Video Stories
പുതുവത്സരാഘോഷത്തിന് നിങ്ങള്‍ അര്‍ഹരല്ല
ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന ഇന്ത്യയില്‍ ദലിതുകള്‍ക്ക് പുതുവത്സരാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍പോലും അവകാശമില്ലെന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. പുതുവത്സരം ആഘോഷിച്ചതിന്റെ പേരില്‍ തഞ്ചാവൂരില്‍ ദലിതരുടെ വീടുകള്‍ക്കു നേരെ വ്യാപക അക്രമം നടന്നതായുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. പുതുവത്സരാേഘോഷപരിപാടികള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ മേല്‍ജാതിക്കാരായ ഹിന്ദുക്കള്‍ ദലിതരുടെ വീടുകള്‍ അടിച്ചുതകര്‍ക്കുകയും വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തല്ലിപ്പൊളിക്കുകയുമായിരുന്നെന്ന് ഇന്ത്യന്‍ എക്സപ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അമ്പലപ്പാട്ടു സൗത്ത് വില്ലേജില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ദലിത് യുവാക്കള്‍ പരിപാടികള്‍ നടത്തിയിരുന്നു. ബലൂണുകള്‍ പറത്തി സൗഹൃദം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ആഘോഷങ്ങള്‍. എന്നാല്‍ തൊട്ടടുത്ത ഗ്രാമത്തിലെ ചില ഹിന്ദു യുവാക്കള്‍ ആഘോഷ പരിപാടികള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും ബലൂണുകള്‍ ഉള്‍പ്പെടെയുള്ളവ പൊട്ടിച്ച് അക്രമം അഴിച്ചുവിടുകയുമായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആഘോഷങ്ങളുടെ ഭാഗമായി സൗണ്ട് സിസ്റ്റം ഉപയോഗിച്ചതിനെതിരെയായിരുന്നു ചിലര്‍ ആദ്യം രംഗത്തെത്തിയത്. പിന്നാലെ വാക് തര്‍ക്കവും സംഘര്‍ഷവുമായി. തുടര്‍ന്ന് കൂടുതല്‍ ഹിന്ദു യുവാക്കള്‍ വാഹനങ്ങളില്‍ ഗ്രാമത്തിലെത്തുകയും ദലിത് വീടുകള്‍ക്ക് നേരെ വ്യാപക അക്രമം അഴിച്ചുവിടുകയുമായിരുന്നെന്നു പൊലീസ് പറയുന്നു. ആയുധങ്ങള്‍ ഉള്‍പ്പെടെ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പതിനാലോളം വീടുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറയുന്നു. സംഭവത്തില്‍ മേല്‍ജാതിക്കാരായ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കീഴ്ജാതിക്കാരായവര്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടക്കുന്നതുമൊന്നും സഹിക്കാനാകാത്ത മേല്‍ ജാതിക്കാരുടെ അസ്വസ്ഥതയാണ് ഇവിടെ അക്രമത്തില്‍ കലാശിച്ചത്. ദലിതര്‍ ബൈക്കുകളില്‍ സഞ്ചരിക്കുന്നതും നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നതും മുടി നീട്ടി വളര്‍ത്തുന്നതുമൊന്നും ഇക്കൂട്ടര്‍ ഇഷ്ടപ്പെടുന്നില്ല. ദലിതര്‍ എന്നും താഴെക്കിടയില്‍ തന്നെ കഴിയേണ്ടവരാണെന്ന കുടില മനസ്സ് മാറാത്ത കാലത്തോളം ഇവിടെ അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറിക്കൊണ്ടേയിരിക്കും.
തമിഴ്നാട്ടിലെ ഉള്‍ഗ്രാമത്തില്‍ നടന്ന ഒറ്റപ്പെട്ട സംഭവമായി ഇതിനെ മാറ്റിനിര്‍ത്തേണ്ടതില്ല. സമീപ ഭാവിയില്‍ തന്നെ കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വ്യാപിക്കാന്‍ ഇടയുള്ള മാനസികാവസ്ഥയായാണ് ഇതിനെ കാണേണ്ടത്. ഇയ്യിടെ തൃശൂര്‍ പാവറട്ടിയില്‍ നടന്ന വിനായകിന്റെ മരണം ഇത്തരത്തില്‍ വായിക്കപ്പെടേണ്ടതാണ്. മുടി ചീകിയൊതുക്കി, വെളുത്ത വസ്ത്രങ്ങളണിഞ്ഞ, വെള്ളയുടലുകളെ താലോലിക്കുന്ന പൊതുമര്യാദാ താല്പര്യങ്ങളെ ലംഘിച്ചു എന്നൊരു തെറ്റ് മാത്രമേ വിനായക് ചെയ്തിരുന്നുള്ളൂ. കറുത്ത ശരീരവും നീട്ടിവളര്‍ത്തിയ മുടിയുമുണ്ടെങ്കില്‍ ഒരാള്‍ കുറ്റവാളിയോ സാമൂഹ്യവിരുദ്ധനോ ആവാമെന്ന പൊതുബോധമാണ് വിനായകനു വിനയായത്. കോളനിക്കാരനായ, മുടി നീട്ടി വളര്‍ത്തിയയാളെന്ന നിലക്കാണ് അയാള്‍ ഭേദ്യം ചെയ്യപ്പെടുകയും അതിഭീകരമായി മര്‍ദ്ദിക്കപ്പെടുകയും ചെയ്യുന്നത്. അദ്ദേഹത്തിന്റെ മുടി മുറിച്ചുമാറ്റുകയും ചെയ്തു. പൊലീസ് ആവശ്യപ്പെട്ടിട്ടാണ് മുടി മുറിച്ചുമാറ്റിയത്. അതായത് വളരെ പ്രത്യക്ഷത്തില്‍ തന്നെ ഇത് ഒരു കാസ്റ്റ് ഒപ്രഷനാണെന്ന് വ്യക്തമാണ്. പുതിയ രൂപഭാവങ്ങളോടുള്ള അസഹിഷ്ണുത എന്നതിനപ്പുറം ജാതിയാണ് വളരെ പ്രത്യക്ഷമായി അതിനകത്ത് പ്രവര്‍ത്തിക്കുന്ന കാര്യം. ജാതീയമായ അതിക്രമങ്ങള്‍ വളരെ വ്യാപകമായി, ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഭീതിദമായ ഒരന്തരീക്ഷമാണ് കേരളത്തിലുള്‍പെടെ രാജ്യത്തിപ്പോള്‍ ഉള്ളത്.
പല സ്ഥലങ്ങളിലും ഇത്തരം അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ ജീവിത സാഹചര്യത്തില്‍ ജീവിക്കുന്ന തലമുറയില്‍പെട്ട ദലിത് വിഭാഗത്തിലെ ചെറുപ്പക്കാരിലേക്കും ഭീതി കടത്തിവിടുകയാണ് പൊലീസും മേല്‍ജാതിക്കാരും ചെയ്തുകൊണ്ടിരിക്കുന്നത്. ഭീതി വിതയ്ക്കുക എന്നതാണ് കൃത്യമായി നടക്കുന്ന കാര്യം. പുതിയ സാഹചര്യങ്ങളിലേക്ക് അവര്‍ വരേണ്ടതില്ല എന്ന കര്‍ശന താക്കീതാണ് അക്രമത്തിലൂടെ മുന്നോട്ട്വെക്കുന്നത്. ഏത് പുതിയ സാഹചര്യങ്ങളില്‍ വന്നാലും, അവരെ ജാതീയമായി അടയാളപ്പെടുത്തുകയും അക്രമം കാണിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ പുറത്തുവന്ന കാര്യം.
ഇത്തരം കാര്യങ്ങളൊക്കെ കേരളത്തിനും അന്യമല്ല. ദലിതര്‍ക്കു നേരെ അക്രമമുണ്ടായാല്‍ വ്യാപകമായ പ്രതിഷേധമോ, പൊതു സമൂഹത്തില്‍ നിന്നോ രാഷ്ട്രീയ സമൂഹത്തില്‍ നിന്നോ കാര്യമായ പ്രതികരണങ്ങളോ ഒന്നും ഉണ്ടാകുന്നില്ല എന്നതാണ് പേടിപ്പെടുത്തേണ്ട വലിയ കാര്യം. ദലിതര്‍ കേരളീയ സമൂഹത്തിനകത്ത് എങ്ങനെയാണ് പരിചരിക്കപ്പെടുന്നത് എന്നതിന് ഭൗതികമായ ചില അടിസ്ഥാനങ്ങളുണ്ട്. കേരളത്തില്‍ ജാതീയപരമായ അതിക്രമങ്ങളുടെ പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നത് ജാതിക്കോളനികളാണ്. അവിടെ ജീവിക്കുന്ന