News
ആഗോള അയ്യപ്പസംഗമത്തില്‍ സാമ്പത്തിക തട്ടിപ്പ്: നന്ദഗോവിന്ദം ഭജന്‍സിന് 8 ലക്ഷം രൂപയുടെ ബില്‍; ദേവസ്വം ബോര്‍ഡിനെതിരെ ഗുരുതര ആരോപണം
നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ ബില്‍ തയ്യാറാക്കിയതടക്കമുള്ള ക്രമക്കേടുകള്‍ക്കുറിച്ച് ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്ന് ദേവസ്വം ബെഞ്ചിലെ ജസ്റ്റിസ് രാജാ വിജയരാഘവനും ജസ്റ്റിസ് വി. ജയകുമാറും നിര്‍ദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 27-നകം വിശദീകരണം സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്.
പത്തനംതിട്ട: കഴിഞ്ഞ സെപ്റ്റംബര്‍ 20-ന് പമ്പയില്‍ നടന്ന ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക കണക്കുകളില്‍ ഗുരുതര ക്രമക്കേട് നടന്നെന്ന സംശയം ശക്തമാകുന്നു. നന്ദഗോവിന്ദം ഭജന്‍സ് എന്ന സംഘത്തിന്റെ പേരില്‍ 8 ലക്ഷം രൂപ ചെലവഴിച്ചതായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കാണിച്ചിരിക്കുന്നു. എന്നാല്‍, സംഗമത്തില്‍ ആ സംഘത്തെ ക്ഷണിച്ചിട്ടില്ലെന്നും അവര്‍ പരിപാടി അവതരിപ്പിച്ചിട്ടില്ലെന്നും നന്ദഗോവിന്ദം ഭജന്‍സ് പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഗമദിനമായ സെപ്റ്റംബര്‍ 20-ന് രാവിലെ 8.30-ന് നടന്ന ഭക്തിഗാനസദസ് അവതരിപ്പിച്ചത് ഗായകന് ഇഷാന് ദേവ് ന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. മുഖ്യമന്ത്രിയുടെ ഉദ്ഘാടനച്ചടങ്ങിന് ഏകദേശം ഒരു മണിക്കൂര്‍ മുമ്പ് ഈ പരിപാടി അവസാനിച്ചിരുന്നു.
ആദ്യഘട്ടത്തില്‍ കലാപരിപാടികള്‍ക്ക് 2 ലക്ഷം രൂപ ബജറ്റ് നിശ്ചയിച്ചിരുന്നതായി രേഖകളില്‍ വ്യക്തമാക്കുന്നു. എന്നാല്‍, പിന്നീട് നന്ദഗോവിന്ദം ഭജന്‍സിന് 8 ലക്ഷം രൂപ നല്‍കിയതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്നത് സംശയങ്ങള്‍ക്ക് ഇടയാക്കുന്നു. പമ്പയിലോ സന്നിധാനത്തിലോ ഇതുവരെ പരിപാടികള്‍ അവതരിപ്പിച്ചിട്ടില്ലെന്നാണ് നന്ദഗോവിന്ദം ഭജന്‍സ് പ്രവര്‍ത്തകര്‍ പറയുന്നത്.
ഇഷാന് ദേവിന്റെ സംഘത്തിന് എത്ര തുക നല്‍കിയെന്ന വിവരവും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. കൂടാതെ, വൈകിട്ട് 4.30-ഓടെ നടന്ന അയ്യപ്പഭക്തിഗാനമേളയില്‍ വിജയ് യേശുദാസ്, വീരമണി രാജു, സുദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. ഇവര്‍ സൗജന്യമായി പരിപാടി അവതരിപ്പിച്ചതായാണ് ദേവസ്വവുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം. എന്നാല്‍ ഈ പരിപാടിയുമായി ബന്ധപ്പെട്ട ചെലവുകളുടെ കണക്കുകളും വ്യക്തമാക്കിയിട്ടില്ല.
ഓഡിറ്റ് റിപ്പോര്‍ട്ടും ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടും നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ ബില്‍ തയ്യാറാക്കിയതടക്കമുള്ള ക്രമക്കേടുകള്‍ക്കുറിച്ച് ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്ന് ദേവസ്വം ബെഞ്ചിലെ ജസ്റ്റിസ് രാജാ വിജയരാഘവനും ജസ്റ്റിസ് വി. ജയകുമാറും നിര്‍ദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 27-നകം വിശദീകരണം സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്.
ദേവസ്വം ബോര്‍ഡ് സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ചാണ് ഓഡിറ്റിംഗ് നടത്തിയിരിക്കുന്നത്. നന്ദഗോവിന്ദം ഭജന്‍സിന്റെ പേരിലുള്ള ബില്‍ ദേവസ്വം ബോര്‍ഡില്‍ നിന്നാണ് ഓഡിറ്റ് ഏജന്‍സിക്ക് ലഭിച്ചതെങ്കില്‍ മാത്രമേ അത് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുകയുള്ളൂവെന്നതും ശ്രദ്ധേയമാണ്.
സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കെ, ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് വീണ്ടും ചോദ്യചിഹ്നം ഉയര്‍ന്നിരിക്കുകയാണ്.
News
ബംഗ്ലാദേശില്‍ ബിഎന്‍പി ഭരണം; താരിഖ് റഹ്മാന് പ്രധാനമന്ത്രിയാകും
ബംഗ്ലാദേശിൽ ബിഎൻപി അധികാരത്തിലേക്ക്. പാര്‍ട്ടി ചെയര്മാന് താരിഖ് റഹ്മാന് രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകും.
ഡാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) അധികാരത്തിലേക്ക്. 300 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിനാവശ്യമായ 151 സീറ്റുകള്‍ ബിഎന്‍പി മറികടന്നതായി ഔദ്യോഗിക ഫലങ്ങള്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടി ചെയര്മാന് താരിഖ് റഹ്മാന് രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകും.
മുഖ്യ എതിരാളിയായ ജമാഅത്തെ ഇസ്ലാമി 43 സീറ്റുകള്‍ നേടി. മൊത്തം 60.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ കാലാവധി പരമാവധി രണ്ട് കാലാവധിയായി (പത്ത് വര്‍ഷം) നിജപ്പെടുത്തുന്നതടക്കമുള്ള നിര്‍ദേശങ്ങളടങ്ങിയ ‘ജൂലൈ ചാര്‍ട്ടര്‍’ ഹിതപരിശോധനയ്ക്ക് 72 ശതമാനത്തിലധികം വോട്ടര്‍മാര്‍ പിന്തുണ നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മുന്‍ പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയ്ക്ക് തിരഞ്ഞെടുപ്പില്‍ വിലക്കുണ്ടായിരുന്നതിനാല്‍ പാര്‍ട്ടി മത്സരരംഗത്തില്ലായിരുന്നു. ഇത് രാജ്യത്ത് പുതിയ രാഷ്ട്രീയ ക്രമത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.
ബിഎന്‍പിയും ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള പതിനൊന്ന് പാര്‍ട്ടികളുടെ സഖ്യവും തമ്മിലായിരുന്നു പ്രധാന പോരാട്ടം. താരിഖ് റഹ്മാന് മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. പതിനെട്ട് മാസം നീണ്ട മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനുശേഷം ബംഗ്ലാദേശ് വീണ്ടും ജനാധിപത്യ ഭരണത്തിലേക്ക് മടങ്ങുകയാണ്.
News
തിരുവല്ല സ്പാ കൂട്ടബലാത്സംഗക്കേസ്; ഏഴാം പ്രതി അറസ്റ്റില്‍
ചങ്ങനാശേരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
പത്തനംതിട്ട: തിരുവല്ലയിലെ സ്പായില്‍ നടന്ന കൂട്ടബലാത്സംഗക്കേസില്‍ ഏഴാം പ്രതിയായ മഞ്ഞാടി സ്വദേശി ഷിന്റോ പി. സണ്ണി (22)യെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതോടെയാണ് കേസില്‍ ഏഴാമത് ഒരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്.
ഗുണ്ടാപിരിവ് നല്‍കാത്തതിനുള്ള വൈരാഗ്യത്തിലാണ് സ്പാ ജീവനക്കാരിയെ പീഡനത്തിന് ഇരയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. കാപ്പാ പ്രതിയായ മരണ സുബിനും സംഘവും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നും, എതിര് ബിസിനസ് ഗ്രൂപ്പിന്റെ ക്വട്ടേഷനാണ് ഇതിന് പിന്നിലെന്നാരോപണവും ഉയര്‍ന്നിട്ടുണ്ട്.
ബലാത്സംഗത്തിന് സ്പായിലെ സഹപ്രവര്‍ത്തകയുടെ ഒത്താശ ഉണ്ടായിരുന്നുവെന്ന അതിജീവിതയുടെ വെളിപ്പെടുത്തലും പൊലീസ് ഗൗരവത്തോടെ പരിശോധിക്കുകയാണ്. സഹപ്രവര്‍ത്തകയും അവരുടെ ആണ്‍സുഹൃത്തും കേസില്‍ പ്രതികളായി ചേര്‍ക്കപ്പെടാന്‍ സാധ്യതയുണ്ട്.
ഇതിനുപുറമെ, സ്പാകളില്‍ നിന്നുള്ള മാസപ്പടി പിരിവും ഗുണ്ടാ ബന്ധവും സംബന്ധിച്ച് തിരുവല്ല സ്റ്റേഷനിലെ ചില പൊലീസുകാര്‍ക്കെതിരായ ആക്ഷേപങ്ങളെ തുടര്‍ന്ന് വകുപ്പുതല അന്വേഷണവും പുരോഗമിക്കുകയാണ്.
