കൊറോണ വൈറസ് ബാധയ്ക്ക് നിരവധി ലക്ഷണങ്ങളുണ്ട്. എന്നാല്‍ വൈറസിന് ജനിതകമാറ്റം സംഭവിക്കുകയും കൂടുതല്‍ വ്യാപിക്കുകയും ചെയ്തപ്പോള്‍ പുതിയ ലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനം അനുസരിച്ച് തലവേദന, വിശപ്പില്ലായ്മ, പേശീവേദന, കുളിരും വിറയലും എന്നിവ കോവിഡ് ലക്ഷണങ്ങളില്‍ പെടുന്നു.

ഇംഗ്ലണ്ടിലെ പത്തുലക്ഷത്തിലധികം പേരില്‍ REACT പ്രോഗ്രാം നടത്തിയ പഠനം ഈ കണ്ടെത്തല്‍ ശരി വയ്ക്കുന്നു. ജൂണ്‍ 2020 നും ജനുവരി 2021 നും ഇടയിലാണ് വിവരശേഖരണം നടത്തിയത്. ചോദ്യാവലികളും സ്വാബ് ടെസ്റ്റുമാണ് രോഗം ബാധിച്ചവരുടെ വിവരങ്ങളറിയാന്‍ ഉപയോഗിച്ചത്.
പഠനത്തില്‍ 60 ശതമാനത്തിലധികം പേര്‍ക്കും ലക്ഷണങ്ങളൊന്നും പ്രകടമായില്ല എന്നു കണ്ടു. രുചിയും ഗന്ധവും നഷ്ടപ്പെടുക, പനി തുടങ്ങിയ സാധാരണ ലക്ഷണങ്ങള്‍ പോലും കോവിഡ് പോസിറ്റീവായവരില്‍ പ്രകടമായിരുന്നില്ല.

കോവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതില്‍ പ്രായവും ഒരു ഘടകമാണ്. ഉദാഹരണത്തിന് കോവിഡ് പോസിറ്റീവായ എല്ലാ പ്രായത്തിലുള്ളവര്‍ക്കും വിറയലും കുളിരും അനുഭവപ്പെടുന്നതായി കണ്ടു.
അതേ സമയം 5 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും തലവേദന അനുഭവപ്പെട്ടിരുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വിശപ്പില്ലായ്മയും ഉണ്ടായി. പേശിവേദന മുതിര്‍ന്നവരില്‍ കോവിഡിന്റെ ലക്ഷണം ആയിരുന്നു. കുട്ടികളില്‍ ചുമ, പനി, വിശപ്പില്ലായ്മ എന്നിവ അനുഭവപ്പെട്ടിരുന്നു.
കോവിഡ് ബാധിച്ചവരില്‍ മിക്കവരും പരിശോധന നടത്തുന്നില്ലെന്നും അതുകൊണ്ടുതന്നെ സെല്‍ഫ് ഐസൊലേറ്റ് ചെയ്യുന്നില്ലെന്നും ഇതിനു കാരണം പലപ്പോഴും കോവിഡിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാത്തതു കൊണ്ടാണ് എന്നും പഠനം നടത്തിയ REACT പ്രോഗ്രാമിന്റെ ഡയറക്ടര്‍ ആയ പ്രൊഫ. പോള്‍ എലിയറ്റ് പറയുന്നു.