മനുഷ്യരാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അതിക്രമത്തിന് വിധേയരാവുന്നത്. ജിഷയായാലും ഗോവിന്ദാപുരമായാലും വിനായക് ആയാലും കണ്ടുവരുന്ന കാര്യമതാണ്. അറുപത് വര്‍ഷത്തെ വികസനത്തിന്റെ ഭാഗമായി കോളനികളിലേക്കും പുറമ്പോക്കിലേക്കും ഈ ജനതയെ തൂത്ത് മാറ്റുകയും, ജാതീയ അതിക്രമങ്ങളുടെ വലിയ കേന്ദ്രമായി അത് പരിവര്‍ത്തനപ്പെടുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ കേരളീയ സമൂഹം കാണിക്കേണ്ട പ്രാഥമിക ജനാധിപത്യ മര്യാദ കേവല പ്രതിഷേധങ്ങള്‍ക്കപ്പുറം ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാവുന്നതിന്റെ ഭൗതിക സാഹചര്യം എന്തെന്ന് മനസ്സിലാക്കുക എന്നതാണ്. ഗോവിന്ദാപുരം സംഭവം ഉണ്ടായപ്പോള്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ അവിടെ ചെല്ലുകയും പിന്തുണ അറിയിക്കുകയും ചെയ്തു. ടാപ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ അനുവദിക്കുന്നില്ല എന്ന കാര്യമാണ് അവരെല്ലാം പ്രധാനമായി പറഞ്ഞത്. മാധ്യമങ്ങളും അതാണ് ചര്‍ച്ച ചെയ്തത്. ഇത് പ്രശ്നത്തിന്റെയൊരു പ്രതിഫലനം മാത്രമാണ്. യഥാര്‍ഥ പ്രശ്നം അതല്ല. വളരെ ദുര്‍ബലമായ ഒരു സമുദായം (ചക്ലിയ സമുദായം) അവിടെ ജീവിക്കുന്നു. പൊതുസമൂഹം മാത്രമല്ല ഭരണാധികാരികളും സര്‍ക്കാര്‍ സംവിധാനവും ഒരു നിമിഷത്തില്‍ പോലും അവര്‍ക്കനുകൂലമായ തീരുമാനമെടുക്കാത്ത സ്ഥിതിയാണ്. കേരളീയ സമൂഹത്തിനകത്ത് തികച്ചും അനാഥമാക്കപ്പെട്ട ജനസമൂഹത്തോടാണ് ഈ അതിക്രമം കാണിക്കുന്നത് എന്നാണ് തിരിച്ചറിയേണ്ടത്. പൈപ്പിനകത്തുനിന്ന് വെള്ളമെടുത്തുകൊടുത്താല്‍ തീരുന്ന പ്രശ്നമല്ല ഇത്. പ്രശ്നത്തിന്റെ അടിസ്ഥാനപരമായ കാര്യം കോളനി നിവാസികളായ വിഭാഗങ്ങളോട് ജനാധിപത്യ സര്‍ക്കാര്‍ തുടരുന്ന നിഷേധാത്മക സമീപനമാണ് തിരുത്തപ്പെടേണ്ടത് എന്നതാണ്.
വിനായകിന്റെ കേസില്‍ അവിടെ കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ട്, അതിലെ പ്രതിയാണെന്ന് പൊലീസ് സംശയിക്കുന്നു എന്നതാണ് എപ്പോഴും പറയുന്ന കാര്യം. സംശയിക്കാനുള്ള എന്ത് സാഹചര്യമാണുള്ളത് എന്ന ചോദ്യം പോലും കേരളം ചോദിക്കുന്നില്ല എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
പുതിയ രീതിയില്‍ വേഷവിധാനങ്ങളോടെ ജീവിക്കുന്നവരെല്ലാം കുറ്റവാളികളും കുഴപ്പക്കാരുമാണെന്നും കറുത്ത ശരീരങ്ങള്‍ അക്രമിക്കപ്പെടേണ്ടവരാണെന്നും തോന്നുന്ന ജാതീയമായ, വംശീയമായ മനോഭാവം കേരളത്തിലും ശക്തമായിവരികയാണ്. പുതിയ കോലങ്ങളോടുള്ള അസഹിഷ്ണുതയായി മാത്രം ഇതിനെ വായിക്കാനുള്ള പ്രവണത പലപ്പോഴും കണ്ടുവരുന്നുണ്ട്. അതിന്റെ അണ്ടര്‍ കറണ്ടായി നില്‍ക്കുന്നത് ജാതിവിവേചനമാണ്, കോളനി നിവാസികളോടുള്ള പകയും അവഗണനയുമാണ് എന്ന കാര്യം ഉറപ്പിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
