X
    Categories: CultureMoreViews

ബിപ്ലബ് ദേബിന്റെ വെളിപാടുകള്‍ വെറും മണ്ടത്തരങ്ങളല്ല; സംഘപരിവാര്‍ ഗൂഢാലോചനയെന്ന് റിപ്പോര്‍ട്ട്

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് തുടര്‍ച്ചയായി പറയുന്ന വിഡ്ഢിത്ത പ്രസ്താവനകള്‍ വെറും മണ്ടത്തരങ്ങളല്ലെന്ന് നിരീക്ഷകര്‍. കൃത്യമായ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘപരിവാറിന്റെ ഗൂഢാലോചനയാണ് ബിപ്ലബ് ദേബിന്റെ പ്രസ്താവനകള്‍ക്ക് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. മോദി സര്‍ക്കാരിന്റെ വീഴ്ചകളും സംഘപരിവാര്‍ പ്രതിസ്ഥാനത്ത് വരുന്ന സംഭവങ്ങളും രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനുള്ള തന്ത്രപരമായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ത്രിപുര മുഖ്യമന്ത്രിയുടെ പ്രസ്താവനകളെ കാണുന്നത്. കഠ്‌വ, ഉന്നാവോ പീഡനങ്ങളില്‍ സംഘപരിവാര്‍ നേതാക്കള്‍ പ്രതിസ്ഥാനത്ത് വരികയും രാജ്യത്താകമാനം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഘട്ടത്തിലാണ് ബിപ്ലബ് ദേബ് മണ്ടത്തരങ്ങള്‍ പറഞ്ഞു തുടങ്ങിയത്.

രാജ്യം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ ഉയര്‍ന്നു വരുന്ന ഗൗരവപ്പെട്ട ചര്‍ച്ചകളെ ഇത്തരം പ്രസ്താവനകളിലൂടെ മറികടക്കാമെന്നും സംഘപരിവാര്‍ പ്രതീക്ഷിക്കുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതിനെ കുറിച്ചള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ രാജ്യത്ത് ശക്തമാണ്. മണ്ടന്‍ പ്രസ്താനവകള്‍ നടത്തിയാല്‍ മാധ്യമങ്ങള്‍ അതുമായി കെട്ടിമറിയുമ്പോള്‍ ഗൗരവമുള്ള ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞുമാറാമെന്നതാണ് സംഘപരിവാറും മോദിയും ഇതിലൂടെ കാണുന്ന ഗുണം.

ഇന്റര്‍നെറ്റ് സംവിധാനവും സാറ്റലൈറ്റും മഹാഭാരത യുദ്ധകാലത്ത് തന്നെ നിലവിലുണ്ടായിരുന്നു എന്നായിരുന്നു ബിപ്ലബ് ദേബിന്റെ ആദ്യത്തെ വെളിപാട്. അതുപയോഗിച്ചാണ് അന്ന് സഞ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് യുദ്ധത്തിലെ തത്സമയ വിവരണം നല്‍കിയതെന്നായിരുന്നു ത്രിപുര മുഖ്യമന്ത്രി പറഞ്ഞത്. യുദ്ധഭൂമിയുടെ ഒരു ഭാഗത്തിരിക്കുന്ന സഞ്ജയന് യുദ്ധക്കളത്തിന്റെ എല്ലാ ഭാഗത്തും നടക്കുന്ന കാര്യങ്ങള്‍ വിവരിക്കാന്‍ കഴിഞ്ഞത് സാറ്റലൈറ്റ് സംവിധാനം നിലവിലുണ്ടായിരുന്നതിനാലാണ് – ബിപ്ലബ് ദേബ് പറഞ്ഞു.

മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരല്ല സിവില്‍ എഞ്ചിനീയര്‍മാരാണ് സിവില്‍ സര്‍വീസില്‍ വരേണ്ടത് എന്നായിരുന്നു കഴിഞ്ഞ ദിവസം ബിപ്ലബ് ദേബിന്റെ വെളിപാട്. ബിരുദധാരികളായ യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കു പിറകെ പോവാതെ വല്ല പശുവിനേയും വാങ്ങി വളര്‍ത്തിക്കൂടെയെന്നാണ് ത്രിപുര മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്. അതിന് പറ്റുന്നില്ലെങ്കില്‍ മുറുക്കാന്‍കട തുടങ്ങാനും അദ്ദേഹം നിര്‍ദേശിച്ചു. ‘എന്തിന് വേണ്ടിയാണ് നീറ്റ് എക്‌സാമിനും സര്‍ക്കാര്‍ ജോലിക്കും പിറകെ ഓടുന്നത്. ബിരുദധാരികള്‍ക്ക് പശുവിനെ ലഭിക്കും. അതില്‍ നിന്ന് പത്തു വര്‍ഷം കൊണ്ട് പത്തുലക്ഷം രൂപയെങ്കിലുമുണ്ടാക്കാം. അതുപോലെ യുവാക്കള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പിറകെ അലയുന്നതിനു പകരം ഒരു മുറുക്കാന്‍ കടയിട്ടിരുന്നെങ്കില്‍ അഞ്ചു ലക്ഷം രൂപ ബാങ്ക് ബാലന്‍സ് ഇപ്പോള്‍ ഉണ്ടായേനെ’- ബിപ്ലബ് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: