നോട്ട് നിരോധനം രാജ്യത്തിന് വലിയ വെല്ലുവിളിയായിരിക്കുമെന്നും രാജ്യത്തെ ജി.ഡി.പിയില്‍ രണ്ട് ശതമാനം കുറവുണ്ടാകുമെന്നും ഇത് കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ് കഴിഞ്ഞ നവംബര്‍ അവസാനം പാര്‍ലമെന്റില്‍ വ്യക്തമാക്കിയത് അതേപടി സത്യമായിരിക്കുകയാണിപ്പോള്‍. രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്നു പ്രധാന മന്ത്രി നരേന്ദ്ര മോദിക്കു തന്നെ ഇപ്പോള്‍ തുറന്ന് സമ്മതിക്കേണ്ടതായി വന്നു. ബി.ജെപി സര്‍ക്കാര്‍ മൂടിവെച്ച സത്യങ്ങള്‍ മറനീക്കി പുറത്തു വരികയാണിപ്പോള്‍. 2008ല്‍ അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങള്‍ സാമ്പത്തിക ഞെരുക്കത്തില്‍ അമര്‍ന്നപ്പോള്‍ ഇന്ത്യ പിടിച്ചുനിന്നത് മന്‍മോഹന്‍ സര്‍ക്കാരിന്റെ ആസൂത്രണ വൈഭവത്താലായിരുന്നു. അപ്പോള്‍പോലും നേരിടാത്ത പ്രതിസന്ധി മോദി സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തുകയായിരുന്നു.
രാജ്യത്ത് സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നുവെന്നും ഇത് ‘ക്ഷണികമോ താത്കാലികമോ’ അല്ലെന്നും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയുടെ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മാന്ദ്യം സാങ്കേതികമാണെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ വാദത്തേയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തള്ളിക്കളയുന്നു. ജനം കൂടുതല്‍ പണം ചെലവഴിക്കാതെ പ്രശ്‌നത്തില്‍ നിന്ന് കരകയറാനാകില്ല.വിപണിയില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാകും. ധനകമ്മിയെയും കടബാധ്യതയെയും കുറിച്ച് ചിന്തിക്കാതെ സര്‍ക്കാര്‍ ബോധപൂര്‍വം വിപണയില്‍ ഇടപെണമെന്നും എസ്.ബി.ഐ വ്യക്തമാക്കുന്നു.
ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും സര്‍ക്കാരിന്റെ പിടിപ്പുകേട് ഈയിടെ തുറന്നുപറഞ്ഞിരുന്നു. നോട്ട് നിരോധനം തികഞ്ഞ പരാജയമായിരുന്നുവെന്നും കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ ഇതുവഴി കഴിഞ്ഞിട്ടില്ലെന്നും തന്റെ പുസ്തക പ്രകാശന വേളയില്‍ അദ്ദേഹം തുറന്നടിച്ചിരുന്നു. ഇന്ത്യയിലെ രണ്ട് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ തോമസ് പി.കേട്ടി, ലുക്കാസ് ചാന്‍സല്‍ എന്നിവരും ഈ യഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്. ഇന്ത്യയിലെ സാമ്പത്തിക അസമത്വം ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന നിലയാണെന്നും ദേശീയ വരുമാനത്തിന്റെ 22 ശതമാനവും ഒരു ശതമാനം മാത്രം വരുന്ന കോര്‍പറേറ്റുകളുടെ കൈയിലാണെന്നും ഇരുവരും എഴുതിയ ഇന്ത്യ ഇന്‍കം ഇന്‍ ഇക്വലിറ്റി 1922 2014 ഫ്രം ബ്രിട്ടീഷ് രാജ് ടു ബ്രില്യണര്‍ രാജ് എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