കേരളത്തിലെ 55 ശതമാനം ദലിതരും കോളനികളിലാണ് ജീവിക്കുന്നത് എന്ന യാഥാര്‍ഥ്യബോധം നമുക്കുണ്ടാവണം. പതിറ്റാണ്ടുകളായി നൂറുകണക്കിന് കുടുംബങ്ങള്‍ കോളനികളില്‍ ജീവിക്കുക, കോളനികള്‍ക്ക് തൊട്ട് പുറത്തുള്ളവര്‍ പോലും അവരെ ശത്രുക്കളായി കാണുക, എല്ലാ കുഴപ്പങ്ങളുടേയും കേന്ദ്രം അവരാണെന്ന് വരുത്തുക, ഇതാണ് പൊതു സമീപനം. പത്ത് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ പുറത്തുവന്ന വലിയ അഴിമതികള്‍, വലിയ കുറ്റകൃത്യങ്ങള്‍, കൊള്ളകള്‍, ഇതിലൊന്നും ഒറ്റ ദലിതന് പോലും പ്രതിയല്ല എന്നതാണ് വസ്തുത. എന്നിട്ടും സംശയിക്കപ്പെടുന്നത് ദലിതരാണ്. ഇത് സമൂഹത്തിന്റെ മനോഭാവമാണ്. ജാതീയമായ മനോഭാവമാണ്. അതുകൊണ്ട് ഈ ജാതിക്കോളനികള്‍ അവസാനിപ്പിക്കുക എന്ന വിശാലമായ ബോധ്യത്തിലേക്ക് കേരളീയ സമൂഹം അടുക്കുമ്പോള്‍ മാത്രമേ, അതിന് പരിശ്രമിക്കുമ്പോള്‍ മാത്രമേ, അതിനായി സര്‍ക്കാരിന്റെ നയത്തില്‍ മാറ്റം വരുത്തുമ്പോള്‍ മാത്രമേ ഇത്തരം അതിക്രമങ്ങള്‍ ഫലപ്രദമായി തടഞ്ഞുനിര്‍ത്താനാവൂ. ഗോവിന്ദാപുരത്ത് ഒരു പ്രശ്നമുണ്ടാവുമ്പോള്‍ സമൂഹത്തിന്റെ നാലുപാട് നിന്നും ആളുകള്‍ വന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരിച്ചു പോകുന്നു. അവര്‍ തിരിച്ച് പോയിക്കഴിയുമ്പോള്‍ അന്ന് രാത്രി തന്നെ പൊലീസ് അവിടെയെത്തി വലിയ അതിക്രമം കാണിക്കുകയാണ്. അങ്ങനെ വന്നുപോയി പരിഹരിക്കാവുന്ന തരത്തില്‍ നീതിയും ന്യായവുമുള്ള സ്ഥലമല്ല കേരളം. ഗോവിന്ദാപുരം എന്നത് കേരളത്തില്‍ എമ്പാടുമുള്ള സ്ഥലമാണ്. എല്ലാ സ്ഥലത്തും ഗോവിന്ദാപുരമുണ്ട്. അതുകൊണ്ട് കേരളത്തിലെ ദലിത് സമുദായം ഇക്കാര്യത്തില്‍ ഉറച്ച തീരുമാനമെടുക്കേണ്ടതുണ്ട്.
കേരളത്തില്‍ ഈ അടുത്തകാലത്തായി നടക്കുന്ന അതിക്രമങ്ങളുടെ ഒരു വശം എണ്പതുകളിലോ തൊണ്ണൂറുകളിലോ ഒക്കെ ശക്തമായിരുന്ന ദലിത് മൂവ്മെന്റുകളുടെ അഭാവമാണ്. അതാണ് സമൂഹത്തിന് ഇത്തരത്തില്‍ ഒരു ധൈര്യം നല്‍കുന്നത്. ഗോവിന്ദാപുരത്തോ, അല്ലെങ്കില്‍ തൃശൂരില്‍ പൊലീസുകാര്‍ക്കോ ഒക്കെ കിട്ടുന്ന ധൈര്യത്തിന്റെ ഉറവിടം ഇതിനെ പ്രതിരോധിക്കാന്‍ ഇവിടെയൊരു മൂവ്മെന്റ് ഇല്ല എന്നതുതന്നെയാണ്. ഈ വിഭാഗം സംഘടിതമല്ല, പ്രതിരോധിക്കില്ല എന്ന ബോധ്യമുണ്ട്. ഉനയില്‍ ദലിത് യുവാക്കളെ കെട്ടിയിട്ട് അടിച്ചവശരാക്കിയപ്പോഴാണ് ദലിതുകള്‍ സംഘടിച്ചത്, ജിഗ്നേഷ് മേവാനി ഉദിച്ചുയര്‍ന്നത്. ദലിതുകള്‍ക്കുവേണ്ടി ഗുജറാത്ത് നിയമസഭയില്‍ ഉച്ചത്തില്‍ ശബ്ദിക്കാന്‍ ഇനി മേവാനിയുണ്ടാകും. മേവാനിമാര്‍ കേരളമുള്‍പ്പെടെ എല്ലായിടത്തും ഉദിച്ചുയരണം. ദലിതര്‍ ശക്തരായി സംഘടിക്കണം. എങ്കില്‍ മാത്രമേ അവര്‍ക്ക് പുതുവത്സരങ്ങള്‍ ആഘോഷഷിക്കാനാകൂ, നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കാനാകൂ, മുടി നീട്ടി വളര്‍ത്താനാകൂ.
