ലക്‌നൗ: അഖിലേഷ് യാദവും മുലായം സിങ് യാദവും തമ്മിലുള്ള വിടവ് വര്‍ധിക്കുന്നതിനിടെ കോണ്‍ഗ്രസുമായി കൂട്ടുകെട്ടിനൊരുങ്ങി അഖിലേഷ് യാദവ് സഖ്യം. അടുത്ത ആഴ്ച സഖ്യം സംബന്ധിച്ച നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നാണ് ദേശീയ ചാനലായ സി.എന്‍.എന്‍.ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച അഖിലേഷ് യാദവ് രാഹുലുമായി കൂടിക്കാഴ്ച നടത്തിയേക്കും. പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഖിലേഷിന് കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ താല്‍പര്യമുണ്ട്. ഇതു സംബന്ധിച്ച സൂചനകള്‍ അദ്ദേഹം നല്‍കിയിരുന്നു. യു.പിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഷീലാ ദീക്ഷിതിനെയാണ് നിയമിച്ചത്. എന്നാല്‍ അഖിലേഷുമായുള്ള സഖ്യത്തെ അനുകൂലമായാണ് ഷീല പ്രതികരിച്ചത്. തനിക്ക് പ്രസക്തിയില്ലെന്നും സഖ്യമുണ്ടാക്കുകയാണെങ്കില്‍ നല്ലതാണെന്നുമായിരുന്നു ദീക്ഷിത് ബുധനാഴ്ച വ്യക്തമാക്കിയത്.

ഫാസിസ്റ്റ് ശക്തികളെ തടയുന്നതിന് സഖ്യമാകുന്നതിനോട് വിയോജിക്കേണ്ടെന്നാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷ അഭിപ്രായം. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സഖ്യസാധ്യത ഒന്നുകൂടി സജീവമാക്കിയത്. അതേസമയം തന്നെ അഖിലേഷും മുലായവും തമ്മില്‍ മഞ്ഞുരുക്കുന്നതിനുളള ചര്‍ച്ചകള്‍ മറുഭാഗത്ത് നടക്കുന്നുണ്ട്. ആദ്യമുള്ള പോലെ ചര്‍ച്ചകള്‍ക്ക് വേഗം കുറഞ്ഞിട്ടുണ്ട്. ഏഴ് ഘട്ടമായാണ് യു.പിയില്‍ തെരഞ്ഞെടുപ്പ്. ഫെബ്രുവരി 11നാണ് ആദ്യ ഘട്ടം. മാര്‍ച്ച് പതിനൊന്നിനാണ് ഫലപ്രഖ്യാപനം.