കേരള രാഷ്ട്രീയത്തിലെ അധികായനായിരുന്നു കരിങ്കോഴക്കല്‍ മാണി എന്ന കെ.എം മാണി. കെ.എം മാണിയെ കോഴമാണി എന്ന് വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് കലാപമുയര്‍ത്തിയ ഇടതുപക്ഷം പിന്നീട് ആ മുന്തിരിക്കുലയെ മോഹിച്ച് വിളി മാണിസാര്‍ എന്നാക്കിയിരുന്നു. മാണിയുള്ള കാലത്ത് കിട്ടാത്ത മുന്തിരിക്ക് പുളിയാണെന്ന് എല്‍.ഡി.എഫ് തിരിച്ചറിഞ്ഞ് പണ്ട് പാലക്കാട്ട് പ്ലീനത്തിലാണ് സി.പി.എം മാണിക്കായി ആദ്യം പരവതാനി വിരിച്ചത്. പിന്നീട് കോഴയുടെ പേരില്‍ ചുരുട്ടി വച്ച ആ വിരിപ്പ് പിന്നീട് സംസ്ഥാന സമ്മേളന വേദിയില്‍ വീണ്ടും വിരിച്ചു. ഇക്കാലയളവിലാണ് ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന് ഇടത് സര്‍ക്കാറിന്റെ വിജിലന്‍സ് പാടുപെട്ടു കണ്ടു പിടിച്ചത്.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുവരെ ഇടതിനെ മോഹിപ്പിച്ചു നടന്ന മാണി പിന്നീട് മനം മാറ്റി. അപ്പോഴേക്കും വിജിലന്‍സി റിപ്പോര്‍ട്ട് തയാറായിക്കഴിഞ്ഞിരുന്നു. മാണി പൊടീം തട്ടി പോവുകേം ചെയ്തു. കോഴ മാണിയില്‍ മാണി സാറിലേക്ക് സി.പി.എം നാക്കിനെ മാറ്റിയപ്പോള്‍ മകന്‍ ജോസ് മോന് അധികാരത്തോട് കലശലായ മോഹം. പിന്നെ ഒന്നും നോക്കിയില്ല തങ്ങളെ അഴിമതിക്കാരെന്ന് മുന്‍പ് വിളിച്ചവന്‍മാരുടെ കൂടെ തോളില്‍ കയ്യിട്ടൊരു പോക്കങ്ങു പോയി. മീനച്ചിലറില്‍ വെള്ളം പിന്നെയും കുറെ ഒഴുകി.
അപ്പന് ആനയുണ്ടെന്ന് കരുതി മകന് തഴമ്പുണ്ടാവില്ലെന്ന് ആര്‍ക്കറിയില്ലെങ്കിലും പാലാക്കാര്‍ക്ക് നന്നായി അറിയാം. ജോസ് മോനെ പാല പറ്റിച്ചു. കരിങ്കോഴക്കല്‍ മാണി എന്ന കെ.എം മാണി 1975 ലാണ് ആദ്യമായി മന്ത്രിയാകുന്നത്. പരാജയമില്ലാത്ത, തുടര്‍ച്ചയായ 13 തിരഞ്ഞെടുപ്പുകള്‍ നേരിട്ടു കെ.എം മാണി എന്ന മാണിസാര്‍. പക്ഷേ മകന്‍ പാര്‍ട്ടി ചെയര്‍മാനായതോടെ സ്വന്തം വാര്‍ഡില്‍ പോലും തോറ്റു പതിറ്റാണ്ടുകളായി കൈവശം വെച്ച പാലാ മുനിസിപ്പാലിറ്റി കൂടി കൈമോശം വന്നതാണ് ആകെയുള്ള പാര്‍ട്ടിയുടെ ഇക്കാലയളവിലെ വളര്‍ച്ച. എന്നാല്‍ പിന്നെ ഇടതിനൊപ്പം രാജ്യസഭയെങ്കില്‍ രാജ്യസഭ തന്നെ. ഇടതിന്റെ കുത്തൊഴുക്ക് ഇരട്ടച്ചങ്കന്റെ ഏതാണ്ടൊക്കെ എന്ന് കൂവിയിട്ടും രണ്ടിലയ്ക്ക് പക്ഷേ ഇടതില്‍ വേണ്ടത്ര കിളിര്‍ക്കാനാവുന്നില്ലെന്ന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പോടെ ജോസ്‌മോനും പാര്‍ട്ടിയും തിരിച്ചറിഞ്ഞു.
പണ്ട് അപ്പനുള്ളപ്പോള്‍ പാര്‍ട്ടി പിളരുന്തോറും വളരുമെന്നും വളരുന്തോറും പിളരുമെന്നൊക്കെ സിദ്ധാന്തമൊക്കെ ഇറക്കിയിരുന്നു. പക്ഷേ അപ്പനല്ലല്ലോ മകന്‍. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജോസും പാര്‍ട്ടിയും ഒരു കാര്യം തിരിച്ചറിഞ്ഞു. സ്വന്തം ബൂത്തിലും പാലായിലും എന്തിനേറെ പറയുന്നു കോട്ടയത്തു പോലും പാര്‍ട്ടിക്ക് ഇപ്പോള്‍ മേല്‍വിലാസമില്ലാതായിരിക്കുന്നു. ഇനി രണ്ടിലയുടെ വാട്ടം മാറ്റാന്‍ പുഴിക്കടകനായി യു.ഡി.എഫിലേക്ക് ചാടിയാലോ എന്ന് പാര്‍ട്ടിക്കാര്‍ അടക്കം പറഞ്ഞ് തുടങ്ങി. ജോസിനും അത്തരമൊരു മോഹം പൂവിട്ടതായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ഏക മന്ത്രിയെ പിണറായിയും സി.പി.എമ്മും ചാക്കിട്ടതോടെ താനില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചു.
പാര്‍ട്ടിയും ജോസും പെട്ടു. പാര്‍ട്ടി ജനാധിപത്യവും കര്‍ഷക പ്രേമവുമൊക്കെ വലിയ വായില്‍ പറയുന്ന മുന്‍നിര നേതാക്കളില്‍ ചിലര്‍ രാഷ്ട്രീയ നേരും നെറിയും കാണിക്കേണ്ട സുപ്രധാന ഘട്ടത്തില്‍ നിലപാടില്‍ വെള്ളം ചേര്‍ത്തു. സ്ഥാനമാനങ്ങളും ‘സ്ഥാവരജംഗമസ്വത്തു’ക്കളും കൈമോശം വരുമെന്ന് തോന്നിയാല്‍ ജനാധിപത്യ രാഷ്ട്രീയ മര്യാദയൊക്കെ ആര് നോക്കാന്‍? വിവിധ കേരള കോണ്‍ഗ്രസുകളില്‍ മുന്‍കാലങ്ങളിലുണ്ടായ പിളര്‍പ്പുകളെ പോലെയാകില്ല മാണി കോണ്‍ഗ്രസില്‍ ഇനിയുണ്ടാകുന്ന പിളര്‍പ്പിന്റെ അനന്തരഫലം. കെ.എം. മാണിയെന്ന രാഷ്ട്രീയ തന്ത്രശാലിയുടെ അഭാവത്തില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പ് കൂടി സംഭവിച്ചാല്‍ പിന്നെ പാര്‍ട്ടി ചിഹ്നം കാണണമെങ്കില്‍ തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെ മത്സരിക്കുന്നിടത്ത് പോകേണ്ടി വരും. ഇതോടെ രണ്ടില വെറും ഇലയായി മാറുമെന്ന ഘട്ടമായി. അല്ലെങ്കില്‍ തന്നെ ഉപ്പുവെച്ച കലം പോലെയുള്ള പാര്‍ട്ടി ഇനി ഒരു പിളര്‍പ്പുകൂടി താങ്ങില്ലെന്ന് കണ്ടറിഞ്ഞ ജോസും പാര്‍ട്ടിയും തല്‍ക്കാലം ഇടതില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. അപ്പോഴും പ്രശ്നം അവിടെ കിടക്കുകയാണ്.