Video Stories
ഫുഡ് റീലുകള്‍ കണ്ട് വെള്ളമിറക്കാറില്ലേ? എങ്കില്‍ ശ്രദ്ധിക്കുക; നിങ്ങള്‍ ‘ഡോപ്പമിന്‍ ട്രാപ്പിന്റെ കെണിയിലാണ്
തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ഇത്തരം വീഡിയോകള്‍ക്ക് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
പുതിയ കാലത്ത് ഫുഡ് റീലുകള്‍ കണ്ട് വെള്ളമിറക്കാത്ത ആരും തന്നെയില്ല. സോഷ്യല്‍ മീഡിയയില്‍ സ്ക്രോള്‍ ചെയ്യുമ്പോള്‍ മനോഹരമായി എഡിറ്റ് ചെയ്ത, ചീസും മസാലകളും നിറഞ്ഞ ഒരു ഭക്ഷണ വീഡിയോ കണ്ടുനില്‍ക്കാത്തവര്‍ ചുരുക്കമാണ്. ചൂടുള്ള ദം ബിരിയാണിയോ, മന്തിയോ അല്ലെങ്കില്‍ ആവി പറക്കുന്ന ചായയോ കണ്ടാല്‍ പോലും കണ്ണുടക്കി ഇത്തിരി നേരമിരിക്കാറുണ്ട്.
എന്നാല്‍ ഇങ്ങനെയുള്ള ഫുഡ് റീലുകള്‍ കണ്ട് വെള്ളമിറക്കാറുള്ളവരാണെങ്കില്‍ ശ്രദ്ധിക്കുക, നിങ്ങളൊരു കെണിയിലാണ്. തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ഇത്തരം വീഡിയോകള്‍ക്ക് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനെയാണ് ശാസ്ത്രലോകം ‘ഡോപ്പമിന്‍ ട്രാപ്പ്’ എന്ന് വിളിക്കുന്നത്.
എന്താണ് ഈ ഡോപ്പമിന്‍ ട്രാപ്പ്?
നമ്മുടെ തലച്ചോറില്‍ സന്തോഷവും സംതൃപ്തിയും ഉത്പാദിപ്പിക്കുന്ന ഒരു രാസവസ്തുവാണ് ഡോപ്പമിന്‍. എന്തെങ്കിലും ഒരു നല്ല കാര്യം സംഭവിക്കാന്‍ പോകുന്നു എന്ന പ്രതീക്ഷയുണ്ടാകുമ്പോഴാണ് ഡോപ്പമിന്‍ കൂടുതല്‍ പുറപ്പെടുവിക്കപ്പെടുന്നത്.
ഭക്ഷണ വീഡിയോകള്‍ കാണുമ്പോള്‍, ആ രുചി നാം അനുഭവിക്കാന്‍ പോകുന്നു എന്നൊരു മിഥ്യാധാരണ തലച്ചോറില്‍ ഉണ്ടാകുന്നു. ഈ പ്രതീക്ഷ ഡോപ്പമിന്‍ അളവ് പെട്ടെന്ന് വര്‍ധിപ്പിക്കുന്നു. ഇത് നല്കുന്ന താല്‍ക്കാലിക ആനന്ദം നിലനിര്‍ത്താന്‍ നാം വീണ്ടും വീണ്ടും ഇത്തരം വീഡിയോകള്‍ കാണുകയും, വീഡിയോയില്‍ കണ്ട അതേ ആഹാരം (അത് എത്ര അനാരോഗ്യകരമാണെങ്കിലും) കഴിക്കാന്‍ പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ ചക്രവ്യൂഹത്തെയാണ് ‘ഡോപ്പമിന്‍ ട്രാപ്പ്’ എന്ന് പറയുന്നത്.
