india
കെട്ടിടങ്ങളും ബസ്സുകളും പാലങ്ങളുമെല്ലാം കാവിമയമാക്കുന്ന ബിജെപി സര്‍ക്കാര്‍, ഇപ്പോള്‍ അത് ദേശീയ ഹോക്കി ടീമിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്; നവീന്‍ പട്നായിക്
ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജഴ്സി നിറം കാവിയാക്കിയതില്‍ വിമര്‍ശനവുമായി നവീന്‍ പട്നായിക്
കായിക രംഗത്തും വര്‍ഗീയ-രാഷ്ട്രീയ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ (ബിജെഡി) അധ്യക്ഷനുമായ നവീന്‍ പട്നായിക്. ഇന്ത്യന്‍ ദേശീയ ഹോക്കി ടീമുകളുടെ പാരമ്പര്യമായിരുന്ന നീല ജേഴ്സി മാറ്റി കാവി നിറത്തിലുള്ള കിറ്റുകള്‍ അവതരിപ്പിച്ച ഹോക്കി ഇന്ത്യയുടെ തീരുമാനത്തിന് പിന്നില്‍ ബിജെപിയുടെ തരംതാണ രാഷ്ട്രീയമാണെന്ന് അദ്ദേഹം ആരോപിച്ചു.
നമ്മുടെ മഹത്തായ കായിക പാരമ്പര്യത്തെയും വികാരങ്ങളെയും തച്ചുടയ്ക്കാനുള്ള സംഘപരിവാര്‍ നീക്കമാണിതെന്ന് എക്സിലൂടെ (X) പങ്കുവെച്ച കുറിപ്പില്‍ നവീന്‍ പട്നായിക് തുറന്നടിച്ചു.
ദേശീയ പതാകയിലെ അശോകചക്രത്തില്‍ നിന്ന് ഉള്‍ക്കൊണ്ട നീല നിറം കേവലം ഒരു നിറമല്ല, മറിച്ച് വിജയത്തിലും തിരിച്ചടികളിലും രാജ്യത്തെ ഒന്നിച്ചുനിര്‍ത്തിയ വികാരമാണ്. അര്‍ജന്റീനയ്ക്ക് നീലയും വെള്ളയും ബ്രസീലിന് മഞ്ഞയും എങ്ങനെയോ, അതുപോലെ ഇന്ത്യയുടെ ഐഡന്റിറ്റിയാണ് നീല നിറം. ഇതില്‍ വരുത്തുന്ന മാറ്റങ്ങള്‍ ജനങ്ങളുടെ കൂട്ടായ ഓര്‍മ്മകളെയും കായിക പാരമ്പര്യത്തെയും ഇല്ലാതാക്കാനുള്ള ശ്രമമാണ്.
മുന്‍പ് സ്പോണ്‍സര്‍മാരില്ലാതെ ഇന്ത്യന്‍ ഹോക്കി ടീം പ്രയാസപ്പെട്ടപ്പോള്‍ കൈത്താങ്ങായത് ഒഡീഷയിലെ ബിജെഡി സര്‍ക്കാരാണ്. എന്നാല്‍ ഒഡീഷയില്‍ ഭരണം മാറിയതോടെ സ്പോണ്‍സര്‍മാര്‍ എന്ന നിലയില്‍ അധികാരമുപയോഗിച്ച് ജേഴ്സിയുടെ നിറം മാറ്റാന്‍ ബിജെപി ഹോക്കി ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി കെട്ടിടങ്ങളും ബസ്സുകളും പാലങ്ങളുമെല്ലാം കാവിമയമാക്കുന്ന ബിജെപി സര്‍ക്കാര്‍, ഇപ്പോള്‍ അത് ദേശീയ ഹോക്കി ടീമിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്
india
സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മോദിയെ അപമാനിച്ചെന്നാരോപിച്ച് മെറ്റ ഇന്ത്യന്‍ മേധാവിക്കെതിരെ കേസെടുത്ത് പൊലീസ്
വിമര്‍ശനങ്ങള്‍ തടയാന്‍ പൊലീസിനെ ഉപയോഗിച്ച് ബിജെപി
മോദി സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ക്കും അഴിമതികള്‍ക്കും എതിരെയുയരുന്ന ജനകീയ പ്രതിഷേധങ്ങളെയും സര്‍ഗ്ഗാത്മക വിമര്‍ശനങ്ങളെയും കേസില്‍ കുടുക്കി നിശബ്ദമാക്കാന്‍ ബിജെപിയുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്ന ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍, സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ മെറ്റയുടെ (ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം) ഇന്ത്യ മേധാവി അരുണ്‍ ശ്രീനിവാസിനും നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കുമെതിരെ പോലീസ് കേസ് എടുത്തു.
നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ യുവാക്കളും വിദ്യാര്‍ത്ഥികളും നടത്തിയ ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി പങ്കുവെച്ച ട്രോളുകളും വിമര്‍ശന വീഡിയോകളുമാണ് ബിജെപിയെ ചൊടിപ്പിച്ചത്. ജനകീയ വിഷയങ്ങളില്‍ സര്‍ക്കാരിനുണ്ടായ തിരിച്ചടി മറച്ചുവെക്കാനും രാഷ്ട്രീയ എതിര്‍പ്പുകളെ വായടപ്പിക്കാനുമാണ് ബിജെപി പോലീസിനെ ഉപയോഗിച്ച് കേസെടുപ്പിച്ചിരിക്കുന്നതെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്.
20-ഓളം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ മോദിയെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കം നിര്‍മ്മിച്ചെന്നും ഇവ ഹോസ്റ്റ് ചെയ്തതിന് മെറ്റയ്ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ജനാധിപത്യ രാജ്യത്ത് ഭരണാധികാരികളുടെ തെറ്റായ നയങ്ങളെ വിമര്‍ശിക്കാനും ട്രോളുകളിലൂടെ പ്രതികരിക്കാനുമുള്ള പൗരന്മാരുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന് ബിജെപി വക്താവ് എന്‍. വി. സുഭാഷ് അവകാശപ്പെടുന്നുണ്ടെങ്കിലും, സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്ന സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ സൈബര്‍ കേസില്‍ കുടുക്കി ഭയപ്പെടുത്തുന്ന സമീപനമാണ് ബിജെപി തുടരുന്നത്. തെലങ്കാന സൈബര്‍ ക്രൈം പോലീസ് എടുത്ത കേസില്‍ പരാമര്‍ശിച്ചിരുന്ന ലിങ്കുകളെല്ലാം ഇതിനകം തന്നെ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, സമൂഹമാധ്യമങ്ങളിലെ സ്വതന്ത്രമായ ആശയപ്രകടനത്തെ തടയാനുള്ള ബിജെപിയുടെ ഈ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
india
യു.പിയില്‍ ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച തികയും മുമ്പ് 4,200 കോടിയുടെ എക്സ്പ്രസ് വേ തകര്‍ന്നു
ജൂലൈ 13-നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ ചേര്‍ന്ന് എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്
ഉത്തര്‍പ്രദേശില്‍ വന്‍ ആഘോഷങ്ങളോടെ നാടിന് സമര്‍പ്പിച്ച ലഖ്നൗ-കാണ്‍പൂര്‍ എലിവേറ്റഡ് എക്സ്പ്രസ് വേയില്‍, ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച തികയും മുമ്പ് വിള്ളലുകള്‍ രൂപപ്പെട്ടു. കനത്ത മഴയെത്തുടര്‍ന്ന് റോഡിന്റെ ഒരു ഭാഗം നിലംപൊത്തിയത് നിര്‍മാണ ഗുണനിലവാരത്തെക്കുറിച്ച് വലിയ ചോദ്യങ്ങളും ആശങ്കകളും ഉയര്‍ത്തുന്നുണ്ട്.4,200 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ലഖ്നൗ-കാണ്‍പൂര്‍ ഗ്രീന്‍ഫീല്‍ഡ് നാഷണല്‍ എലിവേറ്റഡ് എക്സ്പ്രസ് വേ ജൂലൈ 13-നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്.
എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് വെറും 12 ദിവസത്തിന് ശേഷം (ജൂലൈ 25) റോഡിന്റെ വലിയൊരു ഭാഗം ഇടിഞ്ഞുതാഴുകയായിരുന്നു. ഉന്നാവോയില്‍ നിന്നുള്ള റോഡ് തകര്‍ച്ചയുടെ ദൃശ്യങ്ങള്‍ അധികൃതരെപ്പോലും ഞെട്ടിച്ചു.കൊരാരി ഗ്രാമത്തിന് സമീപം അഞ്ച് മുതല്‍ ഏഴ് മീറ്റര്‍ വരെ നീളത്തില്‍ റോഡ് ഇടിഞ്ഞുതാഴ്ന്നതായി കാണിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് മധുസൂദന്‍ യാദവ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചു. ‘എക്സ്പ്രസ്വേയിലൂടെ യാത്ര ചെയ്യുമ്പോള്‍ കൊരാരിക്ക് സമീപം എത്തിയപ്പോഴാണ് മഴയെ തുടര്‍ന്ന് റോഡില്‍ വിള്ളലുകള്‍ വീണത് ശ്രദ്ധയില്‍പ്പെട്ടത്’ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സംഭവത്തെത്തുടര്‍ന്ന് പദ്ധതിയുടെ നിര്‍മാണ നിലവാരത്തെക്കുറിച്ചും നിരീക്ഷണ സംവിധാനങ്ങളെക്കുറിച്ചും വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്തരം വിള്ളലുകള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ആശങ്ക പ്രകടിപ്പിച്ച സമാജ്വാദി പാര്‍ട്ടി, പദ്ധതിയില്‍ വലിയ തോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചു. വിഷയത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി (NHAI) ഉദ്യോഗസ്ഥര്‍ ഇതുവരെ വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, ദൃശ്യങ്ങള്‍ പ്രചരിച്ച് വിവാദമായതോടെ തകര്‍ന്ന ഭാഗത്ത് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്.
india
ബിജെപി ഭരണത്തില്‍ രാജ്യത്തിന്റെ വിദ്യാഭ്യാസം തകര്‍ന്നു; വിദ്യാര്‍ത്ഥികളെ ‘ദേശദ്രോഹികളായി’ ചിത്രീകരിച്ച് ക്രൂരമായി വേട്ടയാടുന്നു: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: നീറ്റ് അട്ടിമറിക്കെതിരെയും തകര്‍ന്നടിയുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെയും തെരുവില്‍ പോരാടുന്ന വിദ്യാര്‍ത്ഥികളോട് ബിജെപി സര്‍ക്കാര്‍ കാണിക്കുന്നത് അതിക്രൂരമായ ഭീരുത്വവും അനീതിയുമാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി. വിദ്യാര്‍ത്ഥികളുടെ ഭാവിയെ സംരക്ഷിക്കേണ്ട ഭരണകൂടം, രാജ്യത്തിന്റെ നാളെയുടെ അവകാശികളായ യുവതയെ ‘രാജ്യദ്രോഹികളായി’ മുദ്രകുത്തി ആക്രമിക്കുകയാണെന്ന് ‘ദി ഹിന്ദു’ പത്രത്തിലെഴുതിയ ലേഖനത്തില്‍ സോണിയ ഗാന്ധി ആഞ്ഞടിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൊലീസും അര്‍ദ്ധസൈനിക വിഭാഗവും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ ബിജെപി ഭരണകൂടത്തിന്റെ വിനാശകരമായ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. 2020-ലെ സിഎഎ പ്രക്ഷോഭകാലത്ത് ക്യാമ്പസുകളില്‍ കയറി അക്രമം അഴിച്ചുവിട്ടതും വനിതാ ഗുസ്തി താരങ്ങളോട് കാട്ടിയ ക്രൂരതയും ഇതിന് തെളിവാണ്. ജൂലൈ 20-ന് ഡല്‍ഹിയില്‍ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസിനെ വിട്ട് ലത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പെല്ലറ്റ് പ്രയോഗവും നടത്തിയത് ഈ സര്‍ക്കാരിന്റെ ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നു.
