വാഷിങ്ടണ്‍: ഓമനിച്ചു വളര്‍ത്തിയ റോസാച്ചെടിയില്‍ നിന്ന് മുള്ളുകൊണ്ട യുവതിക്കു നഷ്ടമായത് ശരീരത്തിന്റെ പകുതി ഭാഗം. അമേരിക്കയിലെ കണക്ടീകട്ടിലാണ് ലോകത്തെ നടുക്കിയ സംഭവം. 43കാരിയായ ജൂലി ബ്രോഡിനാണ് ഈ ദുരവസ്ഥയുണ്ടായത്.

സ്വന്തം പൂന്തോട്ടത്തില്‍ വെച്ചാണ് ജൂലിക്കു ഇടുപ്പില്‍ റോസാച്ചെടിയുടെ മുള്ളു കൊണ്ട് ചെറിയ മുറിവുണ്ടായത്. ഇതു സാരമാക്കാതെ നടന്ന ജൂലി ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുഴഞ്ഞുവീണ് കോമയിലായപ്പോഴാണ്
സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ജൂലിയുടെ രോഗാവസ്ഥ തിരിച്ചറിഞ്ഞത്.

മാംസം കാര്‍ന്നു തിന്നുന്ന തരത്തില്‍ ബാക്ടീരിയയാണ് ജൂലിയുടെ ശരീരത്തിനെ ബാധിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. nectotising fascitis (NF) ബാക്ടീരിയയാണ് ജൂലിയുടെ ശരീരത്തെ കാര്‍ന്നു തിന്നത്. ഏഴോളം ശസ്ത്രക്രിയക്കൊടുവില്‍ ശരീരത്തില്‍ നിന്ന് മൃതകോശങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു.

ജൂലിയുടെ ഇടുപ്പിനു താഴെ ഒന്നാകെ ബാക്ടീരിയ കാര്‍ന്നു തിന്ന അവസ്ഥയിലായിരുന്നു. ഇത്തരം ബാക്ടീരിയ ശരീരത്തിലെത്തിയാല്‍ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ജൂലിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. ജൂലി ജീവിതത്തിലേക്ക് മടങ്ങി വന്നത് ഏറെ അത്ഭുതകരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.