editorial
ചിരി, ചിന്ത, നിലപാട്
മലയാളിയെ നിറചിരിയുടെ മാത്രമല്ല, നിത്യ ചിന്തയുടെയും ആഴങ്ങളിലേക്ക് കൈപിടിച്ചു നടത്തിയാണ് സലിം കുമാര്‍ എന്ന മഹാ നടന് വിടവാങ്ങുന്നത്.
മലയാളിയെ നിറചിരിയുടെ മാത്രമല്ല, നിത്യ ചിന്തയുടെയും ആഴങ്ങളിലേക്ക് കൈപിടിച്ചു നടത്തിയാണ് സലിം കുമാര്‍ എന്ന മഹാ നടന് വിടവാങ്ങുന്നത്. തന്റെ ചിരിക്കു പിന്നിലെ കരച്ചിലിന്റെയും സങ്കടത്തിന്റെയും പിന്നാമ്പുറങ്ങളെ നിരന്തരമായി അനാവരണം ചെയ്ത് അതുവഴി ചിന്തകളുടെ തീപ്പൊരികള്‍ അദ്ദേഹം സമൂഹത്തിന് സമര്‍പ്പിച്ചുകൊണ്ടേയിരുന്നു. അയാം ദി സോറി അളിയാ… അയാം ദി സോറി, ഇനിയെങ്ങാനും ശെരിക്കും ബിരിയാണി കൊടുത്താലോ, നമ്മള് നാലുപേരുമല്ലാതെ മൂന്നാമതൊരാള്‍ ഇതറിയരുത് … എന്നെല്ലാം പറഞ്ഞ അതേനാക്കകൊണ്ടുതന്നെയാണ് ‘നല്ല മനുഷ്യരെ എപ്പോഴും ഇഷ്ടമാണ്. നല്ല മനുഷ്യരില്ല ഇപ്പോള്‍, അതാണ് പ്രശ്നം. അവനവന്റെ കാര്യങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന മനുഷ്യരായി മാറി കഴിഞ്ഞിരിക്കുന്നു’ എന്നും അദ്ദേഹം പറഞ്ഞുവെച്ചത്. അതുകൊണ്ടുതന്നെ സലിംകുമാറിന്റെ കഥാപാത്രങ്ങളെ ഓര്‍ത്തോര്‍ത്തു ചിരിക്കുന്ന മലയാളി അതിലെപ്പോഴും ഒരു കണ്ണുനീരിന്റെ നനവുകൂടി ബാക്കി വെച്ചുകൊണ്ടിരുന്നു. ഏതൊരു കലാകാരനെയുമെന്ന പോലെ അനുഭവങ്ങളുടെ തീച്ചൂളയാണ് സലിംകുമാര്‍ എന്ന മഹാനടനെയും മലയാളിക്ക് സമ്മാനിച്ചത്. താന്‍ അതിജീവിച്ച പ്രതിസന്ധികളുടെ തീക്ഷ്ണാനുഭവങ്ങള്‍ അദ്ദേഹം പങ്കുവെക്കുമ്പോള്‍ ഒരായിരംപേര്‍ക്ക് അത് പ്രചോദനത്തിന്റെ മഹാഗാഥയായിത്തീരുകയായിരുന്നു. എഴുത്തുകാരാനാകാനും അഭിനേതാവാനുമൊക്കെയുള്ള ആഗ്രഹങ്ങളെ മുളയിലേ നുള്ളപ്പെട്ടുവെങ്കിലും ആരെങ്കിലുമൊക്കെയാകണമെന്നുള്ള അത്യാഗ്രഹത്തെ വകഞ്ഞുമാറ്റാന്‍ തിക്താനുഭവങ്ങള്‍ക്കോ, ജീവിത പ്രാബ്ധങ്ങള്‍ക്കോ സാധിച്ചില്ല. ഇച്ഛാശക്തിക്കുമുന്നില്‍ പ്രതിബന്ധങ്ങള്‍ ഒന്നൊന്നായി തോല്‍വി സമ്മതിച്ചപ്പോള്‍ കുട്ടിക്കാലത്ത് ആവാന്‍ ആഗ്രഹിച്ചതെല്ലാം പില്ക്കാലത്ത് ആയിത്തീര്‍ന്നതാണ് സലിംകുമാറിന്റെ ആത്മകഥ.
കോളജ് പഠനകാലത്ത് കൂടെകൊണ്ടുനടന്ന മിമിക്രി, കൊച്ചിന് കലാഭവനിലേക്കും സാഗറിലേക്കുമെല്ലാം സലിമിനെ കുട്ടിക്കൊണ്ടുപോയി. ഉറ്റസുഹൃത്തായ നാദിര്‍ഷയാണ് സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്. ഇഷ്ടമാണ് നൂറുവട്ടമായിരുന്നു ആദ്യ ചിത്രം. ശേഷം കരിയറിലുട നീളം കോമഡി കഥാപാത്രങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് പ്രേക്ഷകരെ ആര്‍ത്തുചിരിപ്പിച്ചു. എന്നാല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ സാമുവലിലേക്കുള്ള വേഷപ്പകര്‍ച്ച സലിം കുമാറിലെ അഭിനയ പ്രതിഭയുടെ ആഴം തെളിയിക്കുന്നതായിരുന്നു. 2006ല്‍ പുറത്തിറങ്ങിയ ചിത്രത്തിലുടെ ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സലിംകുമാറിനെ തേടിയെത്തി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സലിം അഹ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന് അബു എന്ന ചിത്രം അദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തിന്റെ വിസ്മയകരമായ അടയാളപ്പെടുത്തലായിരുന്നു. അര്‍ഹതക്കുള്ള അംഗീകാരമായി മികച്ച നടനുള്ള ദേശീയ പുരസ്കാരവും ആ സിനിമയിലൂടെ അദ്ദേഹത്തിനൊപ്പം ചേര്‍ന്നുനിന്നു. ഹാസ്യനടന്മാരുടെ കള്ളിയില്‍ ഒതുക്കിനിര്‍ത്തപ്പെട്ട ഇന്ദ്രന്‍സും സുരാജ് വെഞ്ഞാറമൂടുമെല്ലാം അതിശയകരമായ അഭിനയത്തിലൂടെ ദേശീയ അവാര്‍ഡില്‍ മുത്തംവെക്കുമ്പോള്‍ സലീംകുമാര്‍ തുറന്നിട്ട വാതില്‍ ആ നേട്ടങ്ങള്‍ക്കെല്ലാം പ്രചോദനമായിത്തീരുകയായിരുന്നു. മൂന്നു മികച്ച സിനിമകളും അദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി.
