india

പാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്

By webdesk17

December 28, 2025

ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭവുമായി കോണ്‍ഗ്രസ് തെരുവിലേക്ക്. ജനുവരി 5 മുതല്‍ ‘തൊഴിലുറപ്പ് ബച്ചാവോ അഭിയാന്‍’ എന്ന പേരില്‍ വന്‍ പ്രചാരണ പരിപാടികള്‍ ആരംഭിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പദ്ധതി നിര്‍ത്തലാക്കിയ കേന്ദ്ര നടപടിയില്‍ ജനരോഷം ആളിപ്പടരുകയാണെന്നും അതിന്റെ പ്രത്യാഘാതം മോദി സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും പാര്‍ട്ടി അ ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ മുന്നറിയിപ്പ് നല്‍കി. തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രം കൊണ്ടുവന്ന ‘വിക്‌സിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍’ (വി.ബി-ജി റാം ജി) നിയമത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ജനുവരി 5 മുതല്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ജനസഭകള്‍ ചേരുകയും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ വിശദീകരിക്കുകയും ചെയ്യും. പാവപ്പെട്ടവന്റെ ഭര ണഘടനാപരമായ തൊഴില്‍ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ഖര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതിയില്‍നിന്ന മഹാത്മാ ഗാന്ധിയുടെ പേര് മാറ്റിയത് രാഷ്ട്രപിതാവിനോടുള്ള അവഹേളനമാണെന്ന് അദ്ദേഹം ആരോപിച്ചു. ‘തൊഴിലുറപ്പ് പദ്ധതി വെറുമൊരു പദ്ധതിയല്ല. അത് പാവപ്പെട്ടവന്റെ നിലനില്‍പ്പിനുള്ള അവകാശമാണ്. അതില്ലാതാക്കി പാവപ്പെട്ടവരെ അടിമകളാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ രോഷം അവര്‍ വൈകാതെ തിരിച്ചറിയും.’-ഖര്‍ഗെ വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും ഫണ്ട് വിഹിതത്തില്‍ കേന്ദ്രം വരുത്തിയ മാറ്റം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും രാഹുല്‍ ചുണ്ടിക്കാട്ടി. എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ സോണിയ ഗാന്ധി, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൊഴിലുറപ്പ് വിഷയം സജീവമായി ഉയര്‍ത്താനാണ് പാര്‍ട്ടി തീരുമാനം.