News

ഗസ്സ: ഇസ്രാഈലിന്റെ ലക്ഷ്യമെന്ത്

By Lubna Sherin K P

January 24, 2026

ഗസ്സ: ഗസ്സയില്‍ 70,000ല്‍ അധികം പേരെ കൊന്നൊടുക്കിയ വംശഹത്യക്ക് നേത്യത്വം നല്‍കിയ ഇസ്രാഈല്‍ ഗസ്സയുടെ പുനര്‍നിര്‍മാണത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ബോര്‍ഡ് ഓഫ് പീസില്‍ ചേര്‍ന്നതോടെ ഇസ്രാഈലിന്റെ ഗസ്സ ലക്ഷ്യം എന്തെന്ന ചോദ്യം വീണ്ടും ഉയരുന്നു. ഗസ്സയിലെ പശ്ചാതല സൗകര്യങ്ങളില്‍ 90 ശതമാനത്തില്‍ അധികവും ഇസ്രാഈല്‍ തകര്‍ത്ത് തരിപ്പണമാക്കിയതിനാല്‍ അതി ശൈത്യത്തിലും ടെന്റുകളില്‍ കഴിച്ചു കൂട്ടുകയാണ് ഗസ്സക്കാര്‍. മരുന്ന്, ഭക്ഷണം, അഭയം എന്നിവ ഇപ്പോഴും ഗസ്സക്കാര്‍ക്ക് കിട്ടാക്കനിയാണ്.

ഗസ്സയില്‍ വംശഹത്യക്ക് നേതൃത്വം നല്‍കിയതിനെ തുടര്‍ന്ന് രാജ്യാന്തര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിന്റെ ഗസ്സ പുനര്‍ നിര്‍മാണത്തിനും ഭരണത്തിനുമായുള്ള ബോര്‍ഡ് ഓഫ് പീസില്‍ ചേരുമ്പോള്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഫ ലസ്തീന്‍ ഭൂമിയില്‍ ഇസ്രാഈലിനും നെതന്യാഹുവിനും എന്താണ് ലക്ഷ്യമെന്നതാണ് ഇതില്‍ പ്രധാനം. ഗസ്സ പുനര്‍ നിര്‍മിക്കുകയാണോ അതോ നിലവിലെ സ്ഥിതി തുടരാന്‍ നിര്‍ബന്ധിക്കുകയാണോ നെതന്യാഹുവിന്റെ ലക്ഷ്യം? ഇസ്രാഈലില്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കൊപ്പം നിന്നുവെന്ന് ലോകത്തെ കാണിക്കാനുള്ള നെതന്യാഹുവിന്റെ തന്ത്രമായും ഇതിനെ നിരീക്ഷകര്‍ കാണുന്നുണ്ട്.

സഖ്യ കക്ഷി ഭരണമായതിനാല്‍ ധനമന്ത്രി ബെസലല്‍സ് മോട്രിച്ചിനെ പോലുള്ളവരെ സംതൃപ്തിപ്പെടുത്തല്‍ നെതന്യാഹുവിന് കടുപ്പമുള്ള ജോലിയാണ്. ഗസ്സയുടെ പുനര്‍ നിര്‍മാണത്തേയും വെടിനിര്‍ത്തലിനേയും എതിര്‍ക്കുന്ന ജൂത മത പാര്‍ട്ടിയുടെ നേതാവാണ് സ്‌മോട്രിച്ച്. ട്രംപിന്റെ പുതിയ തീരുമാനം ഇതുവരെ നെതന്യാഹുവിന് അനുകൂലമല്ല. മൂന്നു ഘട്ടമായി പ്രഖ്യാപിച്ച വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടം പരമാവധി വൈകിപ്പിക്കുക എന്ന നെതന്യാഹുവിന്റെ തന്ത്രം ട്രംപ് ത കര്‍ത്തു. ഇതിനു പുറമെ ഹമാസിനെ നിരായുധീകരിക്കണമെന്ന ആവശ്യവും നടപ്പിലായിട്ടില്ല റഫ അതിര്‍ത്തി തുറക്ക രുതെന്ന ആവശ്യവും അടുത്ത ആഴ്ചയോടെ അവസാനിക്കും.

തുര്‍ക്കിയെ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ബോര്‍ഡ് ഓഫ് പീസില്‍ ചേരുന്നതിനേയും നെതന്യാഹു എതിര്‍ത്തിരുന്നു. എന്നാല്‍ ഇതും അമേരിക്ക മറികടന്നു. ഗസ്സ വിഷയത്തില്‍ ഇസ്രാഈലിലും നെതന്യാഹു കടുത്ത എതിര്‍പ്പ് നേരിടുന്നുണ്ട്. യു.എസ് പ്രഖ്യാപനം ഇസ്രാഈലിന് നാശമെന്നാണ് സ്‌മോട്രിച്ച് പറയുന്നത്. അതേ സമയം ഹമാസിനെ നിരായുധീകരിക്കാനെന്ന പേരില്‍ ഗസ്സ അതിര്‍ത്തിക്ക് സമീപം ഇസ്രാഈല്‍ സേന ഇടിച്ചു നിരത്തല്‍ തുടരുകയാണ്. ഇവിടെ ഇസ്രാഈലിന്റെ ഒരു ബഫര്‍ സോണ്‍ നിര്‍മിക്കുകയാണ് ഇസ്രാഈല്‍ ലക്ഷ്യമിടുന്നത്. അതേ സമയം മിക്ക ഇസ്രാഈലി പൗരന്‍മാരും യുദ്ധത്തിലേക്ക് മടങ്ങിപ്പോകരുത് എന്ന ആവ ശ്യക്കാരാണ്. എന്നാല്‍ ഫലസ്തീന്‍ എന്ന രാജ്യം ഇസ്രാഈലുകാര്‍ ആരും അംഗീകരിക്കുന്നില്ല താനും.