മികച്ച നടന് എന്നതിനൊപ്പം സാമൂഹ്യരാഷ്ട്രീയ വിഷയങ്ങളില്‍ ശക്തമായ നിലപാടുകളുള്ള, അത് മറയില്ലാതെ പ്രകടിപ്പിക്കുന്ന വ്യക്തിയായിരുന്നു സലിം കുമാര്‍. പലപ്പോഴും പലകാരണങ്ങളാല്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ തങ്ങളുടെ നിലപാടുകള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ മടിച്ചപ്പോള്‍, അദ്ദേഹം അത് ഉറക്കെ പറഞ്ഞു. സാമൂഹ്യരാഷ്ട്രീയ വിമര്‍ശനങ്ങള്‍ മാത്രമല്ല, സിനിമാരംഗത്തെ നീതികേടുകളും അദ്ദേഹം പലപ്പോഴും തുറന്നുപറഞ്ഞു. അതിന്റെയൊക്കെ പേരില്‍ ആ അഭിനയ പ്രതിഭക്ക് വിമര്‍ശനങ്ങളും തിരസ്കാരങ്ങളും നേരിടേണ്ടിവന്നു. കലാ ജീവിതത്തിന്റെ തുടക്കം മുതല്‍തന്നെ കോണ്‍ഗ്രസ് അനുഭാവിയാണെന്ന കാര്യം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കൂടാതെ, വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ് അനുകൂല നിലപാടുകള്‍ പരസ്യമായി സ്വീകരിച്ചിട്ടുമുണ്ട്. രാഷ്ട്രീയ നിലപാട് തുറന്നുപറയാന്‍ ഒരു ഭയവുമില്ലെന്നും രാഷ്ട്രീയ സ്വത്വം മറച്ചുവെക്കുന്നത് സമൂഹത്തോടുള്ള വലിയ ചതിയാണെന്നുമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ള നിലപാട്. കലാകാരന് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നത് ശത്രുത മൂലമല്ലെന്നും ജനാധിപത്യപരമായ സ്വാതന്ത്ര്യത്തെ വിനിയോഗിക്കാനാണെന്നും അദ്ദേഹം കരുതി.
കഥയെഴുതുന്നതുപോലെയോ സിനിമ സംവിധാനം ചെയ്യുന്നതുപോലെയോ അതിലേറെയോ സര്‍ഗാത്മകമാണ് കൃഷി എന്ന് അദ്ദേഹം വിശ്വസിച്ചു. കൃഷിയുടെ ഇടനിലയില്‍ പ്രകൃതിയും മനുഷ്യനും തമ്മില്‍ രൂപപ്പെടുന്ന ഉലയാത്ത ബന്ധത്തെപ്പറ്റി തന്റെ അനുഭവ കഥകളും അദ്ദേഹം നര്‍മത്തില്‍ ചാലിച്ച് ഒട്ടേറെ വേദികളില്‍ പങ്കുവെക്കുകയുണ്ടായി. ‘കൃഷി ചെയ്ത് ആര്‍ക്കും ടാറ്റയോ ബിര്ളയോ അംബാനിയോ ആകാനാകില്ല. പക്ഷേ, സംതൃപ്തിയുടെ കാര്യത്തില്‍ കൃഷി നമ്മെ കോടീശ്വരനാക്കും. വിത്ത് നാമ്പിട്ട് ഇലയും പൂവും കായുമാകുന്നതു കണ്ടുനില്ക്കുമ്പോള് പ്രകൃതിയെ കോടീശ്വരനാക്കും. വിത്ത് നാമ്പിട്ട് ഇലയും പൂവും കായുമാകുന്നതു കണ്ടുനില്ക്കുമ്പോള് പ്രകൃതിയെ തൊട്ടറിയുന്നതിന്റെ അടങ്ങത്ത ആനന്ദം ഹൃദയത്തില്‍ പന്തലിക്കും. ലോകത്ത് മറ്റൊന്നിനും അത് നല് കാനാവില്ല’. കൃഷിയെ നെഞ്ചോട് ചേര്‍ത്തുവെച്ച ഈ കാര്‍ഷിക തത്വം സ്വന്തം ജീവിത ദര്‍ശനം തന്നെയായിരുന്നു. ജീവിതത്തിന്റെ അവസനാനാളുകളില്‍ മരണത്തെക്കുറിച്ച് അദ്ദേഹം കോറിയിട്ട വാക്കുകള്‍ ഓരോമലയാളിയുടെയും ഉള്ളില്‍ തട്ടുന്നതയായിരുന്നു.