കഴിഞ്ഞ 12 വര്‍ഷത്തെ ബിജെപി ഭരണത്തില്‍ ഒരു ലക്ഷത്തോളം പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടി. പകരം 43,000 സ്വകാര്യ സ്കൂളുകള്‍ തുറക്കാന്‍ വഴിയൊരുക്കി. ഇതില്‍ ഭൂരിഭാഗവും ആര്‍എസ്എസും അവരുടെ അനുബന്ധ സംഘടനകളുമാണ് നടത്തുന്നത്. വിദ്യാഭ്യാസം കച്ചവടമാക്കിയതോടെ രക്ഷിതാക്കളുടെ കീശ ചോരുകയാണ്. നീറ്റ് കോച്ചിംഗിനായി മാത്രം രക്ഷിതാക്കള്‍ ചെലവഴിക്കുന്ന തുകയോളം പോലുമില്ല കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ബജറ്റ്!.
പരീക്ഷകള്‍ എന്‍ടിഎ എന്ന കേന്ദ്രീകൃത ഏജന്‍സിയെ ഏല്‍പ്പിച്ചതോടെ വിദ്യാഭ്യാസ രംഗം പൂര്‍ണ്ണമായി അഴിമതിയില്‍ മുങ്ങി. കഴിഞ്ഞ 12 വര്‍ഷത്തിനിടെ 152 ചോദ്യപേപ്പര്‍ ചോര്‍ച്ചകളാണ് രാജ്യത്തുണ്ടായത്. മിടുക്കരായ അധ്യാപകര്‍ക്ക് പകരം രാഷ്ടീയ യോഗ്യത മാത്രം നോക്കി വ്യക്തികളെ നിയമിച്ചതാണ് എന്‍ടിഎയുടെ തകര്‍ച്ചയ്ക്ക് കാരണം.
കര്‍ഷകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സമരങ്ങളെ അടിച്ചമര്‍ത്തിയത് പോലെ, നീതി ചോദിക്കുന്ന വിദ്യാര്‍ത്ഥികളുടെ സമരത്തെയും വ്യാജ നുണപ്രചാരണങ്ങളും ഗൂഢാലോചനാ വാദങ്ങളും ഉന്നയിച്ച് അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
വിദ്യാഭ്യാസ മേഖലയിലെ ഹിമാലയന്‍ പരാജയങ്ങള്‍ക്ക് ഉത്തരവാദിയായ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് പാര്‍ലമെന്ററി കമ്മിറ്റികളുടെ നിര്‍ദ്ദേശങ്ങള്‍ പോലും കാറ്റില്‍പ്പറത്തി അഹങ്കാരം കാണിക്കുകയാണെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. തെറ്റുകള്‍ തിരുത്തുന്നതിന് പകരം വിദ്യാര്‍ത്ഥികളെ ശത്രുക്കളായി കണ്ട് അതിക്രമം അഴിച്ചുവിടുന്ന ബിജെപി സര്‍ക്കാരിന്റെ ഈ നിലപാടിന് ചരിത്രത്തില്‍ മാപ്പില്ലെന്നും, വിദ്യാര്‍ത്ഥികളുടെ ന്യായമായ പോരാട്ടത്തിനൊപ്പം നില്‍ക്കേണ്ടത് ഭരണഘടനാപരമായ കടമയാണെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
-
News3 days agoജോണ്സണ് ടാല്‍കം പൗഡര്‍ കേസ്: 5.5 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരത്തിന് ഒത്തുതീര്‍പ്പ്
-
Health1 day agoവാതം പ്രായമായവരുടെ മാത്രം അസുഖമല്ല; കുട്ടികളിലെ സന്ധിവാതത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
-
india3 hours agoസോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മോദിയെ അപമാനിച്ചെന്നാരോപിച്ച് മെറ്റ ഇന്ത്യന്‍ മേധാവിക്കെതിരെ കേസെടുത്ത് പൊലീസ്

