരു നായക് 50,000 രൂപ അടങ്ങിയ കവർ ആശുപത്രിക്ക് പിന്നിലുള്ള സ്വകാര്യ സ്‌കൂളിന്റെ കോമ്പൗണ്ടിലേക്ക് എറിഞ്ഞു. ആശുപത്രിയിൽ നിന്ന് കണ്ടെത്തിയ 4.50 ലക്ഷം രൂപക്കൊപ്പം ലോകായുക്ത പൊലീസ് ആ തുകയും പിടിച്ചെടുത്തു.
ലോകായുക്ത എസ്പി സിദ്ധലിംഗപ്പയുടെ നേതൃത്വത്തിൽ ഗഡഗ് ലോകായുക്ത ഡിവൈഎസ്പി വിജയ് ബിരാദാർ, ഇൻസ്പെക്ടർ പരമേഷ് കവടഗി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.
-
Sports2 days agoനിര്‍ണായകം; ടി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖം
-
News2 days agoമോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
-
Video Stories2 days agoഇറാനി പോള
-
kerala2 days agoതന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
-
kerala2 days agoസംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
-
kerala2 days agoകുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര് ആശുപത്രിയില്‍
-
kerala2 days agoതൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
-
Health2 days agoറമദാന്: ആരോഗ്യകരമായ ഭക്ഷണശീലം