‘ആയുസിന്റെ സൂര്യന് പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതില്‍ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടര്‍ന്നേ പറ്റൂ. എന്റെ വഞ്ചിയില്‍ ആണെങ്കില്‍ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാന്‍ യാത്ര തുടരുകയാണ്. എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാന്‍ പറ്റും എന്നറിയില്ല എന്നാലും ഞാന്‍ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും ഉണ്ടാകണം. സ്നേഹപൂര്‍വ്വം നിങ്ങളുടെ സലിംകുമാര്‍’ എന്നായിരുന്നു ആ വാക്കുകള്‍, സജീവ സിനിമയില്‍ നിന്ന് അകന്നു നിന്നപ്പോള്‍ പോലും സലിംകുമാര്‍ എന്ന നടന്റെ സാന്നിധ്യം മലയാളിയുടെ സോഷ്യല്‍ മീഡിയ ഇടങ്ങളും സ്വീകരണ മുറികളും കൊണ്ട് അലങ്കരിക്കപ്പെട്ടുകിടക്കുകയായിരുന്നു. അത് ഇനിയും തുടരും എന്നത് അവിതര്‍ക്കിതമാണ്. ചെയ്തുവച്ച കഥാപാത്രങ്ങളിലൂടെ മാത്രമല്ല, സ്വീകരിച്ച നിലപാടുകളിലൂടെയും അദ്ദേഹം എന്നെന്നും മലയാളിയുടെ മനോരഥങ്ങളില്‍ മായാതെ നിലകൊള്ളും.
അങ്ങനെ സി.പി.എമ്മിന്റെ ഇറയത്ത് വെയിലും മഴയും കൊണ്ട് കാലം കുറേ തള്ളി നീക്കിയ കെ.ടി ജലീല്‍ ഒടുവില്‍ സഖാവ് ജലീലായി. വാക്കുകള്‍ ഇടക്കിടക്ക് മാറ്റി അധികാരത്തിനായി ഏതറ്റം വരെയും പോകുന്ന കെ.ടി ഇനി മുതല്‍ അരയും തലയും മുറുക്കി സി.പി.എമ്മിനായി പടവെട്ടും. കിരീടം സിനിമയില്‍ കൊച്ചിന് ഹനീഫയുടെ ലവലില്‍ എല്ലാവരെയും വെല്ലുവിളിച്ച് ഇനിയാരുണ്ട് എന്നെ തോല്പിക്കാന് ലീഗിനും കോണ്‍ഗ്രസിനും എന്നെ തൊടാനാവില്ലെന്നൊക്കെ ആഞ്ഞു തള്ളിയിരുന്ന ജലീല്‍ ഒടുവില്‍ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി ജോയിക്കു മുന്നില്‍ കമിഴ്ന്നടിച്ച് വീണതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ ഹൈലൈറ്റുകളിലൊന്ന്. പാണക്കാട് നിന്നുള്ള രസീതും ലീഗാരുടെ പിന്തുണയും ഒന്നും എനിക്ക് വേണ്ട എ.കെ.ജിയും ഇ.എം.എസും ഉള്ള സ്വര്‍ഗം മതിയെന്നും പ റഞ്ഞ് വര്‍ഷം കുറച്ചായി സി.പി.എമ്മിന് പിന്നാലെ നടക്കുന്നു. ജലീലിനോളം കുബുദ്ധിയുള്ള മറ്റൊരാളും സി.പി.എമ്മിനൊപ്പം ഓടുന്നവരില്‍ നിലവിലുണ്ടാവില്ല.
സി.പി.എമ്മുകാരാനായാല്‍ രണ്ട് തവണ മാത്രമേ നിയമസഭയിലേക്ക് മത്സരിക്കാന്‍ അനുവദിക്കൂ. പിണറായി പാര്‍ട്ടിയായതിനാല്‍ ഒഴിവുകഴിവ് നല്കുന്നു. അതു കൊണ്ട് ജലീല്‍ കിട്ടാവുന്നേടത്തോളം പുറത്ത് നിന്നും നേടി. നാലു തവണ എം.എല്‍.എയും ഒരു തവണ മന്ത്രിയുമായി. അധികാരത്തിന് ആര്‍ത്തിയില്ലെന്ന് നാഴികക്ക് നാല്പത് വട്ടം പറയും. എന്നാല്‍ പ്രവര്‍ത്തി മറ്റൊന്നും മത്സരിക്കില്ലെന്ന് എത്രയോ തവണ പറഞ്ഞു. ഓരോ തവണയും തിരഞ്ഞെടുപ്പ് വന്നാല്‍ കെടിക്ക മത്സര രംഗത്തുണ്ടാവും. പക്ഷേ ഇത്തവണ പലതും പ്രയോഗിച്ചിട്ടും സംഗതി ഒത്തില്ല. എട്ടു നിലയില്‍ പൊട്ടി. ഇനി മത്സരിക്കാന്‍ അവസരം ലഭിക്കില്ലെന്നും മത്സരിച്ചാല്‍ തന്നെ കെട്ടി വെച്ച കാശ് ബാക്കിയുണ്ടാവില്ലെന്നും ജലീലിനോളം അറിയുന്ന മറ്റൊരാള്‍ ഉണ്ടാവില്ല. ശിഷ്ട കാലം വെറും സ്വതന്ത്രനായി കാലാകാലവും നടന്നിട്ട് പ്രത്യേകിച്ച് ഒന്നും നടക്കില്ലെന്ന് ഉറപ്പായതോടെ ഒരൊറ്റ പ്രഖ്യാപനമായിരുന്നു. സി.പി.എമ്മില്‍ അംഗത്വമെടുക്കുന്നു. സി.ആര് മഹേഷ് എം.എല്‍.എയുടെ വാക്കില്‍ പറഞ്ഞാല്‍ മകളുടെ കല്ല്യാണത്തിന് വാപ്പ വീണ്ടും പുയ്യാപ്ലയാവാന്‍ തയ്യാറാകുന്നു. ഇനി ലീഗിനെ തിന്നാന്‍ അന്ത ഭക്തന്മാര്ക്ക് ഒരു കവല പ്രാസംഗികനെ കൂടി കിട്ടുമെന്നല്ലാതെ പ്രത്യേകിച്ചു ഒന്നും നടക്കില്ല.
