പഴയങ്ങാടി: ന്യൂനപക്ഷ ദലിത് പിന്നോക്ക വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കായി പോരാടിയ മുസ്‌ലിംലീഗ് മുന്‍ എംഎല്‍എ എം ചടയന്റെ ഓര്‍മ പുതുക്കി ജന്മ നാട്. ചടയന്റെ 46ാം ചരമ വാര്‍ഷിക ദിനത്തില്‍ കണ്ണൂരിലെ പഴയങ്ങാടിയിലാണ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചത്. ചടയന്റെ ഓര്‍മകളുറങ്ങുന്ന വീട്ടുപരിസരത്ത് നടന്ന പരിപാടി രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖരുടെ തന്നെ കൂടിചേരലായി. മുസ്‌ലിംലീഗ് നേതാക്കള്‍ ഉള്‍പ്പെടെ വിവിധ മേഖലയിലുള്ളവര്‍ എം ചടയനെന്ന മനുഷ്യ സ്‌നേഹിയെ കുറിച്ചും പൊതുരംഗത്ത് അദ്ദേഹം നടത്തിയ ഇടപെടലിനെ കുറിച്ചും ഓര്‍മകള്‍ പങ്കിട്ടു. ജന്മ നാട്ടില്‍ ചടയന് ഒരു സ്മാരകം വേണമെന്ന അഭിപ്രായവും ഉയര്‍ന്നു. അനുസ്മരണ പരിപാടികള്‍ക്ക് മുന്നോടിയായി ചടയന്റെ സ്മൃതീ കുടീരത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. ദലിത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യുസി രാമന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി അനുസ്മരണ പ്രഭാഷണം നടത്തി. അധ്യാപക പുരസ്‌കാര ജേതാവ് എം മധുസൂദനന് കരീം ചേലേരി ചടയന്‍ പുരസ്‌കാരം സമ്മാനിച്ചു. കെപിസിസി അംഗം എംപി ഉണ്ണികൃഷ്ണന്‍, മാധ്യമ പ്രവര്‍ത്തകന്‍ മഹമ്മൂദ് വാടിക്കല്‍, എപി ബദറുദ്ദീന്‍, പികെ മുരളീധരന്‍, എസ്‌കെപി സക്കരിയ്യ, വിപി മുഹമ്മദലി, ഇപി ബാബു, ഡമോക്രറ്റിക് സ്റ്റുഡന്റ് മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം വിപിന്‍, ദലിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി രമേശന്‍ സംസാരിച്ചു. കെവി മുഹമ്മദലി, പിഎം ഹനീഫ്, ഗഫൂര്‍ മാട്ടൂല്‍, എസ് യു റഫീഖ്, മധു കാസര്‍കോട്, പി പ്രകാശന്‍, വിഎം സുരേഷ് ബാബു, രാജു ഒളിയന്നൂര്‍, ആര്‍ വാസു, ആയിഷ ഉമ്മലില്‍, റഷീദ ഒടിയില്‍, സാദിഖ് മുട്ടം പങ്കെടുത്തു.