News

മദ്യപാനത്തെച്ചൊല്ലിയ വഴക്ക്; പിതാവിനെ വെട്ടിക്കൊന്ന് മൃതദേഹം ടാങ്കില്‍ തള്ളി, 25കാരന്‍ പിടിയില്‍

By vismaya

March 04, 2026

റായ്പൂര്‍: ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലെ അംബികാപൂരില്‍ മദ്യപാനത്തെച്ചൊല്ലിയ കുടുംബ വഴക്കില്‍ പിതാവിനെ വെട്ടിക്കൊന്ന് മകന്‍. മൃതദേഹം വീട്ടിനടുത്തുള്ള വാട്ടര്‍ ടാങ്കില്‍ തള്ളിയ ശേഷം ബിരിയാണി കഴിച്ച് വീട്ടിലെത്തി ഉറങ്ങിയ 25കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ പ്രഭാത് കെര്‍കെറ്റ (25) ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ടത് പിതാവായ പരസ് കെര്‍കെറ്റ (50) ആണ്. ബഹേരപാറയിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു  താമസിച്ചിരുന്നത്. മകന്‍ സമീപത്തെ വാടകവീട്ടിലാണ് താമസിച്ചിരുന്നത് എന്ന് പോലീസ് അറിയിച്ചു.

തിങ്കളാഴ്ച രാത്രി 11 മണിയോടെ മദ്യപിച്ച നിലയില്‍ പ്രഭാത് പിതാവിന്റെ വീട്ടിലെത്തി. അമിതമായ മദ്യപാനശീലത്തെക്കുറിച്ച് പിതാവ് മകനെ ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കം രൂക്ഷമായി. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന മഴു എടുത്ത് പ്രഭാത് പിതാവിന്റെ തലയില്‍ പലതവണ വെട്ടുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ പരസ് മരിച്ചു.

പിതാവ് മരിച്ചതായി തിരിച്ചറിഞ്ഞ പ്രഭാത് മൃതദേഹം വീടിനടുത്തുള്ള ചെറിയ വാട്ടര്‍ ടാങ്കില്‍ തള്ളിയതായി പോലീസ് വ്യക്തമാക്കി. പിന്നീട് പുറത്തുപോയി ബിരിയാണി കഴിച്ച ശേഷം വീട്ടിലെത്തി യാതൊരു കുറ്റബോധവുമില്ലാതെ ഉറങ്ങിയതായും അന്വേഷണത്തില്‍ കണ്ടെത്തി.

ചൊവ്വാഴ്ച രാവിലെ പരസിനെ വീടിന് പുറത്തു കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രഭാതിന്റെ മദ്യപാനത്തെച്ചൊല്ലി അച്ഛനും മകനും തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടെന്ന് അയല്‍വാസിയായ രാകേഷ് പ്രധാന്‍ പറഞ്ഞു.

ഇതിനിടെ, ലഖ്നൗവില്‍ 21കാരന്‍ പിതാവിനെ കൊന്ന് ശരീരം കഷണങ്ങളാക്കി ഡ്രമ്മില്‍ തള്ളിയ സംഭവത്തിന് പിന്നാലെയാണ് അംബികാപൂരിലെ ഈ കൊലപാതകവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പിതാവിനെ അബദ്ധത്തില്‍ കൊലപ്പെടുത്തിയതാണെന്ന് പ്രതിയായ അക്ഷത് പ്രതാപ് സിങ് പോലീസിനോട് പറഞ്ഞിരുന്നു.