പിണറായി വിജയനും സി.പി.എമ്മിനുമായി തള്ളാവുന്നത്രയും തള്ളി നടന്നതായിരുന്നു. അങ്ങിനെ മുണ്ടശ്ശേരിയും സി.എച്ചും ബേബിയും പി.കെ അബ്ദുറബ്ബുമൊക്കെ ഒറ്റക്കു ഭരിച്ച വിദ്യാഭ്യാസ വകുപ്പിനെ രണ്ടാക്കി മുറിച്ച് ഒരു അപ്പക്കഷ്ണം ശാഖയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ രവീന്ദ്രനാഥിനും മറ്റൊരു കഷ്ണം കെ.ടി ജലീലിനുമായാണ് അന്ന് പിണറായി കൈമാറിയത്. പിന്നീട് കണ്ടത് പിണറായി പോരിശയായിരുന്നു. തൂക്ക് പാത്രത്തില്‍ കിട്ടിയ പായസത്തിന്റെ കണക്കൊക്കെ വെച്ചു കാച്ചി നാട്ടാര്‍ക്ക് മുന്നില്‍ തന്റെ അല്പത്തം അനുസ്യൂതം തുടരുകയും ചെയ്തു. പക്ഷേ കിട്ടിയ മന്ത്രി സ്ഥാനം സ്വജനപക്ഷപാതത്തിനും അഴിമതിക്കും പിടിക്കപ്പെട്ടതോടെ രാജിവെച്ച് ഒഴിയേണ്ടിയും വന്നു.
അഴിമതിയില്‍ പിടിക്കപ്പെട്ട് രാജിവെച്ച ചരിത്രവും ഇതി നിടെ കൊച്ചാപ്പ സ്വന്തമാക്കിയിരുന്നു. ആര്.എസ്.എസുകാരനായ സുഗതനെ പിണറായി സര്‍ക്കാറിന്റെ മതിലിന്റെ മേസ്തിരിയാക്കുകയും പിന്നീട് ഖലീഫ ഉമറായി പ്രഖ്യാപിച്ചതുമൊക്കെയാണ് അക്കാലത്ത് കെടിക്ക ചെയ്ത വീരസാഹസങ്ങള്‍. വെള്ളാപള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളെ പിന്തുണച്ച് മുസ്ലിം ലീഗിനെതിയാണ് വെള്ളാപ്പള്ളി എന്ന് വക്രീകരിച്ച് നല്കിയതും ഇതേ കെടി ജലീല്‍ തന്നെയായിരുന്നു. വി.എസിനെ പൂട്ടാന്‍ പിണറായിക്കൊപ്പം ബക്കറ്റിലെ തിരയുണ്ടാക്കിയതിന്റെ നന്ദിയായി തുടര്‍ച്ചയായി മത്സരിക്കാന്‍ സീറ്റ് കിട്ടിയതായിരുന്നു. എന്നാല്‍ കളി തരത്തില്‍ പോയി കളി എന്ന് നാട്ടാര് ഒടുവില്‍ പടിപ്പിച്ചതോടെ പിന്നീടങ്ങോട്ട് പ്രഖ്യാപനങ്ങളുടേയും വീമ്പ് പറയലിന്റേയും കാലമായിരുന്നു.
മുസ്ലിം ലീഗ് വയനാട് ഉരുള്‍ ദുരന്തബാധിതര്‍ക്ക് വീടു വെച്ചു കൊടുക്കാന്‍ തീരുമാനിച്ച അന്നു തുടങ്ങിയതായിരുന്നു ടിയാന്റെ ഓഡിറ്റിങ്. ആദ്യം ലീഗാര് നടത്തില്ല, പൈസ വെറുതെയാവുമെന്നായി. പിന്നീട് സ്ഥലം വാങ്ങിയപ്പോള്‍ അത് കൊള്ളപ്പണത്തിനാണ് വാങ്ങിയതെന്നായി. വീടു വെക്കാന്‍ തുടങ്ങിയപ്പോള്‍ ചെങ്കല്ലിലാണ് വീട് നിര്‍മാണമെന്നായി. പണി പൂര്‍ത്തിയാവുമെന്ന് തോന്നിയപ്പോള്‍ സ്കൂളും അങ്കണവാടിയും കണ്ടില്ലെന്നായി. ഇനിയിപ്പോള്‍ വലിയ വായിലാണ് പ്രഖ്യാപനങ്ങള്‍. അതായത് പിണറായിയുടെ വീട്ടില്‍ ഇ.ഡി പരിശോധിച്ചതിന് കെനിയയിലേയും യുഗാണ്ടയിലേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രതിഷേധിച്ചതൊക്കെയാണ് വലിയ സംഭവമായി മൂപ്പര് കാണുന്നത്. ലോക മുതലാളിത്വത്തിനെതിരെ ഇറാനും ചൈനയും റഷ്യയും ഉത്തരകൊറിയയും ഒരുമിച്ചു നില്ക്കുന്ന കാഴ്ച ആവേശം കൊള്ളിക്കുന്നുണ്ടത്രേ!. പക്ഷേ ഇതെവിടെയാ കാണാന്‍ കഴിയുകയെന്നൊന്നും ചോദിക്കരുത് മൂപ്പര് പറഞ്ഞാല്‍ അച്ചട്ടാണ്. സംഗതി നടന്നിരിക്കും. അല്ലേലും കമ്മി ഊണിസ്റ്റുകള്‍ക്ക് ആമസോണ്‍ കാടും വെനസ്വേലയും ക്യൂബയുമൊക്കെ ചര്‍ച്ച ചെയ്യാനാണ് കൂടുതല്‍ താല്പര്യം. അതാവുമ്പോള്‍ ചിലവൊന്നുമില്ല നാട്ടാര്‍ക്ക് മനസിലാകത്തുമില്ല.