ധനകമ്മി കൂടാതിരിക്കാന്‍ സര്‍ക്കാര്‍ ചെലവ് കുറക്കുക എന്ന നയം പ്രതീക്ഷിക്കുന്ന ഗുണം നല്‍കുകയില്ല. കള്ളപ്പണവും കള്ളനോട്ടടിയും ഭീകരവാദികളുടെ നോട്ടടിയും അവസാനിപ്പിക്കാനായിരുന്നില്ല ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ സാമ്പത്തികാധപ്പതനത്തിലെത്തിച്ച നോട്ട്‌നിരോധനം കൊണ്ടുവന്നത്. രാജ്യത്ത് ബി.ജെ.പി സര്‍ക്കാരിനെതിരെ വിവിധ വിഭാഗങ്ങളില്‍ നിന്നുയര്‍ന്നുവന്ന അതിരൂക്ഷമായ പ്രക്ഷോഭങ്ങളെ മറികടക്കാന്‍ വേണ്ടി മാത്രമായിരുന്നു. കാര്‍ഷിക പ്രക്ഷോഭവും വിദ്യാര്‍ത്ഥി പ്രക്ഷോഭവും ദലിത് ആദിവാസി പ്രക്ഷോഭവും സര്‍ക്കാരിന്റെ പ്രതിഛായ തന്നെ തകര്‍ത്തെറിയാന്‍ തുടങ്ങിയപ്പോള്‍ ജനശ്രദ്ധ മാറ്റാനായി കൊണ്ടുവന്ന മോദി മാജിക് ആയിരുന്നു നോട്ടുനിരോധനം. ഇതുവഴി രാജ്യത്തിന്റെ സാമ്പത്തിക ശേഷിയാണ് ഇല്ലാതായത്. ഇനി ഇത് തരണം ചെയ്യാന്‍ കൊണ്ടുവരുന്ന സാമ്പത്തിക നടപടികള്‍ ഇപ്പോള്‍ തന്നെ വിലക്കയറ്റം കൊണ്ട് ശ്വാസം മുട്ടുന്ന സാധാരണക്കാരന്റെ ദൈനംദിന ജീവിതം കൂടുതല്‍ ദുസ്സഹമായി മാറുമെന്നതില്‍ സംശയമില്ല.
നോട്ട് നിരോധനം രാജ്യത്ത് ഉണ്ടാക്കിയ സാമ്പത്തികാഘാതത്തിന് പിറകെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനവും (ജി.ഡി.പി) വ്യാവസായികോത്പാദനവും താഴേക്ക് പതിച്ചതാണ് രാജ്യത്തെ സാമ്പത്തികമായി തകര്‍ത്തിരിക്കുന്നത്. ആഭ്യന്തര ഉത്പാദനം കുറഞ്ഞതിന് പുറമെ ഓരോ ദിവസം കഴിയുന്തോറും തൊഴിലവസരങ്ങള്‍ കുറഞ്ഞു വരുന്നതും കര്‍ഷകര്‍ക്കിടയിലെ പരിഹരിക്കപ്പെടാത്ത സാമ്പത്തിക പ്രശ്‌നങ്ങളും ചരക്കുസേവന നികുതി നടപ്പാക്കിയതിലെ പാളിച്ചകളും എല്ലാം കൂടിച്ചേര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തികാടിത്തറയെയാണ് തകര്‍ത്തുകൊണ്ടിരുന്നത്. പെട്രോളിനും ഡീസലിനും ക്രമാതീതമായി വില വര്‍ധിപ്പിച്ചു സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ നടത്താമെന്ന കണക്ക് കൂട്ടലുകളും പിഴച്ചുകൊണ്ടിരിക്കുന്നു. ഇന്ധന വിലയിലെ വര്‍ധനവു കാരണം വിലക്കയറ്റം രൂക്ഷമായതോടെ വിപണിയിലെ ക്രയവിക്രയം മന്ദീഭവിച്ചിരിക്കുകയാണ്.
