News

ഡോക്ടര്‍മാരുടെ സമരം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ.പി.കളില്‍ ആളില്ല, നിരാശയോടെ മടങ്ങി രോഗികള്‍

By vismaya

February 27, 2026

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് കോഴിക്കോടില്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്നതിനിടെ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. വ്യാഴാഴ്ച സാധാരണയായി നാലായിരത്തിലധികം രോഗികള്‍ എത്താറുള്ള ദിവസമായിട്ടും ഇത്തവണ ഒ.പി.കളിലെത്തിയത് 1180 പേരുമാത്രം.

സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രധാന ഒ.പി.കളായ ന്യൂറോസര്‍ജറി, നെഫ്രോളജി, യൂറോളജി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദിവസമായിട്ടുപോലും രോഗികളുടെ സാന്നിധ്യം വളരെ കുറവായിരുന്നു. ഒ.പി.കളിലെത്തിയവരില്‍ ഭൂരിഭാഗവും മറ്റ് ആശുപത്രികളില്‍നിന്ന് റഫര്‍ചെയ്ത് വന്നവരും, മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ക്കായി അഡ്മിറ്റാകാന്‍ എത്തിയവരുമായിരുന്നു.

രോഗികളെ പി.ജി. ഡോക്ടര്‍മാരാണ് പരിശോധിച്ചത്. ശസ്ത്രക്രിയ എപ്പോഴാകുമെന്ന ചോദ്യത്തിന് സമരം അവസാനിച്ചശേഷമേ വ്യക്തമായ മറുപടി നല്‍കാനാകൂവെന്ന നിലപാടാണ് പി.ജി. ഡോക്ടര്‍മാര്‍ സ്വീകരിക്കുന്നതെന്ന് രോഗികള്‍ പറഞ്ഞു. ഇതോടെ കടുത്ത നിരാശയോടെയാണ് പലരും ആശുപത്രി വിട്ടത്.

സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ സാമ്പത്തികമായി കഴിയാത്തവരാണ് അധികം രോഗികളും. ലക്ഷക്കണക്കിന് രൂപ ചെലവുവരുന്ന ശസ്ത്രക്രിയകള്‍ മെഡിക്കല്‍ കോളേജില്‍ ആരോഗ്യസുരക്ഷ പദ്ധതിപ്രകാരം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ എത്തുന്നത്.

അതേസമയം, കെ.ജി.എം.സി.ടി.എ.യുടെ നേതൃത്വത്തില്‍ നടക്കുന്ന ഡോക്ടര്‍മാരുടെ സമരം തുടരുകയാണ്. വ്യാഴാഴ്ച തിരുവനന്തപുരത്ത് മന്ത്രിതല ചര്‍ച്ച നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, ആരോഗ്യമന്ത്രി ആശുപത്രിയിലായതിനാല്‍ ചര്‍ച്ച നടന്നില്ല.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണയില്‍ കെ.ജി.എം.സി.ടി.എ. യൂണിറ്റ് പ്രസിഡന്റ് ഡോ. പി.ടി. അബ്ദുള്‍ ബാസിത്, സെക്രട്ടറി ഡോ. ടോം വിത്സണ്‍, ഡോ. മായാ സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.