ഇനി വരാനിരിക്കുന്നതത്രയും കെടിക്കയുടെ പ്രഖ്യാപനങ്ങളായിരിക്കും. തിരഞ്ഞെടുപ്പ് കാലത്ത് തനിക്ക് കിട്ടാന്‍ പോകുന്ന പിന്തുണയെ കുറിച്ച് ടിയാന്റെ തള്ളുകള്‍ കേട്ടവര്‍ കേട്ടവര്‍ അന്തം വിട്ട് നിന്നിട്ടുണ്ട്. അത്രമേല്‍ ഭയങ്കര പ്രഖ്യാപനങ്ങളായിരുന്നു. വീര സാഹസങ്ങളം വീമ്പു പറച്ചിലുകള്‍ക്കും ഇനിയും ഒരു കുറവുമുണ്ടാകില്ല. പക്ഷേ ഇനി മൂട്ടയെ ഓടിക്കാന്‍ പീരങ്കിയുടെ ആവശ്യമില്ലെന്ന് അറിയാവുന്ന സി.പി.എമ്മുകാര്‍ തന്നെ മിക്കവാറും ഇരുത്തേണ്ടിടത്ത് കൊണ്ടിരുത്തും.
editorial
ചവിട്ടിമെതിക്കപ്പെടുന്ന ജനാധിപത്യം
ബി.ജെ.പി അധികാരത്തിലേറിയ ശേഷം പശ്ചിമ ബംഗാളില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിനാകെ നാണക്കേട് സമ്മാനിക്കുന്നതാണ്.
ബി.ജെ.പി അധികാരത്തിലേറിയ ശേഷം പശ്ചിമ ബംഗാളില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിനാകെ നാണക്കേട് സമ്മാനിക്കുന്നതാണ്. ന്യൂനപക്ഷങ്ങളെയും പ്രതിപക്ഷത്തെയും ഉള്‍പ്പെടെ തങ്ങള്‍ക്ക് താല്പര്യമില്ലാത്തവരെയും വിമര്ശിക്കുന്നവരെയുമെല്ലാം അധികാരത്തിന്റെ പിന്‍ബലത്തോടെ ശാരീരികമായി ഇല്ലാതാക്കുന്ന ഏറ്റവും നിന്ദ്യവും നീചവുമായ സമീപനമാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരെ ആക്രമണത്തിനിരയാക്കുന്ന കാഴ്ച്ചയായിരുന്നു ഭരണത്തിലേറിയ ഉടനയെങ്കില്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാക്കളെ നടുറോഡിലൂടെ വലിച്ചിഴക്കുകയും ചീമുട്ടയും കല്ലുകളുമൊക്കെയായി നേരിടുന്നതുമാണ് ദര്‍ശിക്കാനാവുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുകയെന്ന ഭരണകൂടത്തിന്റെ ഒന്നാമത്തെ ഉത്തരവാദിത്തം അതേ സംവിധാനത്തിന്റെ നേതൃത്വത്തില്‍ തന്നെ ത കര്‍ക്കപ്പെടുമ്പോള്‍ വേലിതന്നെ വിളതിന്നുന്ന ഭീതിതമായ സാഹചര്യത്തിനാണ് ബംഗാള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
സംരക്ഷണം നല്കേണ്ടവര് തന്നെ സംഹാരതാണ്ഡവമാടുമ്പോള് ജനങ്ങള്‍ ഭീതിയുടെ മുള്‍മുനയില്‍ പ്രതികരണ ശേഷിപോലും നഷ്ടപ്പെട്ടവരായി മാറുകയാണ്. എന്നാല്‍ അധികാരപ്രമത്തതയില്‍ അഴിഞ്ഞാടുന്ന ഭരണകൂടത്തിന് ബംഗാളിന്റെ ചരിത്രത്തില്‍ നിന്നു തന്നെ വലിയ പാഠങ്ങള്‍ പഠിക്കാനുണ്ടെന്നത് അവര്‍ മറന്നുപോകരുതാത്ത യാഥാര്‍ത്ഥ്യമാണ്. കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം.പി.യുമായ അഭിഷേക് ബാനര്‍ജിയെ കൈയേറ്റം ചെയ്ത അക്രമികള്‍ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ചീമുട്ട എറിയുകയുമാണുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച്ച സൗത്ത് 24 പര്‍ഗാനസിലെ സോനാര്‍പുരിലായിരുന്നു സംഭവം. ക്രിക്കറ്റ് ഹെല്‍മെറ്റ് ധരിച്ചാണ് അഭിഷേക് ബാനര്‍ജി സ്ഥലത്തെത്തിയത്. പ്രവര്‍ത്തകന്റെ വീട്ടിലേക്ക് നടക്കുന്നതിനിടെ ഒരുകൂട്ടം ആളുകള്‍ അദ്ദേഹത്തെ കൈയേറ്റം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പൊലീസുകാരെത്തിയാണ് അക്രമികളില്‍നിന്ന് അഭിഷേകിനെ രക്ഷപ്പെടുത്തിയത്. തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങളിലായിരുന്നു സോനാര്‍പുരില്‍ തൃണമൂല്‍ പ്രവര്ത്തകന് കൊല്ലപ്പെട്ടത്. ഇതിന് രണ്ടുദിവസം മുന്‍പ് തൃണമൂല്‍ നേതാവും എം.പി.യുമായ സൗഗതാ റോയ്ക്ക് നേരേയും ആക്രമണമുണ്ടായിരുന്നു. സ്വന്തം മണ്ഡ ലമായ ഡംഡമ്മില്‍വെച്ചാണ് സൗഗതാ റോയിയെ കൈയേറ്റംചെയ്തത്. സ്വന്തം മണ്ഡലത്തിലെ ചണ്ഡിതലയില്‍ വച്ച് മറ്റൊരു തൃണമൂല്‍ എം.