കഴിഞ്ഞ ആറ് ക്വാര്‍ട്ടറുകളില്‍ തുടര്‍ച്ചയായി സാമ്പത്തിക വളര്‍ച്ച താഴോട്ട് പോയ സാഹചര്യമാണ് ഇപ്പോള്‍ ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ക്ക് ആധാരം. സാമ്പത്തിക സിദ്ധാന്തങ്ങള്‍ പ്രകാരം നാലു പാദങ്ങളില്‍ വളര്‍ച്ചാനിരക്ക് താഴോട്ടു പോകുന്നുവെങ്കില്‍ അത് ഒരു സ്ലോ ഡൗണ്‍ ആണെന്നാണ്. ജൂണ്‍ മാസത്തില്‍ അവസാനിച്ച ത്രൈമാസ കാലയളവില്‍ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 5.7 ശതമാനമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും കുറഞ്ഞ നിരക്കാണിത്്. തൊട്ടു മുമ്പുള്ള ക്വാര്‍ട്ടറില്‍ ഇത് 6 .1 ശതമാനമായിരുന്നു. കൃഷി, മാനുഫാക്ചറിങ്, ഖനനം തുടങ്ങിയ തൊഴില്‍ അധിഷ്ഠിത മേഖലകളെല്ലാം ഏറെ മോശം പ്രകടനമാണ് കാഴ്ച വച്ചത് എന്നതാണ് ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട കാര്യം. ജി.ഡി.പി വളര്‍ച്ച ഒരു ശതമാനം കുറയുന്നുവെന്നതിന് അര്‍ത്ഥം ഏകദേശം ഒന്നര ലക്ഷം കോടി രൂപയുടെ ഉത്പാദന നഷ്ടം സംഭവിച്ചു എന്നാണ്. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടയില്‍ വളര്‍ച്ച നിരക്കില്‍ 1.9 ശതമാനം ഇടിവാണ് സംഭവിച്ചത്. ഇത് രൂപ കണക്കിലേക്കു വിവര്‍ത്തനം ചെയ്യുമ്പോള്‍ ഏതാണ്ട് രണ്ടു ലക്ഷം കോടി രൂപയുടെ ഉത്പാദന നഷ്ടം സംഭവിച്ചു എന്നാണ്.
മാനുഫാക്ചറിങ് സെക്ടറിനാണു പ്രകടമായ പരിക്ക് പറ്റിയത്. കുറെയേറെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ പൂട്ടിപ്പോവുകയോ, ഉത്പാദനം കുറക്കുകയോ ചെയ്തു എന്നാണ് ഇതിന്റെ നേരായ അര്‍ത്ഥം. ഇതില്‍ നിന്നും നഷ്ടത്തിന്റെ കണക്കു ഊഹിക്കാവുന്നതേയുള്ളു. കറന്‍സി പിന്‍വലിച്ച നടപടിയാണ് ഇതിന്റെ അടിസ്ഥാന കാരണമെന്നത് വ്യക്തമാവുകയാണ്. അനവസരത്തില്‍, ധൃതി പിടിച്ചെടുത്ത ഈ നടപടി ഇന്ത്യയുടെ സമ്പദ്ഘടനയെ പാടെ ഉലച്ചിരിക്കുന്നു. ഇക്കാര്യം നേരത്തെ തന്നെ ഡോ. മന്‍മോഹന്‍ സിങിനെപോലെ വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍, റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ തുടങ്ങിയവര്‍ക്ക് പുറമെ ഫിനാന്‍ഷ്യല്‍ ടൈംസ് പോലുള്ള സാമ്പത്തിക മാധ്യമങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. വിവിധ മേഖലകളില്‍ ഉണ്ടായ ഉത്പാദന നഷ്ടം തൊഴിലാളികളുടെ എണ്ണം കുറക്കുന്നതിന് ചെറുകിട, ഇടത്തരം കമ്പനികളെയും സ്ഥാപനങ്ങളെയും നിര്‍ബന്ധിതരാക്കി. കഴിഞ്ഞ പത്തു മാസത്തിനിടയില്‍ ഇത്തരത്തില്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങളിലെ സെയില്‍സ് ഗേള്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ അനേകായിരം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. വലിയ ഒരു വിഭാഗത്തിന് വരുമാന നഷ്ടം ഉണ്ടായത് സ്വാഭാവികമായും മാര്‍ക്കറ്റില്‍ പണത്തിന്റെ ഒഴുക്ക് കുറക്കുന്നതിനും ‘എഫക്റ്റീവ് ഡിമാന്‍ഡ്’ ഇടിയുന്നതിനും കാരണമായി. ഇത് വിപണി മാന്ദ്യത്തിലേക്കും ആത്യന്തികമായി സാമ്പത്തിക ദുരിതത്തിലേക്കും നയിക്കുന്നു. മോശമായ സാമ്പത്തിക സാഹചര്യങ്ങളില്‍ ഇത്തരമൊരു ചങ്ങലക്കെട്ട് പൊട്ടിക്കുക അത്ര എളുപ്പമല്ല. സ്വകാര്യ മൂലധനത്തിന്റെ കാര്യമായ നിക്ഷേപം ഇത്തരം സാഹചര്യങ്ങളില്‍ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, ഉള്ള സംരംഭങ്ങള്‍ എങ്ങനെയും നിലനിര്‍ത്തി കൊണ്ട് പോകാന്‍ മാത്രമായിരിക്കും സ്വകാര്യ സംരംഭകര്‍ തയ്യാറാവുക. അത് പ്രതികൂലമായി ബാധിക്കുന്നത് പുതിയ തൊഴില്‍ അവസരങ്ങളെയും ജനങ്ങളുടെ വരുമാനത്തെയുമാണ്. ഇപ്പോള്‍ ഭരണകര്‍ത്താക്കള്‍ തന്നെ സാമ്പത്തിക രംഗത്ത് കാര്യങ്ങള്‍ അത്ര ശുഭോദര്‍ക്കമല്ല എന്ന് സമ്മതിച്ചിരിക്കുന്നു. 50,000 കോടി രൂപയുടെ പാക്കേജ് സര്‍ക്കാര്‍ ഒരുക്കുന്നു എന്നാണ് ധനമന്ത്രി പറയുന്നത്. നോട്ട് നിരോധനത്തിന് മുമ്പുള്ള പാദങ്ങളിലും വളര്‍ച്ച നിരക്ക് താഴുന്ന പ്രവണതയിലായിരുന്നു. പിന്നീട് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഇത് മറി കടക്കുന്നതിനുള്ള ഉപാധിയായില്ലെന്ന് മാത്രമല്ല, കാര്യങ്ങള്‍ വലിയ തോതില്‍ കുഴപ്പത്തിലാക്കുന്നതായി. നോട്ട് നിരോധനം അക്ഷരാര്‍ത്ഥത്തില്‍ സമ്പദ് ഘടനയെ പിന്നാക്കം വലിച്ചു. ഇതിന്റെ ആഘാതത്തില്‍ നിന്നു മുക്തമാകുന്നതിനു മുമ്പു തന്നെ വ്യക്തതയില്ലാതെ ജി.എസ്.ടിയും നടപ്പാക്കിയതോടെ വ്യാപാര, വ്യവസായ മേഖലകളെ പാടെ തളര്‍ത്തി. 5.7 ശതമാനം എന്ന കുറഞ്ഞ തോതിലേക്ക് വളര്‍ച്ച നിരക്ക് എത്തുന്നതിന് ഈ നീക്കങ്ങള്‍ ഹേതുവായി എന്ന് വിലയിരുത്താതിരിക്കാന്‍ കഴിയില്ല.
ഇതിനെ മറികടക്കുന്നതിനു മാന്ത്രിക വടി ചുഴറ്റിയതു കൊണ്ടായില്ല. ക്രിയാത്മകവും ഭാവനാപൂര്‍ണ്ണവുമായ സാമ്പത്തിക ഉത്തേജക നടപടികളാണ് ഈ ഘട്ടത്തില്‍ വേണ്ടത്. സാമ്പത്തിക മാന്ദ്യ കാലത്ത് അമേരിക്ക നടപ്പാക്കിയ ഉത്തേജക പാക്കേജുകള്‍ ശ്രദ്ധേയമാണ്. ശക്തമായ വിമര്‍ശനങ്ങള്‍ അന്ന് ഒബാമക്ക് കേള്‍ക്കേണ്ടി വന്നുവെങ്കിലും നടപടികളുമായി അദ്ദേഹം മുന്നോട്ടു പോവുകയായിരുന്നു. ആ ഉറച്ച തീരുമാനങ്ങളാണ് പ്രതിസന്ധിയില്‍ നിന്ന് കര പറ്റാന്‍ അമേരിക്കയെ സഹായിച്ചത്. വന്‍ തോതില്‍ മാര്‍ക്കറ്റിലേക്ക് പണമെത്താതെ തൊഴിലുണ്ടാകില്ല, ഉത്പാദനവും നടക്കില്ല. ഈ യാഥാര്‍ഥ്യത്തെ കാണാതിരുന്നിട്ട് കാര്യമില്ല. മാക്രോ ഇക്കണോമിക് മാനേജ്‌മെന്റിനും വിദേശ റേറ്റിങ് ഏജന്‍സികളുടെ സര്‍ട്ടിഫിക്കറ്റിനും വേണ്ടി കാത്തുനില്‍ക്കേണ്ട സമയമല്ല ഇത്. ദൗര്‍ഭാഗ്യവശാല്‍ ഇപ്പോഴും ധനകമ്മി നിയന്ത്രണമാണ് ധനമന്ത്രിയുടെ മുഖ്യ അജണ്ട. അദ്ദേഹം പറയുന്നത് 50000 കോടിയുടെ പാക്കേജ് നടപ്പാക്കുമ്പോള്‍ ധനകമ്മി ജി.ഡി.പിയുടെ 3.7 ശതമാനമായി ഉയരുമെന്നാണ്. അതിനപ്പുറം പോയാല്‍ ഇന്ത്യയുടെ അന്താരാഷ്ട്ര രംഗത്തെ ഇന്‍വെസ്റ്റ്‌മെന്റ് ഡെസ്റ്റിനേഷന്‍ എന്ന തലത്തിലുള്ള റേറ്റിങ് താഴുമെന്നു അദ്ദേഹം ഭയക്കുന്നു. ഇത് 4.4 ശതമാനം വരെ ഉയര്‍ന്ന വര്‍ഷം ഉണ്ടായിരുന്ന കാര്യം സൗകര്യപൂര്‍വം ധനമന്ത്രി മറക്കുകയാണ്. അതുകൊണ്ട് ധനക്കമ്മി നിയന്ത്രണമാകരുത് സര്‍ക്കാരിന്റെ പ്രഥമ പരിഗണന. മറിച്ച് സ്വകാര്യ നിക്ഷേപത്തിന് അനുകൂലമല്ലാത്ത സാമ്പത്തിക സാഹചര്യത്തില്‍ സര്‍ക്കാറിന്റെ പൊതു നിക്ഷേപം ഗണ്യമായ തോതില്‍ ഉയര്‍ത്തണം, പ്രത്യേകിച്ച് കൃഷി പോലുള്ള അടിസ്ഥാന മേഖലകളില്‍.
പെട്രോള്‍, ഡീസല്‍ വില താഴ്ത്തിയാല്‍ വലിയ തോതില്‍ അത് ഗുണം ചെയ്യും. പക്ഷേ വരുമാന നഷ്ടം കണക്കിലെടുത്തു സര്‍ക്കാര്‍ ഇതിനെ കുറിച്ച് ചിന്തിക്കുന്നേയില്ല. ഈ ഘട്ടത്തില്‍ സാമ്പത്തിക മേഖല സന്നിഗ്ദ്ധ ഘട്ടത്തിലാണ്. ഇനി പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിക്കാനുള്ള സാധ്യത ഏറെയാണ്. എല്ലാം അടുത്ത ക്വാര്‍ട്ടറുകളില്‍ ശരിയാകുമെന്ന് ബി.ജെ.പി നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇങ്ങനെ പോയാല്‍ അതിനുള്ള സാധ്യതകള്‍ വിരളമാണ്. അതുകൊണ്ട് നികുതി ഇളവുകള്‍ അടക്കമുള്ള പാക്കേജുകള്‍ ചെറുകിട, ഇടത്തരം മേഖലക്ക് നല്‍കണം. അടിസ്ഥാന മേഖലകളില്‍ കൂടുതല്‍ നിക്ഷേപം അനിവാര്യമാവുകയാണ്.