ഫുഡ് റീലുകള്‍ കാണുമ്പോള്‍ ശരീരത്തില്‍ വയര്‍ നിറഞ്ഞിരിക്കുമ്പോഴും കണ്ണുകള്‍ കാണുന്ന കാഴ്ച വിശപ്പിന്റെ ഹോര്‍മോണായ ‘ഗ്രെലിന്‍’ ഉത്പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നു. ഇത് അനാവശ്യമായ വിശപ്പിലേക്ക് നയിക്കുന്നു. കഠിനാധ്വാനം ചെയ്യാതെ തന്നെ തലച്ചോറിന് ലഭിക്കുന്ന ഈ ‘സന്തോഷം’ നമ്മളെ അലസരാക്കുന്നു. ഇത് ക്രമേണ യഥാര്‍ഥ ഭക്ഷണത്തേക്കാള്‍ ഇത്തരം വീഡിയോകളോടുള്ള അടിമത്തമായി മാറുന്നു. റീലുകളില്‍ കാണുന്ന ഭക്ഷണങ്ങള്‍ മിക്കവാറും അമിതമായി വറുത്തതോ മധുരമുള്ളതോ ആയിരിക്കും. ഡോപ്പമിന്‍ നല്കുന്ന ആവേശത്തില്‍ നാം ഇത്തരം ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് കഴിക്കുമ്പോള്‍ അത് പ്രമേഹം, അമിതവണ്ണം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നു.
എങ്ങനെ ഇതിനെ പ്രതിരോധിക്കാം?
ബോധവത്കരണം: റീലുകള്‍ കാണുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ ഉണ്ടാകുന്ന ആഗ്രഹം യഥാര്‍ഥ വിശപ്പല്ല, മറിച്ച് തലച്ചോറിലെ രാസമാറ്റമാണെന്ന് തിരിച്ചറിയുക.
ഫോണ്‍ ഉപയോഗം കുറക്കുക: ഭക്ഷണം കഴിക്കുന്ന സമയത്തോ അതിന് തൊട്ടുമുന്‍പോ ഫോണ്‍ ഉപയോഗിക്കാതിരിക്കുക.
ശ്രദ്ധയോടെ കഴിക്കുക: നിങ്ങളുടെ മുന്നിലുള്ള ഭക്ഷണത്തിന്റെ മണവും രുചിയും ആസ്വദിച്ച് സാവധാനം കഴിക്കുക. ഇത് ശരീരത്തിന് കൃത്യമായ സംതൃപ്തി നല്‍കും.
സാങ്കേതികവിദ്യയുടെ കാലത്ത് സോഷ്യല്‍ മീഡിയയിലെ കെണികള്‍ പല രൂപത്തില്‍ വരാം. അതിലൊന്നാണ് നമ്മുടെ ഭക്ഷണശീലങ്ങളെ നിയന്ത്രിക്കുന്ന ഈ ഡോപ്പമിന്‍ ട്രാപ്പ്. കണ്ണുകള്‍ കാണുന്നതെല്ലാം വയറിന് നല്ലതല്ല എന്ന തിരിച്ചറിവ് ഉണ്ടായാല്‍ മാത്രമേ ഈ ഡിജിറ്റല്‍ യുഗത്തില്‍ ആരോഗ്യം സംരക്ഷിക്കാന്‍ നമുക്ക് സാധിക്കൂ. കാഴ്ചയിലെ ആനന്ദത്തേക്കാള്‍ ശരീരത്തിന്റെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കാം.
തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാഠിന്യത്തില്‍ സ്ഥലജലവിഭ്രമത്തില്‍ അകപ്പെട്ടിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. തിരിച്ചടിയുടെ കലിപ്പ് ആരോട് തീര്‍ക്കുമെന്ന നെട്ടോട്ടത്തിനിടയില്‍ തൊടുന്നതെല്ലാം പിഴക്കുകയും, നാണക്കേടില്‍ നിന്ന് നാണക്കേടിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്യുമ്പോള്‍ ഈ സര്‍ക്കാറിന്റെ ഗതികേടോര്‍ത്ത് സഹതപിക്കുകയാണ് കേരളത്തിലെ ജനങ്ങള്‍. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റിട്ടും ശതമാനക്കണക്കുകളുമായി പരാജയത്തെ സമ്മതിക്കാന്‍ വിസമ്മതിച്ച സി.പി.എമ്മിന് ഈ ജനവിധിയില്‍ ശബരിമലയിലെ സ്വര്‍ണക്കൊള്ളയോ ഭരണവിരുദ്ധ വികാരമോ മഷിയിട്ട് നോക്കിയിട്ട് പോലും കണ്ടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സ്വര്‍ണക്കൊള്ള ചര്‍ച്ചയായില്ലെങ്കിലും അതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പാ രഡി ഗാനം വിനയായെന്നായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. ഇതേ പാരഡി ഗാനത്തിന്റെ പേരില്‍ നടപടിക്കൊരുങ്ങി വഷളായിട്ടും അതേ മാതൃകയില്‍ വീണ്ടും കേസുമായി രംഗത്തെത്തുന്നത് തിരിച്ചടി സമ്മാനിച്ച ആഘാതത്തില്‍ നിന്ന് അവര്‍ മുക്തമായിട്ടില്ലെന്നതാണ് വ്യക്തമാക്കുന്നത്. പാട്ടിനെതിരായ പരാതിയില്‍ കേസെടുത്ത തിരുവനന്തപുരം സൈബര്‍ പൊലീസിന്റെ ന്യായം അയ്യപ്പന്റെ പേര് ഉപ യോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്നതായിരുന്നു. ഗാനരചയിതാവും സംഗീത സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെയായിരുന്നു കേസ്. ആവിഷാകാര സ്വാതന്ത്ര്യത്തെക്കുറിച്ച് വലിയവായില്‍ സംസാരിക്കുന്ന സി.പി.എമ്മിന് ഈ ദയനീയമായ നീക്കത്തില്‍നിന്ന്, പ്രതിരോധിക്കാന്‍ കഴിയാത്ത പ്രതിഷേധത്തെത്തുടര്‍ന്നും തല ഉയര്‍ത്താന്‍ കഴിയാത്ത പരിഹാസത്തെ തുടര്‍ന്നും നിര്‍ലജ്ജം യുടേണ്‍ അടിക്കേണ്ടിവന്നിരുന്നു. പാട്ട് പാടുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ വ്യാപകമായി കേസെടുത്ത് ഭയപ്പെടുത്താമെന്ന മണ്ടന്‍ തീരുമാനത്തില്‍ നിന്നും പിന്നീട് പാര്‍ട്ടി പിറകോട്ട് പോയിരുന്നു. കൂടുതല്‍ കേസെടുക്കേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് എ.ഡി.ജി.പി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസിലെ തുടര്‍ നടപടി മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണന് പോറ്റിയുമൊത്തുള്ള മുഖ്യമന്ത്രിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്. ശബരിമല സ്വര്‍ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിക്ക് ഉന്നത സി.പി.എം നേതാക്കളുമായി ബന്ധമുണ്ടെന്നും ഭരണതലത്തില്‍ സ്വാധീനമുണ്ടെന്നും വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തെ നേതാക്കള്‍ക്കെതിരെ കേസെടുത്ത് സര് ക്കാര് പരിഹാസ്യരാവുന്നത്. പിണറായിയും ഉണ്ണിക്കൃഷ്ണന് പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന്റെ പേരില്‍ സമൂഹത്തില്‍ ക ലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന പേരിലാണ് സുബ്രഹ്മണ്യത്തിനെതിരെ പൊലീസ് കേസെടുത്തത്.