പിയായ കല്യാണ്‍ ബാനര്‍ജി യെ അക്രമിസംഘം തലയ്ക്കടിച്ച് വീഴ്ത്തുകയുണ്ടായി. അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ചും അറസ്റ്റ് ചെയ്ത പാര്‍ട്ടി നേതാക്കളെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ചണ്ഡിതലയില്‍ തൃണമൂല്‍ പ്ര വര്‍ത്തകര്‍ക്കൊപ്പം പ്രകടനത്തില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ആക്രമണം. സി.ആര്.പി.എഫിന്റെയും പൊ ലീസിന്റെയും സാന്നിധ്യത്തിലായിരുന്നു ഈ അക്രമമെന്ന പ്രത്യേകതകൂടിയുണ്ട്.
സംസ്ഥാനത്ത് നടക്കുന്ന തീര്‍ത്തും ജനാധിപത്യവിരുദ്ധമായ സംഭവങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അതിശക്തമായ ഭാഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം സംഭവത്തെ അപലപിച്ചത്. ബി.ജെ.പി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രി വാള് കുറ്റപ്പെടുത്തുകയുണ്ടായി. അക്രമം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിശേഷിപ്പിച്ച സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, സംസ്ഥാനത്ത് അശാന്തി പടര്‍ത്താനാണ് ആക്രമണത്തിലൂടെ ശ്രമിച്ചതെന്നും കുറ്റപ്പെടുത്തുകയുണ്ടായി. അതിനിടെ അഭി ഷേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കരുതെന്ന് ബി. ജെ.പി നേതാക്കളും പൊലീസ് ഡെപ്യൂട്ടി കമ്മീഷണറും ഡോക്ടര്‍മാരെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ഗുരുതരമായ ആരോപണവുമായി മമതാ ബാന്‍ര്‍ജിയും രംഗത്തെത്തിയിരിക്കുകയാണ്. വ്യാപകമായ ആക്രമണങ്ങളിലുടെ ബി.ജെ.പി എന്താണോ ഉദ്ദേശിച്ചത് അതുതന്നെ സംഭവിക്കുന്നതിനും ബംഗാള്‍ സാക്ഷിയാകുകയാണെന്നതാണ് നിലവിലെ സൂചനകള്‍. ബംഗാളിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മമത ബാനര്‍ജിയുടെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 80 എം.എല്‍.എമാരില്‍ 60 പേരും എത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. വിട്ടുനിന്ന 60 എംഎല്‍എമാരെയും ബന്ധപ്പെടാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിച്ചെങ്കിലും അവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാ യിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിനു പിന്നാലെ രണ്ടു എം.എല്‍.എമാരെ കൂടി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകകൂടി ചെയ്ത് പാര്‍ട്ടിയിലെ ആഭ്യന്തര കലഹത്തിന്റെ സൂചനയാണ്.
ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന പശ്ചിമ ബംഗാള്‍, സമ്പന്നമായ സാഹിത്യം, കല, സംഗീതം, ഉത്സവങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ്. ‘കലാപാരമ്പര്യങ്ങളുടെ നാട്’ എന്നറിയപ്പെടുന്ന ഇവിടം വിശ്വപ്രസിദ്ധമായ സാഹിത്യസൃഷ്ടികള്‍ക്കും ശാസ്ത്രീയ സം ഗീതത്തിനും പരമ്പരാഗത കരകൗശല വസ്തുക്കള്‍ക്കും ലോകമെമ്പാടും പ്രശസ്തമാണ്. അതിമഹത്തായ ഈ സാംസ്കാരിക പൈതൃകം തച്ചുതകര്‍ക്കുക കൂടിയാണ് ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതിലൂടെ ബംഗാളില്‍ ബി.ജി.പി ചെയ്തുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളുടെ ഒറ്റക്കെട്ടായ പ്രതിഷേധം ഈ ജനാധിപത്യ ധ്വം സനത്തിനെതിരെ ഉയര്‍ന്നുവരികതന്നെ ചെയ്യേണ്ടതുണ്ട്.
editorial
കൈയ്യടി നേടി സര്‍ക്കാര്‍
പത്തുവര്‍ഷത്തിന് ശേഷം അധികാരത്തില്‍ തിരിച്ചെത്തിയ യു.ഡി.എഫ് സര്‍ക്കാറിന്റെ ഭരണാരംഭംതന്നെ നിറഞ്ഞ കൈയ്യടികളോടെയായിത്തീര്‍ന്നിരിക്കുകയാണ്.
പത്തുവര്‍ഷത്തിന് ശേഷം അധികാരത്തില്‍ തിരിച്ചെത്തിയ യു.ഡി.എഫ് സര്‍ക്കാറിന്റെ ഭരണാരംഭംതന്നെ നിറഞ്ഞ കൈയ്യടികളോടെയായിത്തീര്‍ന്നിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ സംസ്ഥാനത്തിന്റെ ഭരണം ഏല്‍പ്പിച്ച എല്ലാ വിഭാഗം ജനങ്ങളും ജനപ്രിയ തീരുമാനങ്ങളാല്‍ ആഹ്ലാദാരവം മുഴക്കുന്ന അന്തരീക്ഷമാണ് നാട്ടില്‍ സംജാതമായിരിക്കുന്നത്. മാസങ്ങള്‍ക്കുമുമ്പുവരെ തങ്ങളുടെ കണ്ണീരും ചോരയും ഉറ്റിവീണ മണ്ണില്‍ ഇന്നലെ ആനന്ദനൃത്തംചവിട്ടിയ ആശാവര്‍ക്കര്‍മാര്‍ ഭരണമാറ്റത്തിന്റെ ഏറ്റവും മികച്ച പ്രതീകമായിമാറുകയായിരുന്നു. അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്തതിന്റെ പേരില്‍ നരകയാതനകളേറ്റുവാങ്ങേണ്ടിവന്ന ഉദ്യോഗാര്‍ത്ഥികളടക്കം പുതിയ സര്‍ക്കാറിന്റെ തീരുമാനങ്ങളില്‍ ആനന്ദാശ്രു പൊഴിക്കുമ്പോള്‍ ഒരു പുതുയുഗപ്പിറവി വാഗ്ദാനം ചെയ്ത യു.ഡി.എഫ് ആത്മനിര്‍വൃതിയിലൂടെയാണ് ഭരണാ സിരാകേന്ദ്രത്തിലേക്ക് കാലെടുത്തുവെക്കുന്നത്.
ക്ഷേമപെന്ഷന് വിതരണം ഈ മാസം 25 ന് ആരംഭിക്കാന്‍ നിര്‍ദേശിച്ച സര്‍ക്കാര്‍ ഇതിനായി 1070 കോടി രൂപ മാറ്റിവെക്കുകയും ചെയ്തിരിക്കുകയാണ്. യു.ഡി.എഫ് വന്നാല്‍ ക്ഷേമ പെന്ഷന് മുടങ്ങുമെന്നതായിരുന്നു തിരഞ്ഞെടുപ്പുകാലത്തെ ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ പ്രചരണമെങ്കില്‍ തകര്‍ന്നുതരിപ്പണമായ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പോലും പരിഗണിക്കാതെ യു.ഡി.എഫ് എടുത്തിട്ടുള്ള ധീരോദാത്തമായ തീരുമാനത്തില്‍ ഒരു മധുരപ്രതികാരംകൂടിയുണ്ട്. കാലിയായ ഖജനാവുമായി ഭരണംതുടങ്ങേണ്ടിവരുന്ന ഈ സര്‍ക്കാറിന് പെന്ഷന് വിതരണം സാധ്യമാവില്ലെന്ന ഉറപ്പിന്റെ പിന്‍ബലംകൂടിയുണ്ടായിരുന്നു ഇടതുപക്ഷത്തിന്റെ കാടടച്ചുള്ള പ്രചാരണത്തിനു പിന്നില്‍,
ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായുള്ള അഞ്ചില്‍ രണ്ടു തീരുമാനങ്ങളും പ്രഥമ മന്ത്രിസഭാ യോഗത്തില്‍ തന്നെ പസാക്കുമ്പോള്‍ വിമര്‍ശകര്‍ പോലും അമ്പരക്കുകയാണ്.
കെ.എസ്.ആര്.ടി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനുള്ള നടപടികള്‍ അധിവേഗത്തിലാക്കിയ സര്‍ക്കാര്‍ ജെന്‍ഡര്‍ ടിക്കറ്റിങ് സംവിധാനം പുനഃസ്ഥാപിച്ചു കഴിഞ്ഞു. വയോജനങ്ങള്‍ക്കായുള്ള പ്രത്യേക വകുപ്പ് രൂപീകിരിക്കുമെന്നതാണ് മറ്റൊരു പ്രധാന തീരുമാനം. ഈ രംഗത്ത് ലോകത്ത് ഏറ്റവുംശ്രദ്ധേയമായ ചുവടുവെപ്പുകള്‍ നടത്തിയിട്ടുള്ള ജപ്പാന്റെ മാതൃക പഠിക്കുമെന്നുകൂടി മുഖ്യമന്ത്രി വ്യക്തമാക്കുമ്പോള്‍ ഇതൊന്നും വെറുംവാക്കല്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നു എന്ന് മത്രമല്ല, രാജ്യത്താകെയുള്ള ഭരണകൂടങ്ങള്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ നീക്കങ്ങളെ ഉറ്റുനോക്കുകയാണ്. ഉദ്യോഗാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പരിഗണിച്ച് 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 2026 നവംബര്‍ 30 വരെ നീട്ടാന്‍ പി.എസ്.സിക്ക് ശുപാര്‍ശ ചെയ്യുന്ന നടപടി അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാര്‍ക്ക് നല്‍കിയിട്ടുള്ള പ്രതീക്ഷ ചെറുതല്ല.
പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ബന്ധുനിയമനത്തിന്റെയും പിന്‍വാതില്‍ നിയമനത്തിന്റെയും ഫലമായി അവസരങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയിട്ടുള്ള സമരപോരാട്ടങ്ങളുടെ കാഴ്ച്ച കരളലിയിപ്പിക്കുന്നതായിരുന്നു. തീര്‍ത്തും ന്യായമായ ആവശ്യത്തിനുവേണ്ടിയുള്ള ഈ പോരാട്ടത്തെ ഇടതു സര്‍ക്കാര്‍ നേരിട്ടാതാകട്ടേ പ്രതികാരബുദ്ധിയോടുകൂടിയും. ഈ സാഹചര്യത്തില്‍ നിന്നാണ് ആശ്വാസത്തിന്റെ ദീര്‍ഘശ്വാസം നമ്മുടെ ചെറുപ്പക്കാര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. കൂടാതെ യു.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് മുഖ്യന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന 2031 ന് മുന്‍പ് എല്ലാ വാഗ്ദാനങ്ങളും പാലിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘വിഷന്‍ 2031’ പദ്ധതി നടപ്പാക്കും. ഇതിന്റെ ആദ്യഘട്ടമായി ജൂണ്‍ ഒന്ന് മുതല്‍ 100 ദിവസത്തെ കര്‍മ്മപരിപാടി ആരംഭിക്കും. വേഗത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ ഈ 100 ദിവസം കൊണ്ട് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റിന്റെ പ്രധാനകവാടങ്ങളിലൊന്നായ നോര്‍ത്ത് ഗേറ്റ് നീണ്ട പത്ത് വര്‍ഷത്തിന് ശേഷം തുറന്നത് ഈ സര്‍ക്കാര്‍ നല്കുന്ന വലിയൊരു സന്ദേശമാണ്. ഭരണകൂടങ്ങള്‍ വിമര്‍ശനത്തിനതീതമല്ലെന്നും ഏകാധിപത്യമല്ല സര്‍ക്കാറിനെ നയിക്കുന്നതെന്നുമുള്ള സന്ദേശം. ‘സമരകവാടം’ എന്നറിയപ്പെട്ടിരുന്ന ഗേറ്റ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെയാണ് ജനകീയ പ്രക്ഷോഭങ്ങളെ ഭയന്ന് അടച്ചുപൂട്ടിയത്. സുരക്ഷാപ്രശ്നം ചൂണ്ടികാട്ടിയായിരുന്നു നടപടി.
10 വര്‍ഷത്തെ ഇടതു ഭരണം സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഏല്‍പ്പിച്ച പരിക്ക് തുറന്നു കാട്ടുന്നതിന് വേണ്ടി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഖജനാവില്‍ പൂച്ചപ്പെറ്റുകിടക്കുമ്പോഴും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുപറയാതെ വിടുവായത്തങ്ങളില്‍ അഭിരമിക്കുന്ന രീതിയായിരുന്നു ഇടതു സര്‍ക്കാറിന്റേത്. എന്നാല്‍ ഈ സര്‍ക്കാറിന് ഒന്നും മറച്ചുവെക്കാനില്ലെന്ന യാഥാര്‍ത്ഥ്യനാണ് ധവളപത്രത്തിലൂടെ യു.ഡി.എഫ് അടിവരയിടുന്നത്. അധികാരത്തിന്റെ അഹങ്കാരത്തില്‍ ഭരണകൂടവും അവരുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥ വൃന്ദവും ചെയ്തുവെച്ച നിയമവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ പ്രവൃത്തികളോരൊന്നും എണ്ണിയെണ്ണി വിചാരണക്ക് വിധേയമാക്കാനും ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. ഏതായാലും യഥാര്‍ത്ഥ വഴിയിലൂടെ, പ്രതീക്ഷാ നിര്‍ഭരമായ തുടക്കമാണ് വി.ഡി സതീശന് സര്‍ക്കാര്‍ സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നത്.
-
kerala3 days agoഅപകടത്തിൽപ്പെട്ട വഴിയാത്രക്കാരന് സഹായവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
-
india3 days agoഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ മഖ്ബറയില് പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
-
local3 days agoകേരള റൈറ്റേഴ്സ് ഫോറം ഭാരവാഹികള്‍
-
GULF3 days agoഅപകടകരമായ ഓവര്‍ടേക്കിംഗ്: ദുബൈയില്‍ 4,504 പേര്‍ക്ക് പിഴ
-
india2 days ago‘പാറ്റ’ പ്രതിഷേധത്തിന് നേരെ ബജ്രംഗ്ദള് അക്രമശ്രമം; ‘ജയ് ശ്രീറാം’ വിളിച്ചെത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി
-
local1 day agoകേരളത്തെ സമഗ്രമായ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ പുതിയ സര്‍ക്കാരിന് സാധിക്കണമെന്ന് നോര്‍ക്ക ഡയറക്ടറും എബിഎന്‍ കോര്പ്പറേഷന് ചെയര്‍മാനുമായ ജെ.കെ.മേനോന്
-
editorial1 day agoആടിനെന്ത് അങ്ങാടി വാണിഭം
-
Film24 hours agoസലിം കുമാര്‍ ഓര്‍മയായി

