News

താമരശ്ശേരിയില്‍ വിനോദയാത്രയ്ക്കു പോയ സംഘത്തിനു നേരെ ആക്രമണം; നാലു പേര്‍ കസ്റ്റഡിയില്‍

By Manya

February 16, 2026

കോഴിക്കോട്: താമരശ്ശേരിയില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബ സംഘത്തിന് നേരെ ആക്രമണം. ചേളന്നൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് തടഞ്ഞു നിര്‍ത്തിയാണ് യുവാക്കളുടെ സംഘം ആക്രമണം നടത്തിയതെന്ന് പരാതി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ ബസിലുണ്ടായിരുന്നു. ഇന്നലെ രാത്രി 11.15ഓടെ താമരശ്ശേരി ചുരം മൂന്നാം വളവില്‍ ബസ് മറ്റൊരു ഗുഡ്‌സ് വാഹനവുമായി ചെറുതായി ഉരസിയിരുന്നു.

പ്രശ്‌നം പറഞ്ഞ് തീര്‍ത്ത് ബസ് യാത്ര തുടര്‍ന്നുവെന്നാണ് വിവരം. ഇതിനിടെ ചുരം കയറുകയായിരുന്ന കാറിലെ സംഘം ബസ് ഡ്രൈവറുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ”അടിവാരത്ത് വെച്ച് കാണിച്ചു തരാം” എന്നു പറഞ്ഞ് കാര്‍ തിരിച്ച് ബസിനെ പിന്തുടരുകയും ചെയ്തു.

അടിവാരത്ത് വെച്ച് കാര്‍ സംഘവും ഇവര്‍ ഫോണില്‍ വിളിച്ചുകൂട്ടിയ മറ്റ് ആളുകളും ചേര്‍ന്ന് ബസ് തടഞ്ഞു നിര്‍ത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ആരോപണം. ചിലര്‍ ബസിനുള്ളില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും മര്‍ദ്ദിക്കുകയും ഒരു സ്ത്രീയുടെ ഫോണ്‍ കവര്‍ച്ച ചെയ്യുകയും ചെയ്തതായി പരാതിയുണ്ട്.

പരുക്കേറ്റ ബസ് യാത്രക്കാരായ രഞ്ജിന്‍ ദേവ്, നിധീഷ്, രഞ്ജിത്ത്, രഞ്ജുല്‍ ദേവ് എന്നിവര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പരാതിക്കാരിയായ അശ്വനിയുടെ ഫോണ്‍ പ്രതികളില്‍ ഒരാളുടെ കൈവശം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.