ഹാജരാകാന്‍ നോട്ടീസ് പോലും നല്‍കാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയിട്ടുള്ള ഈ അറസ്റ്റും തീര്‍ത്തും ദുരൂഹമായിരുന്നുവെന്നത് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. പോറ്റി – പിണറായി ബന്ധത്തെക്കുറിച്ചുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്ക് തടയിടുകയെന്ന ലക്ഷ്യംമാത്രമാണ് ഈ അസാധാരണ നീക്കത്തിനു പിന്നിലുണ്ടായിരുന്നത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, പാരഡിഗാനം മോഡലില്‍ ഈ കേസും തിരിച്ചടിക്കുമെന്ന് ബോധ്യമാവുകയും ചെയ്തതോടെ സുബ്രഹ്മണ്യനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരിക്കുകയാണ്. സാമാന്യരീതിക്ക് നിരക്കാത്ത രീതിയില്‍, ഒരിക്കലും നിലനില്‍ക്കാത്ത വകുപ്പുകള്‍ ചുമത്തിയുള്ള കേസും, അസാധാരണ രീതിയിലുള്ള അറസ്റ്റുമെല്ലാം സൂചിപ്പിക്കുന്നത് ഇതൊന്നും കേരളാ പൊലീസ് സ്വമേധയാ നടത്തുന്ന നീക്കങ്ങളല്ല എന്നതാണ്. ജനവിധിയില്‍ സമനില നഷ്ടപ്പെട്ട പിണറായി ഭരണ കൂടത്തിന്റെയും സി.പി.എം പാര്‍ട്ടിയുടെയും ഇംഗിതത്തിനനുസരിച്ചു തുള്ളേണ്ടിവരുന്ന ക്രമസമാധാന സംവിധാനത്തിന്റെ ഗതികേടാണിതെന്നകാര്യം സുനിശ്ചിതമാണ്. പാട്ടിന്റെയും പോസ്റ്റിന്റെയും പേരില്‍ കേസും കൂട്ടവുമായി ഭികരാന്തരീക്ഷം സൃഷ്ടിക്കുന്ന ഇതേ പൊലീസും ആഭ്യന്തര വകുപ്പും തന്നെയാണ് ക്രിമിനലുകളെയും പീഢകരെയുമെല്ലാം അകമഴിഞ്ഞു സംരക്ഷിക്കുന്നത്. കൊലപാതകക്കേസുകളിലെ പ്രതികള്‍ക്കുള്‍പ്പെടെ തരാതരംപോലെ പരോള്‍ അനുവദിച്ച് നാട്ടില്‍ അഴിഞ്ഞാടാന്‍ അവസരം ഒരുക്കുകയും സ്ത്രീപീഢനങ്ങളുള്‍പ്പെടെയുള്ള പരാധികള്‍ പുഴ്ത്തിവെക്കുകയും ചെയ്യുന്നതിനാണ് നിലവില്‍ കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സി.പി.എം സഹയാത്രികനും മുന്‍ എം.എല്‍.എയുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഢന പരാതിയില്‍ സര്‍ക്കാറിന് മെല്ലെപ്പോക്കാണെന്നും ജാമ്യം നല്കി പ്രതിയെ സംരക്ഷിക്കുകയാണെന്നുമാണ് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി കഴിഞ്ഞ ദിവസം ആരോപിച്ചിരിക്കുന്നത്. ഏതായാലും വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് എടുത്തുചാടുന്ന പരുവത്തിലേക്കാണ് പിണറായി സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
kerala
വി.കെ പ്രശാന്ത് എം.എല്‍.എ ഓഫീസ് ഒഴിയണമെന്ന ആവശ്യവുമായി ആര്. ശ്രീലേഖ
തന്റെ ഓഫിസ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശാന്ത് സ്ഥലത്തുനിന്ന് ഒഴിയണമെന്നാണ് ശ്രീലേഖ ഫോണിലൂടെ ആവശ്യപ്പെട്ടത്.
തിരുവനന്തപുരം: ശാസ്തമംഗലത്തെ കോര്പറേഷന് കെട്ടിടത്തില്‍ വാടകക്ക് പ്രവര്‍ത്തിക്കുന്ന വി.കെ. പ്രശാന്തിന്റെ എം.എല്‍.എ ഓഫിസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ ആര്. ശ്രീലേഖ.
തന്റെ ഓഫിസ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശാന്ത് സ്ഥലത്തുനിന്ന് ഒഴിയണമെന്നാണ് ശ്രീലേഖ ഫോണിലൂടെ ആവശ്യപ്പെട്ടത്. പ്രശാന്തിന്റെ ഓഫിസ് ഇവിടെ പ്രവര്‍ത്തിക്കുന്നത് കൗണ്‍സില്‍ തീരുമാന പ്രകാരമാണ്. അടുത്ത മാര്‍ച്ച് വരെയാണ് കാലാവധി. എന്നാല്‍ കെട്ടിടം ഒഴിപ്പിക്കാന്‍ ബി.ജെ.പിക്കു ഭൂരിപക്ഷമുള്ള കൗണ്‍സില്‍ തീരുമാനിച്ചാല്‍ എം.എല്‍.എക്ക് ഓഫിസ് ഒഴിയേണ്ടതുണ്ട്.
കോര്പറേഷന് കെട്ടിടത്തില്‍ കൗണ്‍സിലര്‍ക്ക് ഓഫിസ് വേണമെങ്കില്‍ മേയര്‍ വഴിയാണ് അനുമതി കിട്ടുക. അതേസമയം എം.എല്‍.എയോട് ഓഫിസ് ഒഴിയാന്‍ ആവശ്യപ്പെട്ടത് സംബന്ധിച്ച് ശ്രീലേഖ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
-
kerala3 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india3 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india1 day agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
india22 hours agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala22 hours agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
More3 days agoഗസ്സ വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഫലസ്തീന് മാധ്യമപ്രവര്‍ത്തകരുടെ 706 കുടുംബാംഗങ്ങള്‍: ഫലസ്തീന് ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ്
