തിരുവനന്തപുരം: കശാപ്പ് നിയന്ത്രണം ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പ്രശ്‌നമായി കാണരുതെന്നും കര്‍ഷകപ്രശ്‌നമായി ഇതിനെ കണക്കാക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തെ മതപരമായി തിരിച്ചു വിടാനുള്ള ശ്രമം നടക്കുന്നുണ്ട്. അത് അനുവദിക്കരുത്. ബീഫ് ഫെസ്റ്റായാലും നടുറോഡില്‍ കാലികളെ കഴുത്തറുത്ത് കൊന്നുള്ള പ്രതിഷേധമായാലും നടത്തരുത്. ഇത് മുസ്‌ലിം വിഷയമല്ല. എന്നാല്‍ മുസ്‌ലിംകളുമായി ബന്ധപ്പെടുത്തിയാണ് വിഷയം പ്രചരിപ്പിക്കുന്നത്. മുസ്‌ലിംകള്‍ രാവിലെയും ഉച്ചക്കും വൈകിട്ടും ബീഫാണ് കഴിക്കുന്നതെന്നാണ് വ്യാപക പ്രചരണം. മുസ്‌ലിംകള്‍ക്ക് പോത്തിറച്ചി കഴിച്ചില്ലെങ്കിലും പ്രശ്‌നമില്ല, അത് കഴിച്ചില്ലെങ്കില്‍ ആടോ കോഴിയോ കഴിക്കും അതുമല്ലെങ്കില്‍ പച്ചക്കറി കഴിക്കാനും തങ്ങള്‍ക്ക് അറിയാമെന്ന് മുനീര്‍ പറഞ്ഞു.
മൃഗങ്ങളോടുള്ള ക്രൂരത തടയാനെന്ന പേരില്‍ കുത്തകകള്‍ക്ക് മാട്ടിറച്ചി വിറ്റ് ലാഭമുണ്ടാക്കാന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ കശാപ്പു നിയന്ത്രണം കൊണ്ടുവന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മാട്ടിറച്ചി കച്ചവടക്കാര്‍ ബി.ജെ.പിക്കാരോ ബി.ജെ.പിയുമായി ബന്ധമുള്ളവരോ ആണ്. അത്തരക്കാര്‍ നടത്തുന്ന കമ്പനിയുടെ പേരിന് മുന്നില്‍ ‘അല്‍’ എന്ന് ചേര്‍ത്തെന്ന് കരുതി ഉത്തരവാദികള്‍ മുസ്‌ലിംകളാണെന്ന് ആരും കരുതരുത്. ഉത്തര്‍പ്രദേശിലെ വന്‍കിട മാട്ടിറച്ചി വ്യാപാരിയായ സംഗീത് സോമിനേയും പാര്‍ട്ണര്‍ മോയന്‍ ഖുറേഷിയേയും പോലെയുള്ള കുത്തകകള്‍ക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. ഉത്തര്‍പ്രദേശിലെ മറ്റൊരു മാട്ടിറച്ചി കയറ്റുമതി വ്യാപാരിയായ സിറാജുദ്ദീന്‍ ഖുറേഷിയുടെ നോമിനിയാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആദിത്യനാഥ് അധികാരത്തിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് ഖുറേഷിക്ക് വേണ്ടി അനധികൃത കശാപ്പുശാലകള്‍ അടച്ചു പൂട്ടുകയായിരുന്നെന്നും മുനീര്‍ ചൂണ്ടിക്കാട്ടി.
മനുഷ്യന്‍ മരിച്ചാലും കുഴപ്പമില്ല പശുവിനെ കൊല്ലരുതെന്നാണ് സംഘപരിവാര്‍ വാദം. ഭക്ഷണത്തിന് വേണ്ടിയുള്ള കശാപ്പു നിയമവിധേയമാണ്. മൃഗങ്ങളെ പീഡിപ്പിച്ച് കൊല്ലരുതെന്ന് മാത്രമേ നിയമം അനുശാസിക്കുന്നുള്ളൂ. ഇത്തരം വിഷയങ്ങളില്‍ നിയമനിര്‍മാണത്തിനുള്ള അധികാരം ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍ നിലനില്‍ക്കുന്നതല്ല. ഇത് ഫെഡറല്‍ സംവിധാനത്തിന്മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റമാണ്. ജനങ്ങളുടെ ഭക്ഷണരീതി പോലും എന്താണെന്ന് നിശ്ചയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി തികഞ്ഞ ഫാസിസമാണെന്നും മുനീര്‍ പറഞ്ഞു.
കാലിയെ വളര്‍ത്തി അതിനെ വില്‍ക്കുമ്പോഴാണ് ആ കര്‍ഷകന് എന്തെങ്കിലും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ വളര്‍ത്തു പശുക്കള്‍ തെരുവുപശുക്കളായി അലയുന്ന കാലം വിദൂരമല്ല. പ്രായമേറിയതും കറവ വറ്റിയതുമായ കാലികളെ ഗോശാലയില്‍ വളര്‍ത്തണമെന്നാണ് സംഘപരിവാറുകാര്‍ പറയുന്നത്. പ്രായമായ മാതാപിതാക്കളെ നേരാംവണ്ണം നോക്കാത്ത രാജ്യത്താണ് പശുക്കളെ ഗോശാലയില്‍ വളര്‍ത്തുക. ഇത് സംബന്ധിച്ച് മഹാത്മാഗാന്ധി യംഗ് ഇന്ത്യയില്‍ എഴുതിയ ലേഖനവും മുനീര്‍ സഭയില്‍ ഉദ്ധരിച്ചു.