News
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: സന്നിധാനത്ത് എസ്ഐടി പരിശോധന രണ്ടാം ദിനത്തില്‍
എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. കുംഭമാസ പൂജയ്ക്കായി നട തുറന്നതിന് പിന്നാലെയാണ് സ്വർണ പാളികളിൽ നിന്നുള്ള സാമ്പിൾ രേഖരിക്കൽ ആരംഭിച്ചത്.
സന്നിധാനം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനകൾ രണ്ടാം ദിവസത്തിലേക്ക് കടന്നു. എസ്എപി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. കുംഭമാസ പൂജയ്ക്കായി നട തുറന്നതിന് പിന്നാലെയാണ് ശ്രീകോവിലിലെ സ്വർണപാളികളിൽ നിന്നുള്ള സാമ്പിൾ ശേഖരണ നടപടികൾ ആരംഭിച്ചത്.
ഇന്നലെ ശ്രീകോവിലിന്റെ പിൻഭാഗത്തെ തൂണുകളിലെ സ്വർണപാളികൾ ആദ്യം ഇളക്കിയെടുത്തു. തുടർന്ന് ദ്വാരപാലക ശില്പങ്ങളിലെ പാളികളിലും പരിശോധന നടത്തി. അവശേഷിക്കുന്ന ഭാഗങ്ങളിൽ നിന്ന് ഇന്ന് സാമ്പിൾ ശേഖരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ലീഗൽ മെട്രോളജി വകുപ്പിന്റെ ഗോൾഡ് അസസ്മെന്റ് വിഭാഗവും എസ്ഐടിയോടൊപ്പം പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. നഷ്ടപ്പെട്ട സ്വർണത്തിന്റെ കൃത്യമായ അളവും കാലപ്പഴക്കവും സംബന്ധിച്ച് വ്യക്തത വരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച ശേഷം കുറ്റപത്രം സമർപ്പിക്കുമെന്നാണ് എസ്ഐടി അറിയിച്ചിരിക്കുന്നത്.
അതേസമയം, കേസിൽ തന്നെ പ്രതി ചേർത്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹർജി സമർപ്പിച്ചത്. മതിയായ കാരണങ്ങളില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും, സ്ഥാപനത്തിൽ നിന്നു കണ്ടെത്തിയ 109.234 ഗ്രാം സ്വർണം സ്വമേധയാ കൈമാറിയതാണെന്നും, അറസ്റ്റിന് മുൻപ് ആറുതവണ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ കേസിലെ പ്രധാന പ്രതിയായ പങ്കജ് ഭണ്ഡാരിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് എസ്ഐടിയുടെ നിലപാട്. കേസിൽ നിർണായക മുന്നേറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു.
-
kerala21 hours agoസിപിഎമ്മിനകത്ത് ഒരുപാട് നയവ്യതിയാനം സംഭവിക്കുന്നുണ്ട്: എ. സുരേഷ്
-
india22 hours ago‘മോദി ജി ഇനി എങ്കിലും കേള്‍ക്കുമോ?’: ദേശീയ പണിമുടക്കിന് പൂര്‍ണ്ണ പിന്തുണയുമായി രാഹുല്‍ ഗാന്ധി
-
india20 hours agoസി.ജെ റോയിയുടെ മരണം: ഐടി ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് എസ്ഐടി
-
india21 hours agoപശ്ചിമബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യും: വിദ്വേഷ പരാമര്‍ശവുമായി സുവേന്ദു അധികാരി
-
News20 hours agoകൊല്ലപ്പെട്ട ഫലസ്തീനികളുടെ അവയവങ്ങള്‍ അടിച്ചുമാറ്റാന്‍ നെതന്യാഹു അനുമതി തേടി; സോഷ്യല്‍ മീഡിയ പോസ്റ്റ്
-
kerala19 hours agoഎന്തിനാണ് പച്ചക്കള്ളങ്ങള്‍ പറയുന്നത്? സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞത്, സംഭവിച്ചത് കുടുംബത്തില്‍ ഉണ്ടാകുന്ന പോലെയുള്ള കാര്യങ്ങള്‍: വി.ഡി സതീശന്
-
kerala19 hours agoവാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് ഞാൻ തന്നെ; മോഹൻലാൽ സ്വർണം നൽകാമെന്നു പറഞ്ഞു, പലരും പങ്കാളികളായി: സുരേഷ് ഗോപി
-
india18 hours agoഎം.എസ്.എഫ് അലിഗഡ് തിങ്ക് ഫെസ്റ്റിന് പ്രൗഢ സമാപനം