ഇടതില്‍ തുടരുമ്പോഴും 3 തുടരുമ്പോഴും കണ്ണ് യു.ഡി.എഫില്‍ വെച്ചുകൊണ്ടാണ് ജോസ് കെ മാണി മുന്നോട്ടു പോകുന്നത്. ഇടതിനോട് ചോദിച്ചത് 13 സീറ്റാണ്. ഒന്നില്‍ പോലും ഗ്യാരന്റി ഇല്ല. പോരാത്തതിന് പാര്‍ട്ടി ചെയര്‍മാന് പാലയില്‍ വേരോട്ടമില്ല. കോട്ടയം ജില്ലയില്‍ ഒരിടത്തും ഇടതില്‍ നിന്നാല്‍ ജയിക്കുമെന്ന് ഒരു ഉറപ്പുമില്ല. ഇടുക്കിയിലും പത്തനംതിട്ടയിലും കാട്ടാന കരിമ്പിന്‍ തോട്ടത്തില്‍ മേഞ്ഞ പോലെയാണ് പാര്‍ട്ടിയുടെ അവസ്ഥ തദ്ദേശ തിരഞ്ഞെടുപ്പോടെ ഒരിടത്തും രണ്ടിലയില്ല. എന്തായാലും ജോസ് മോന്റെ ഇളക്കം കാരണം ഉറക്കം നഷ്ടമായ ഇടതും പിണറായിയും മാണി കോണ്‍ഗ്രസിനെ മുന്നണിയില്‍ അരക്കിട്ട് ഉറപ്പിക്കുന്നതിനായി പൂഴിക്കടകനുമായി ഇറങ്ങിയിരിക്കുകയാണിപ്പോള്‍. കോഴ മാണിയെന്നും നരകത്തില്‍ കെടാത്ത തീയും ചാവാത്ത പുഴുക്കളുമൊക്കെ കാത്തിരിക്കു മെന്നൊക്കെ വിളിച്ചു കൂവിയവരാണെന്ന കാര്യം തല്‍ക്കാലം മറക്കുകയാണ്.
കെ.എം. മാണിക്ക് സ്മാരകം പണിയാന്‍ തിരുവനന്തപുരത്ത് സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ വിജ്ഞാപനം അങ്ങ് ഇറക്കി. വരാനിരിക്കുന്ന തലമുറ കെ.എം മാണിസാര്‍ ആരായിരുന്നു എന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിന് ഒരു സ്മാരകം വേണ്ടത് തന്നെ. അത് സി.പി.എം കാലത്ത് തന്നെ ചെയ്യണം. കാരണം, അദ്ദേഹത്തെ അപമാനിക്കാനായി ഓവര്‍ടെം പണിയെടുത്ത നേതാ ക്കളാണ് നിലവിലെ ഭരണക്കാര്‍. 10 കൊല്ലമായി കൊടുക്കാത്ത സ്ഥലം ജോസൊന്ന് കണ്ണ് തിരുമ്മിയപ്പോള്‍ പൊന്തിവന്നുവെന്നത് സി.പി.എമ്മും ഇടത് മുന്നണിയും ഇപ്പോള്‍ എത്തി നില്‍ക്കുന്ന ഗതികേടിന്റെ ആഴം കൂടിയാണ് വെളിപ്പെടുത്തുന്നത്. എന്റെ വക കോഴമാണിക്ക് 500 എന്ന് സാമുഹിക മാധ്യമങ്ങളിലൂടെ പരിഹാസം ചൊരിയുകയും മാണിന്നുമൊക്കെ കാച്ചിയവര്‍ ഇനി മാണി സാറിന്റെ സ്മാരകം കാണുമ്പോള്‍ എങ്ങിനെ സഹിക്കുമോ എന്തോ?.