ബസുകളുടെ ബോഡി നിര്‍മാണം കെ.എസ്.ആര്‍.ടി.സി നിര്‍ത്തുന്നു. ഇനി ബോഡിയോട് കൂടിയ ബസുകള്‍ കമ്പനികളില്‍ നിന്ന് വാങ്ങുന്നതിനാണ് തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ 100 ബസുകള്‍ വാങ്ങാന്‍ ടെണ്ടര്‍ ക്ഷണിച്ചുകഴിഞ്ഞു. ഇതില്‍ 80 ബസുകള്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിനും 20 എണ്ണം സൂപ്പര്‍ഫാസ്റ്റ് സര്‍വീസിനുമാണ്. സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെലവ് ചുരുക്കുന്നതിനും കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥകളും മറ്റ് സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളും പാലിക്കുന്നതിന്റെ ഭാഗമായാണ് ബസ് ബോഡി നിര്‍മാണം പുറത്ത് നല്‍കുന്നതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.

കേന്ദ്ര സര്‍ക്കാര്‍ അനുശാസിക്കുന്ന തരത്തിലുള്ള ഭാരത് സ്റ്റേജ് ഫോര്‍ മലിനീകരണ നിയന്ത്രണ നിബന്ധനകള്‍ അനുസരിച്ചായിരിക്കണം നിര്‍മാണമെന്ന് ടെണ്ടറില്‍ വ്യക്തമാക്കുന്നു. ടെണ്ടര്‍ ഈ മാസം 18വരെയാണ് സ്വീകരിക്കുക. 22ന് ടെണ്ടര്‍ തുറക്കും. 48 സീറ്റുകളുള്ള ബസില്‍ ഗ്ലാസ്, ഡോര്‍, ലഗേജ് ബോക്‌സ്, കൊറിയര്‍ ബോക്‌സ്, എല്‍.ഇ.ഡി ബോക്‌സ്, അലുമിനിയം ഫ്‌ളോറിംഗ് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണങ്ങള്‍ മികച്ച നിലവാരത്തിലുള്ളവയായിരിക്കണമെന്നും ടെണ്ടറില്‍ ചൂണ്ടിക്കാട്ടുന്നു. വാര്‍ഷിക നവീകരണ കരാര്‍ അനുസരിച്ചാകും ഇത്തരത്തില്‍ ബസുകള്‍ വാങ്ങുക. കമ്പനി നല്‍കുന്ന ഒരു വര്‍ഷ ഗ്യാരണ്ടിക്ക് പുറമെ നാലുവര്‍ഷം വരെ അറ്റകുറ്റപ്പണികള്‍ക്കുള്ള കരാര്‍ കമ്പനിക്ക് നല്‍കും. ഇതിനായി കെ.എസ്.ആര്‍.ടി.സിയുടെ വര്‍ക്ക്‌ഷോപ്പുകള്‍ കമ്പനികള്‍ക്ക് വിട്ടുനല്‍കുമെന്നാണ് വിവരം.
ബസുകളുടെ ബോഡി നിര്‍മാണം അവസാനിപ്പിക്കുന്നതോടെ കെ.എസ്.ആര്‍.ടി.സിയുടെ അഞ്ച് റീജിയണല്‍ വര്‍ക്ക്‌ഷോപ്പുകളും അടച്ചുപൂട്ടും. തിരുവനന്തപുരം പാപ്പനംകോട്, മാവേലിക്കര., എടപ്പാള്‍, കോഴിക്കോട്, ആലുവ എന്നിവിടങ്ങളിലാണ് നിലവില്‍ ബോഡിനിര്‍മാണ സൗകര്യമുള്ള വര്‍ക്ക്‌ഷോപ്പുകളുള്ളത്. ബസുകളുടെ ബോഡിനിര്‍മാണം കെ.എസ്.ആര്‍.ടി.സി അവസാനിപ്പിക്കുന്നതോടെ മെക്കാനിക്കല്‍ വിഭാഗത്തിലെ എംപാനല്‍ ജീവനക്കാര്‍ക്കാകും ആദ്യം ജോലി ഇല്ലാതാവുക. മെക്കാനിക്കല്‍ വിഭാഗത്തില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കലും ഇനിയുണ്ടാകില്ല. മെക്കാനിക്കല്‍ വിഭാഗത്തിലെ മുഴുവന്‍ എംപാനലുകാരെയും പിരിച്ചുവിടുമെന്ന് മാനേജ്‌മെന്റ് നേരത്തെ സൂചന നല്‍കിയിരുന്നു.
ബോഡി നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അറുന്നൂറോളം എംപാനല്‍ ജീവനക്കാരെ സമീപകാലത്ത് പിരിച്ചുവിട്ടിരുന്നു. ബസ് ബോഡി നിര്‍മാണം നടക്കുന്നില്ല എന്ന കാരണം പറഞ്ഞായിരുന്നു പിരിച്ചുവിടല്‍. നാലായിരത്തോളം മെക്കാനിക്കല്‍ ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സിയിലുള്ളത്. ഇതില്‍ 1400 പേര്‍ എംപാനലുകാരാണ്. വര്‍ക്ക് ഷോപ്പുകളില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ ഇനി എണ്ണൂറോളം എംപാനല്‍ ജീവനക്കാരാണ് അവശേഷിക്കുന്നതെന്നാണ് വിവരം. ബോഡി നിര്‍മാണം നിലക്കുന്നതോടെ വര്‍ക്ക്‌ഷോപ്പുകളില്‍ ജോലി ചെയ്യുന്ന സ്ഥിരം മെക്കാനിക്കല്‍ ജീവനക്കാരെ ഡിപ്പോകളിലേക്ക് മാറ്റും.
അതേസമയം, ബോഡി നിര്‍മാണം അവസാനിപ്പിക്കുന്നതുവഴി കോടികളുടെ നഷ്ടം കോര്‍പറേഷനുണ്ടാകുമെന്ന് ജീവനക്കാര്‍ പറയുന്നു. സ്വന്തമായി ബോഡി നിര്‍മിക്കുമ്പോള്‍ ബസ് ഒന്നിന് ഒന്നരലക്ഷം രൂപവരെ ലാഭിക്കാന്‍ സാധിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. അഞ്ച് വര്‍ക്ക് ഷോപ്പുകളിലായി 120 ബസുകള്‍വരെ ബോഡി നിര്‍മിച്ച് പുറത്തിറക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ ഈ വര്‍ക്ക് ഷോപ്പുകള്‍ കേന്ദ്രസര്‍ക്കാറിന്റെ പുതിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്. ഇതിനായി കോടികള്‍ ചെലവിടേണ്ടിവരുന്ന സാഹചര്യമായതിനാലാണ് ബോഡിനിര്‍മാണം നിര്‍ത്തി ബസുകള്‍ ബോഡിയോടൊപ്പം വാങ്ങാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറയുന്നു.