X

പ്രയാസമൊഴിയാതെ മത്സ്യവിതരണ തൊഴിലാളികള്‍

സാഹിര്‍ പാലക്കല്‍

കേരളത്തിലെ പൊതുമാര്‍ക്കറ്റ് കേന്ദ്രീകരിച്ചും തലച്ചുമടായും റിക്ഷാ വാഹനങ്ങളിലും ഷോപ്പുകള്‍ കേന്ദ്രീകരിച്ചും മത്സ്യം വിതരണം ചെയ്തും സംസ്‌കരിച്ചും ഉപജീവനം തേടുന്ന തൊഴിലാളികള്‍ മത്സ്യവിതരണ അനുബന്ധ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. എല്ലാ തൊഴിലാളി വിഭാഗത്തിനും അവരുടെ കാര്യങ്ങള്‍ അവതരിപ്പിക്കാനും ആനുകൂല്യങ്ങളില്‍ ഏകീകരണം നേടാനും കേരളത്തില്‍ ക്ഷേമ ബോര്‍ഡുകളുണ്ട്. എന്നാല്‍ കേരളത്തിലെ പതിനാല് ജില്ലകളിലും വ്യാപിച്ച് കിടക്കുന്ന മത്സ്യവിതരണ, അനുബന്ധ തൊഴിലാളികള്‍ക്ക് പ്രത്യേക ക്ഷേമനിധി ബോര്‍ഡ് ഇല്ല. മത്സ്യബന്ധന തൊഴിലാളികളുടെ ക്ഷേമ ബോര്‍ഡായ മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അനുബന്ധ തൊഴിലാളിയായി ചേര്‍ത്താണ് നിലവിലെ ക്ഷേമ നടപടികള്‍. ഈ സാഹചര്യത്തില്‍ കേരളത്തിലെ മത്സ്യ വിതരണ അനുബന്ധ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ക്കും കാര്യമായ ആനുകൂല്യങ്ങള്‍ ലഭിക്കാറില്ല. കാലാവര്‍ഷക്കെടുതിയുള്‍പ്പെടെ ദുരന്ത സാഹചര്യങ്ങളിലും ഏറെ പ്രയാസം അനുഭവിക്കുന്നത് ഈ വിഭാഗം തൊഴിലാളികളാണ്. മത്സ്യകമ്മീഷന്‍ ഏജന്റുമാരില്‍നിന്നും മൊത്തക്കച്ചവടക്കാരില്‍നിന്നും തൂക്ക വിഷയത്തിലും മത്സ്യത്തില്‍ മായം കലര്‍ത്തുന്നുവെന്ന പേരിലും ഈ വിഭാഗം തൊഴിലാളികള്‍ ഏറെ പ്രയാസമനുഭവിക്കുകയാണ്.

കേരള സ്റ്റേറ്റ് സ്വതന്ത്ര മത്സ്യ വിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) കാര്യപ്രസക്തമായ ആവശ്യങ്ങള്‍ നിവേദനമായി നല്‍കിയിട്ടും ഈ മേഖലയിലുള്ളവരെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. മത്സ്യത്തില്‍ മായം കലര്‍ത്തുന്നു എന്ന പേരില്‍ ചെറുകിട മത്സ്യവിതരണ തൊഴിലാളികളെ ദ്രോഹിക്കുന്ന സാഹചര്യമുണ്ട്. എന്നാല്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന നടത്തുന്ന നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. ഈ വിഭാഗം തൊഴിലാളികളുടെ മക്കള്‍ക്കും മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കണം. സബ്‌സിഡിയോടെ ഭവന നിര്‍മാണ പദ്ധതി, നിലവില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ക്ഷേമ ബോര്‍ഡ് മുഖേനയോ കോര്‍പറേഷന്‍/മുനിസിപ്പല്‍/പഞ്ചായത്ത് മുഖേനയോ ലൈസന്‍സ് നല്‍കി അനധികൃത കച്ചവടം നിര്‍ത്തല്‍ ചെയ്ത് തൊഴില്‍ സുരക്ഷ ഉറപ്പാക്കുക, ക്ഷേമ ബോര്‍ഡില്‍ ചേരാന്‍ നിബന്ധനകള്‍ ലഘൂകരിക്കുക, എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും നല്‍കുന്നത്‌പോലെ റിട്ടയര്‍മെന്റ് ആനുകൂല്യം നല്‍കുക, ക്ഷേമനിധി പെന്‍ഷനോടോപ്പം വാര്‍ധക്യകാല പെന്‍ഷനും അനുവദിക്കുക, നിര്‍ത്തിവെച്ച ‘തണല്‍’ പദ്ധതി പുനസ്ഥാപിക്കുക, ക്ഷേമാനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക, കേരളത്തിലെ ഹാര്‍ബറുകളില്‍ ഭൂരിഭാഗം ഹാര്‍ബറുകളിലും ചെറുകിട മത്സ്യവിതരണ തൊഴിലാളികള്‍ക്ക് ആവശ്യമായ പാര്‍ക്കിംഗ് സൗകര്യങ്ങളൊരുക്കുക എന്നിവയാണ് ഫെഡറേഷന്റെ ആവശ്യം.

(കേരള സ്റ്റേറ്റ് സ്വതന്ത്ര മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍-എസ്ടിയു- സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍).

web desk 3: