X

തുല്യതയില്ലാത്ത ക്രൂരത: ഇ.ടി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ പ്രസിഡണ്ടുമായിരുന്ന ഇ.അഹമ്മദ് എം.പിയുടെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറും റാംമനോഹര്‍ ലോഹ്യ ആശുപത്രി അധികൃതരും ഗൂഢാലോചന നടത്തിയ കാര്യം രാജ്യത്തിനകത്തും പുറത്തും ചര്‍ച്ചചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വിഷയം പാര്‍ലമെന്ററി സമിതിയെ നിയോഗിച്ച്് അന്വേഷിപ്പിക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചാ വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”വേദനിക്കുന്ന മനസ്സോടും കനം തൂങ്ങുന്ന ഹൃദയത്തോടും കൂടിയാണ് ഞാനീ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. രാഷ്ട്രപതി പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ സംസാരിച്ചു കൊണ്ടിരിക്കെ, ഏതാണ്ട് 11.40ന് എന്റെ നേതാവ് കുഴഞ്ഞുവീഴുകയും അദ്ദേഹത്തെ ആര്‍.എം.എല്‍ ആസ്പത്രിയില്‍ കൊണ്ടുപോവുകയും ചെയ്തു. സഭയിലെ തലമുതിര്‍ന്ന നേതാവും 25 വര്‍ഷം അംഗവുമായിരുന്ന വ്യക്തിയും അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച പ്രഗത്ഭ നേതാവുമായിരുന്നു അദ്ദേഹം. ആസ്പത്രിയിലെത്തി ഉടനെത്തന്നെ അദ്ദേഹം മരണപ്പെട്ടിരുന്നു. എനിക്കതില്‍ യാതൊരു സംശയവുമില്ല. അവിടെ നടന്ന മുഴുവന്‍ കാര്യങ്ങള്‍ക്കും ഞാന്‍ ദൃക്‌സാക്ഷിയായിരുന്നു. അദ്ദേഹത്തിന് മരണം സംഭവിച്ച ഉടനെത്തന്നെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക ദൂതന്‍ ആര്‍എംഎല്‍ ആസ്പത്രിയിലെത്തി. കൂടെയുണ്ടായിരുന്ന എല്ലാവരേയും പുറത്താക്കി ഡോക്ടര്‍മാരുമായി രഹസ്യ സംഭാഷണം നടത്തി. അദ്ദേഹം പുറത്ത് പോയതോട് കൂടി മരണവിവരം തൊട്ടടുത്ത ദിവസം ബജറ്റ് അവതരിപ്പിച്ച ശേഷം മാത്രം പുറത്തുവിട്ടാല്‍ മതിയെന്ന ധാരണ വ്യക്തമായി. ഇത് ഗവണ്‍മെന്റും ആര്‍.എം.എല്‍ അധികൃതരും തമ്മിലുണ്ടാക്കിയ ഗൂഢാലോചനയുടെ ഫലമാണെന്നതില്‍ തര്‍ക്കിക്കേണ്ട കാര്യമില്ല. ഞാനിത് വെറുതെ പറയുന്നതല്ല. ഇതൊരു സത്യം മാത്രമാണ്. അദ്ദേഹത്തെ മെഡിക്കല്‍ ഐ.സി.യുവില്‍ നിന്ന് ട്രോമ ഐ.സി.യുവിലേക്ക് മാറ്റിയത് അത്ഭുതകരവും നാടകീയവുമായിരുന്നു-ഇ.ടി പ്രസംഗം തുടരവെ ബി.ജെ.പി അംഗങ്ങള്‍ സംഘടിതമായി പ്രസംഗം തടസ്സപ്പെടുത്തി. ഉടന്‍ തന്നെ ഇ.ടിയും മറ്റ് പ്രതിപക്ഷ അംഗങ്ങളും സ്പീക്കറുടെ അരികിലേക്കോടിയെത്തി. പ്രസഗം പൂര്‍ത്തീകരിക്കാന്‍ അവസരം നല്‍കുമെന്ന് സ്പീക്കര്‍ പറഞ്ഞതോടെയാണ് ഇ.ടിയും പ്രതിപക്ഷവും സീറ്റിലേക്ക് തിരികെ പോയത്.
ബഹളത്തിന ശേഷം സ്പീക്കര്‍ വീണ്ടും ഇ.ടിക്ക് അവസര നല്‍കി. അദ്ദേഹം തുടര്‍ന്നു-ഏതാണ്ട് 15 മണിക്കൂറോളം അഹമ്മദിന്റെ ശരീരം ഐ.സി.യുവില്‍ തന്നെ കിടക്കുകയായിരുന്നു. ഈ സമയമൊന്നും അദ്ദേഹത്തിന്റെ മക്കളെ അകത്ത് കയറി കാണാന്‍ സമ്മതിച്ചില്ല. ഞാനിത് പറയുന്നത് ആരെയും വിമര്‍ശിക്കാനല്ല. മറ്റൊരാള്‍ക്കും ഈ ഗതി വരരുത്. അതിനാല്‍ സംഭവത്തില്‍ പാര്‍ലമെന്ററി അന്വേഷണം നിര്‍ബന്ധമാണ്-ഇ.ടി വ്യക്തമാക്കി.

chandrika: