കോഴിക്കോട്: ബസ്സില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരെ ഇന്ന് കുടുംബം പരാതി നല്‍കിയേക്കും. ഗോവിന്ദപുരം സ്വദേശി ദീപക്കിനെ ഇന്നലെ രാവിലെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബസില്‍ വച്ച് ദീപക് ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാരോപിച്ച് ഒരു ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവന്‍സര്‍ വീഡിയോ പങ്കുവെച്ചിരുന്നു. ഈ ആരോപണത്തിന് പിന്നാലെ ദീപക്കിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവും സൈബര്‍ ആക്രമണവും ശക്തമായി. ദീപക്കിന്റെ മരണത്തിന് ശേഷം യുവതിക്കെതിരെയും സൈബര്‍ ആക്രമണം വര്‍ധിച്ചിട്ടുണ്ട്.
സംഭവത്തില്‍ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ബസില്‍ വച്ച് അതിക്രമം നേരിട്ടുവെന്ന് വ്യക്തമാക്കുന്ന വീഡിയോ ആദ്യം യുവതി പങ്കുവെച്ചിരുന്നെങ്കിലും പിന്നീട് അത് ഡിലീറ്റ് ചെയ്ത് മറ്റൊരു വിശദീകരണ വീഡിയോ കൂടി പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന വിശദീകരണ വീഡിയോ കണ്ടതിന് ശേഷമാണ് ദീപക് കൂടുതല്‍ മാനസിക വിഷമത്തിലായത് എന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിന് പിന്നാലെ ഇന്നലെ പുലര്‍ച്ചെ ഗോവിന്ദപുരത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം മാങ്കാവ് ശ്മശാനത്തില്‍ സംസ്‌കരിച്ചു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.